Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു കളി കസറും

la-liga-captains ലാലിഗ കേരള സ്റ്റൈൽ... ലാലിഗ ഫുട്ബോൾ മത്സരത്തിനായി കൊച്ചിയിലുള്ള മൂന്ന് ടീമുകളുടെയും നായകന്മാർ മുണ്ടും, ഷാളുമിട്ട് എത്തിയപ്പോൾ. മെൽബൺ സിറ്റി എഫ്സിയുടെ ലുക്ക് ബ്രട്ടൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിങ്കാൻ, ജിറോണ എഫ്സിയുടെ അലക്സ് ഗ്രനാൽ എന്നിവരാണ് കേരളീയ വേഷത്തിലെത്തിയത്. ചിത്രം: ഇ.വി. ശ്രീകുമാർ

കൊച്ചി ∙ കേരളത്തിന്റെ മണ്ണിൽ ഇതുവരെ അരങ്ങേറിയതിൽ ഏറ്റവും മികച്ച ക്ലബ് ഫുട്ബോൾ പോരാട്ടം എന്ന വാഗ്ദാനവുമായി ജിറോണ എഫ്സിയും മെൽബൺ സിറ്റി എഫ്സിയും ഏറ്റുമുട്ടുന്നു. കലൂർ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ഏഴിനു കിക്കോഫ്. ഇന്നു ജയിക്കുന്നവർ ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റ് ജേതാക്കളാകും.

ആദ്യമൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ 6–0നു മുക്കിയതിന്റെ ആവേശത്തിലാണു മെൽബൺ സിറ്റി. പ്രീ സീസൺ ടൂർണമെന്റ് ആയതിനാൽ ഫിറ്റ്നസ് നിലവാരം കൈവരിക്കുന്നതിനാവും മുൻഗണനയെന്നു മൽസരത്തിനു മുൻപു പറഞ്ഞിരുന്നെങ്കിലും ഓസ്ട്രേലിയക്കാർ രണ്ടാംപകുതിയിലെ കൊടുംമഴയിലും തെന്നുന്ന പ്രതലത്തിലും ആഞ്ഞടിച്ചു വൻവിജയം നേടുകയായിരുന്നു. ഇന്നലെ കൊച്ചിയിൽ ഇറങ്ങിയ ജിറോണയുടെ കളിക്കാർ ഇതേക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെ: ‘‘ആദ്യ മൽസരത്തിലെ ഫലം ഞങ്ങൾക്കു പ്രശ്നമല്ല. എതിരാളികളെ ആദരിക്കുന്നു. പക്ഷേ ആവുന്നത്ര ഗോൾ നേടാൻ ശ്രമിക്കും.’’ ഈ വാക്കുകൾ യാഥാർഥ്യമായാൽ ഇന്നു കടുത്ത പോരാട്ടം ഉണ്ടാകും. രണ്ടു ടീമും മോശക്കാരല്ല. എന്നാൽ സ്പാനിഷ് ഫുട്ബോളിന്റെ സൗന്ദര്യവും മികവുമായെത്തുന്ന ജിറോണയ്ക്കുതന്നെയാണു മുൻതൂക്കം. 

കഴിഞ്ഞ സീസണിൽ ലാലിഗയിൽ അരങ്ങേറ്റംകുറിച്ച ജിറോണ റയൽ മഡ്രിഡിനെ അട്ടിമറിച്ചതിലൂടെ ഫുട്ബോൾ ലോകത്തു ശ്രദ്ധേയരായി. അന്നത്തെ ടീമിലെ ഒൻപതുപേർ കൊച്ചിയിൽ എത്തിയിട്ടുണ്ട്. ജിറോണ പുതിയ സീസണിനായി തയാറെടുപ്പുകൾ തുടങ്ങിയിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂ. പുതിയ കോച്ച്, പുതിയ കളിക്കാർ എന്നിങ്ങനെ ഒത്തിണങ്ങിവരുന്നു. എത്രത്തോളം ഒത്തിണക്കം ആയെന്ന് ഇന്നറിയാം. സിറ്റി ഗ്രൂപ്പിന്റെ ഭാഗമായ ജിറോണ അതേ മാനേജ്മെന്റിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലന സൗകര്യങ്ങൾ ഉപയോഗിച്ചായിരുന്നു ഒരുക്കങ്ങൾ തുടങ്ങിയത്. 

ഗോളടിക്കും; ബഹുമാനത്തോടെ ! 

ജിറോണ എഫ്സി മിഡ്ഫീൽഡർ അലക്സ് ഗാർഷ്യ (21) ‘മനോരമ’യോട്:

∙ കൂട്ടത്തിൽ ദുർബലമായ ടീമാണു കേരള ബ്ലാസ്റ്റേഴ്സ്. അവർക്കെതിരെ എത്ര ഗോളടിക്കാനാവും?

മെൽബൺ സിറ്റി നല്ല ടീമാണെന്ന് അറിയാം. മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിന്റെതന്നെ ടീം. അവരുടെ പല കളിക്കാരെയും അറിയാം. അവരുടെ ആദ്യജയത്തിൽ അദ്ഭുതമില്ല. ബ്ലാസ്റ്റേഴ്സിനെതിരായ കളി ഞങ്ങൾക്ക് ആസ്വദിക്കാനാവുമെന്നാണു പ്രതീക്ഷ. ചെറിയ ടീമാണെന്ന ചിന്തയൊന്നുമില്ല. അവരോട് ആദരംമാത്രം. പക്ഷേ ഗോളുകൾ അടിക്കും. അതും ആദരവോടെ. ഞങ്ങൾക്കെതിരായ കളി ബ്ലാസ്റ്റേഴ്സിന് ‘ബിഗ് ഗെയിം’ ആയിരിക്കും എന്നും അറിയാം.

∙ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദമാണെന്നു കേട്ടിട്ടുണ്ട്. അവരോട് എനിക്കു പറയാനുള്ളത്, നിങ്ങൾ കളി കാണാൻവരൂ. നല്ല ഗെയിം ഞങ്ങൾ തരാം. നിങ്ങളുടെ ആരവം കേൾക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്. കാത്തിരിക്കുന്നു.

∙ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നു കഴിഞ്ഞ ദിവസമാണല്ലോ ജിറോണയിൽ എത്തിയത്. എന്തുതോന്നുന്നു?

ടീമുമായി ഇണങ്ങാൻ വലിയ ബുദ്ധിമുട്ട് തോന്നുന്നില്ല. രണ്ടു മണിക്കൂർ സമയവ്യത്യാസമേയുള്ളൂ എന്നതിനാൽ പരിസ്ഥിതിയോട് ഇണങ്ങാനും ബുദ്ധിമുട്ടില്ല.

∙ വിയ്യാറയലിൽനിന്നു മാഞ്ചസ്റ്ററിലേക്കുള്ള മാറ്റം?

അതൊരു വലിയ ട്രാൻസ്ഫർതന്നെയായിരുന്നു. തുടക്കത്തിൽ ബുദ്ധിമുട്ടി. പിന്നീടു രസകരമായി.

related stories