കോട്ടയം∙ ആരാധക ബാഹുല്യം കൊണ്ടും അവരുടെ പിന്തുണ കൊണ്ടും ഏതെങ്കിലും ടീമുകൾ ഏതെങ്കിലും ടൂർണമെന്റ് ജയിച്ചിട്ടുണ്ടോ? സാധ്യതയില്ല. കളത്തിലെ പ്രകടനവും കളത്തിനു പുറത്തെ പിന്തുണയും കൃത്യമായ അളവിൽ സമ്മേളിക്കുമ്പോൾ ചില അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. അല്ലാതെ കളത്തിലെ മോശം പ്രകടനത്തിന് കളത്തിനു പുറത്തെ ആരാധകപിന്തുണയിലൂടെ പരിഹാരം ചെയ്യാനുള്ള നുറുങ്ങുവിദ്യയൊന്നും കാൽപ്പന്തിലെന്നല്ല, ഒരു കായികയിനത്തിലുമില്ലല്ലോ! ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാല് പതിപ്പിലും ചാംപ്യൻമാരുടെ പേരിന്റെ സ്ഥാനത്ത് മുഴുത്ത അക്ഷരങ്ങളിൽ തെളിഞ്ഞു കണ്ടേനെ, കേരളാ ബ്ലാസ്റ്റേഴ്സ് എന്ന്.
നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെയൊരു ഭാഗ്യം കേരളാ ബ്ലാസ്റ്റേഴ്സിന് കിട്ടിയിട്ടില്ല. ഇക്കുറിയും പതിവിനു മാറ്റമില്ല. പ്ലേ ഓഫിൽ പോലും കടക്കാതെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മടക്കം. ആരാധകരുടെ എണ്ണത്തിൽ രാജ്യാന്തര ലീഗുകളിലെ ടീമുകളോട് കിടപിടിക്കുന്ന ടീം, ഒരിക്കൽക്കൂടി പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പെട്ടി മടക്കുമ്പോൾ, കുറ്റം ആരുടേതാണ്?
സമനിലക്കളിയിൽ സമനില നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോളം സമനില വഴങ്ങിയ ടീമില്ല. തുടർച്ചയായ സമനിലകളിലൂടെ ‘സമനില’ നഷ്ടപ്പെട്ടാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മടക്കമെന്ന് അന്തിമ വിശകലനത്തിൽ മനസ്സിലാകും. ഈ സീസണിൽ അഞ്ച് തോൽവികളാണ് ബ്ലാസ്റ്റേഴ്സിന്റെ പേരിലുള്ളത്. 18 മൽസരങ്ങളിൽനിന്ന് 40 പോയിന്റുമായി ലീഗിൽ ബഹുദൂരം മുന്നിലുള്ള ബെംഗളൂരു എഫ്സിയുടെ പേരിൽ നാലു തോൽവികളുണ്ടെന്ന് ഓർക്കണം. ബ്ലാസ്റ്റേഴ്സിനേക്കാൾ ഒന്നു മാത്രം കുറവ്. എന്നാൽ പോയിന്റിന്റെ കാര്യത്തിലോ? ബ്ലാസ്റ്റേഴ്സിനേക്കാൾ 15 പോയിന്റ് മുന്നിലാണവർ.
രണ്ടാം സ്ഥാനത്തുള്ള എഫ്സി പുണെ സിറ്റിയുടെ പേരിൽ ആറു തോൽവികളുണ്ട്. ബ്ലാസ്റ്റേഴ്സിനേക്കാൾ ഒന്നു കൂടുതൽ. ഇപ്പോഴും 17 മൽസരങ്ങൾ മാത്രം പൂർത്തിയാക്കിയ അവർ 29 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. പോയിന്റ് പട്ടികയിൽ മുന്നിലുള്ള എഫ്സി ഗോവയും ആറു മൽസരങ്ങൾ തോറ്റ ടീമാണ്. ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ സ്റ്റീവ് കൊപ്പൽ നേതൃത്വം നൽകുന്ന ജംഷഡ്പുരും ബ്ലാസ്റ്റേഴ്സിനെപ്പോലെ അഞ്ചു മൽസരങ്ങൾ തോറ്റ ടീമാണ്. തുടർ സമനിലകളാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റിച്ചതെന്നതിന് ഇതിൽപ്പരം എന്തു തെളിവു വേണം?
ആകെ കളിച്ച 18 മൽസരങ്ങളിൽ ഏഴു മൽസരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അഞ്ചു വീതം സമനില വഴങ്ങിയ ചെന്നൈയിൻ എഫ്സിയും ജംഷഡ്പുർ എഫ്സിയും പിന്നിലുണ്ടെങ്കിലും രണ്ടു സമനില കൂടുതലുണ്ട് ബ്ലാസ്റ്റേഴ്സിന്. ഫലത്തിൽ, ചെറിയ പോയിന്റ് വ്യത്യാസത്തിൽ പ്ലേ ഓഫ് യോഗ്യത നേടാനാകാകെ ബ്ലാസ്റ്റേഴ്സ് മടങ്ങുമ്പോൾ, ഈ സമനിലകളാണ് ടീമിന്റെ നില തെറ്റിച്ചതെന്ന് വീണ്ടും വ്യക്തം.
