കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങളുടെ കാറ്റാണ്. സിഫ്നിയോസ് കാറ്റുപോലെ പോയി. പൊടുന്നനെ പ്രത്യക്ഷപ്പെട്ടതു ഗോവയിൽ. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായ വിക്ടർ ഫൊർസാദ എന്ന പുൾഗ പ്രത്യക്ഷപ്പെട്ടതും കാറ്റുപോലെയാണ്. സ്പെയിൻകാരൻ പുൾഗ ബൊളീവിയയിൽനിന്നു പൊടുന്നനെ കൊച്ചിയിലെത്തി. കരാർ ഔദ്യോഗികമായി ക്ലബ് പ്രഖ്യാപിച്ചിട്ടില്ല. ബ്രസീലിൽനിന്നുള്ള സ്ട്രൈക്കർ നിൽമറാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണക്കുകൂട്ടലുകളിൽ തെളിയുന്ന മറ്റൊരു മുഖം.
പുൾഗ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. പുൾഗയും നിൽമറും വരുന്നെങ്കിൽ സിഫ്നിയോസിന്റെ കൊഴിഞ്ഞുപോക്ക് നല്ലൊരു കാര്യമാണെന്ന അഭിപ്രായമാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ളത്. സിഫ്നിക്കു പകരംവന്ന ബാൾഡ്‌വിൻസൻ സിഫ്നിയെക്കാൾ മികച്ച താരമാണെന്നു കാണികൾ വിലയിരുത്തുന്നു. ഡൽഹിക്കെതിരായ മൽസരത്തിലെ അദ്ദേഹത്തിന്റെ പ്രകടനംതന്നെ അതിന്റെ അടിസ്ഥാനം.
പുൾഗ മധ്യനിരയിൽ കരുത്തുറ്റ സാന്നിധ്യമാകുമെന്നാണു കണക്കുകൂട്ടൽ. പ്രതിരോധിക്കാനും ആക്രമിക്കാനും അറിയുന്ന മധ്യനിരക്കാരനാണ് അദ്ദേഹം. ശാരീരികമായി കരുത്തനുമാണ്. മധ്യനിരയിൽ വായുവിൽ ഉയർന്നുള്ള പോരിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിനു പന്തു നഷ്ടമാകുന്നത് നാലാം സീസനിൽ പതിവുകാഴ്ച ആയിരുന്നു. ചെറുപാസുകളുടെ കണ്ണി തീർക്കുമ്പോൾ ശാരീരികമായി ഇടിച്ചു കളിക്കുന്ന പല എതിരാളികൾക്കും മുൻപിൽ പെക്കുസൻ ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർമാർക്കു നഷ്ടക്കച്ചവടമേ ഉണ്ടായിട്ടുള്ളൂ. അത്തരം സാഹചര്യങ്ങളിൽ പുൾഗയുടെ സാന്നിധ്യം നിർണായകമാകും. ഹ്യൂമുമായി മികച്ച പരസ്പരധാരണ ആദ്യസീസനിൽ പുലർത്തിയിരുന്നു. ജിങ്കാനും വെസ് ബ്രൗണും ലാൽറുവാത്താരയും ഉൾപ്പെട്ട പ്രതിരോധവുമായി ഇണങ്ങാനും ബുദ്ധിമുട്ട് ഉണ്ടാവില്ല.
മുൻനിരയിൽ ബാൾഡ്‌വിൻസൻ വേഗവും കൃത്യതയും നീക്കങ്ങളിൽ ഭാവനാസമ്പത്തും പ്രകടിപ്പിക്കുന്നു. സിഫ്നിയോസിന് ഇല്ലാതെപോയ ഘടകങ്ങളാണിവ. എതിർ ബോക്സിൽ കൃത്യസ്ഥാനത്തുനിന്നു പന്തു കിട്ടിയാൽ മാത്രം വലയിലാക്കുന്ന ശൈലിയായിരുന്നു സിഫ്നിക്കെങ്കിൽ മധ്യനിരയിലേക്ക് ഇറങ്ങി പന്തെടുക്കാനും ആക്രമണം മെനയാനും ബാൾഡ്‌വിൻസൻ എന്ന ഐസ്‌ലൻഡ് താരത്തിനു കഴിയുന്നു. പ്രത്യാക്രമണങ്ങളിൽ മിടുക്കുകാട്ടുന്നുമുണ്ട്.
പിരിഞ്ഞതു തനിക്കും ബ്ലാസ്റ്റേഴ്സിനും ഗുണമായെന്നു സിഫ്നി ഗോവയിൽചെന്നു പറഞ്ഞതിനോടു ബ്ലാസ്റ്റേഴ്സ് ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചത് ഇങ്ങനെ: ‘‘പോയതു ബ്ലാസ്റ്റേഴ്സിനു നന്നായി എന്നതു ശരി. ഗോവയ്ക്കു പക്ഷേ, സിഫ്നി എത്തിയതോടെ കിട്ടിയതു തിരിച്ചടിയാണ്, മുംബൈയിൽനിന്ന്.’’
സാമൂഹിക മാധ്യമങ്ങളിൽ മറ്റൊരു തമാശകൂടി പ്രചരിക്കുന്നു: ‘‘ഡേവിഡ് ജയിംസ് പഴയ ബ്ലാസ്റ്റേഴ്സ് കളിക്കാരെയൊക്കെ വലവീശിപ്പിടിക്കുകയാണ്. അതുകൊണ്ടുതന്നെ ജംഷഡ്പൂർ ക്യാംപിൽ ബെൽഫോർട്ടിനെ മുറിയിലിട്ടു പൂട്ടിയ കൊപ്പലാശാൻ താക്കോൽ കീശയിൽ കൊണ്ടുനടക്കുകയാണ്. ഓൺലൈനായി കൊച്ചിക്കു ടിക്കറ്റ് ബുക്ക് ചെയ്യാൻ ബെൽഫോർട്ട് ശ്രമിച്ചതായി കണ്ടെത്തിയത്രേ.’’