ഏഴു സമനിലകൾ വഴങ്ങിയതിലൂടെ ബ്ലാസ്റ്റേഴ്സിന് ആകെ ലഭിച്ചത് ഏഴു പോയിന്റുകളാണ്. ഈ ഏഴു സമനിലകൾ വിജയത്തിലെത്താതെ പോയതിനാൽ ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത് 14 പോയിന്റുകളാണെന്നും പറയാം. ഏഴു സമനിലകളിൽ രണ്ടെണ്ണത്തിനെങ്കിലും വിജയത്തിന്റെ മധുരം പകരാനായിരുന്നെങ്കിൽ ഇക്കുറി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമുകളിലൊന്ന് ബ്ലാസ്റ്റേഴ്സ് ആയേനെ.
സമനിലത്തുടക്കം, തോറ്റു പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമിങ്ങനെ
തുടർച്ചയായ സമനിലകളിലൂടെയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് ലീഗിന് തുടക്കമിട്ടത്. ആദ്യ മൽസരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയ ടീം, രണ്ടാം മൽസരത്തിൽ ജംഷഡ്പുർ എഫ്സിയോടും ഗോൾരഹിത സമനില വഴങ്ങി. തുടർച്ചയായ മൂന്നാം ഹോം മൽസരത്തിൽ ഗോൾ ദാരിദ്ര്യം മാറിയെങ്കിലും സമനിലക്കുരുക്ക് അഴിഞ്ഞില്ല. ഇക്കുറി മുംബൈ സിറ്റി എഫ്സിയുമായി ഓരോ ഗോളടിച്ച് സമനില.
ആദ്യ മൂന്നു മൽസരങ്ങളും സ്വന്തം മൈതാനത്ത് ആർത്തലയ്ക്കുന്ന കാണികൾക്കു മുന്നിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെ പോയതോടെ ബ്ലാസ്റ്റേഴ്സ് പതറി. നാലാം മൽസരത്തിൽ ഗോവയെ അവരുടെ തട്ടകത്തിൽ നേരിട്ട ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോറ്റ് തല താഴ്ത്തി. എന്നാൽ, ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങിവരവിൽ വിജയമധുരം നുണയാനും ബ്ലാസ്റ്റേഴ്സിനായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1–0ന് ആയിരുന്നു വിജയം. അടുത്ത മൽസരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ വീണ്ടും ഓരോ ഗോളടിച്ച് സമനില. ആറാം മൽസരത്തിലെ നാലാം സമനിലയായിരുന്നു ഇത്.
പുതുവർഷപ്പുലരിയിലേക്ക് ലോകം ഉണരുന്നതിനു തൊട്ടു മുൻപു നടന്ന അടുത്ത മൽസരത്തിൽ ബെംഗളൂരുവിനോടു തോറ്റതോടെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ പെട്ടി മടക്കി. ആദ്യ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ച ഡേവിഡ് ജയിംസിനു കീഴിലായി പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം. ജയിംസിനു കീഴിൽ ആദ്യം എതിരാളികളായെത്തിയത് എഫ്സി പുണെ സിറ്റി. മൽസരം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഇക്കുറിയും ഓരോ ഗോളടിച്ച് സമനില.
സീസണിലെ അഞ്ചാം സമനിലയോടെ ‘സമനില’ തെറ്റിത്തുടങ്ങുന്നുവെന്ന തോന്നൽ ആരാധകരിൽ ഉടലെടുത്തു. ഇതിനു പിന്നാലെ രണ്ടു തുടർ വിജയങ്ങൾ. ഡൽഹി ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. പ്രതീക്ഷകൾ വാനോളമുയരവെ അടുത്ത മൽസരത്തിൽ ജംഷഡ്പുർ എഫ്സിയോട് അവരുടെ തട്ടകത്തിൽ 2–1ന് തോറ്റു. പിന്നാലെ ഗോവയ്ക്കെതിരെ സ്വന്തം തട്ടകത്തിൽ 2–1ന്റെ തോൽവി കൂടിയായതോടെ പ്രതീക്ഷ നഷ്ടപ്പെട്ട മട്ടായി.
എന്നാൽ, ഡൽഹിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൽസരത്തിൽ 2–1ന്റെ വിജയം നേടിയതോടെ ആരാധകർ വീണ്ടും ഉണർന്നു. അടുത്ത മൽസരത്തിൽ പുണെയെ അവരുടെ നാട്ടിൽ ഇതേ സ്കോറിന് വീഴ്ത്തിയതോടെ പ്രതീക്ഷയേറി.
പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ വിജയം അനിവാര്യമായിരിക്കെ ശാപം പോലെ വീണ്ടും സമനിലക്കുരുക്ക്. കൊൽക്കത്തയുമായി അവരുടെ നാട്ടിൽ 2–2ന്റെ സമനില. സ്വന്തം ടീമിന്റെ വിജയത്തിനൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങളും നിർണായകമായതോടെ ആരാധകർ കണക്കുകൂട്ടിത്തുടങ്ങി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി വീണ്ടും പ്രതീക്ഷ നൽകി, ബ്ലാസ്റ്റേഴ്സ്. എന്നാൽ, നിർണായക മൽസരത്തിൽ കൊച്ചിയിൽ ചെന്നൈയിനെതിരെ ഒരിക്കൽക്കൂടി സമനില വഴങ്ങിയതോടെ പ്രതീക്ഷ ഏതാണ്ട് അറ്റ അവസ്ഥയായി. ഇതിനു പിന്നാലെ ബെംഗളൂരുവിനോടേറ്റ തോൽവി കൂടിയായതോടെ കിരീട മോഹങ്ങൾ വീണുടഞ്ഞു. ബാക്കിയായത് കട്ടക്കലിപ്പും ആരാധകരുടെ പതിവു നിരാശയും മാത്രം!