ഇതു ബ്ലാസ്റ്റേഴ്സിന്റെ ഡ്രീം ടീം. ഇതുപോലൊരു ടീമിനു വേണ്ടിയാണ് ഇത്രനാളും കാത്തിരുന്നത്.. നാലാം സീസൺ തുടങ്ങും മുൻപേ ഉയർന്നുകേട്ട വാക്കുകളാണിത്. സീസണിനൊടുവിൽ കേരളം ഒന്നടങ്കം ഇങ്ങനെ മാറ്റിപ്പറയുന്നു – മോശമായിപ്പോയി ബ്ലാസ്റ്റേഴ്സ്. ഇതുപോലൊരു കളിക്കു വേണ്ടിയല്ല ഞങ്ങൾ കാത്തിരുന്നതും പിന്തുണച്ചതും.
ആദ്യമായി ലോകമറിയുന്നൊരു സൂപ്പർ താരത്തെയും ടീമിലെടുത്തു വാനോളം പ്രതീക്ഷകളുമായിട്ടാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് വന്നത്. മടക്കമാകട്ടെ കരുത്താർന്ന ടീം ലൈനപ്പും തയാറെടുപ്പുകളും കണ്ടുകൊതിച്ച ആരാധകരെ നിരാശയുടെ നടുക്കടലിൽ തള്ളിയും.
∙ സമനില തെറ്റിച്ച പ്രകടനം
ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണിത്. പരാജയം ഏറ്റുവാങ്ങിയ കളികൾ കുറവ്. പക്ഷേ വിജയം പിടിച്ചുവാങ്ങുന്ന പ്രകടനങ്ങളുമുണ്ടായില്ല. സമനിലകളുടെ കുരുക്കിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിധിയെഴുതപ്പെട്ടത്. പ്രത്യേകിച്ചും സ്വന്തം തട്ടകത്തിലെ വീഴ്ചകളിൽ. ജയിക്കാവുന്ന പല കളികളും ടീം എതിരാളികൾക്കും പോയിന്റ് പങ്കുവച്ചു.
ചെന്നൈയ്ൻ എഫ്സിക്കെതിരായ നിർണായ ഹോം മൽസരത്തിൽ പെനാൽട്ടി പോലും മുതലാക്കാനാവാതെയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരെ ഞെട്ടിച്ചത്. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം എവേ മൽസരങ്ങളടക്കം ജയിച്ചു പ്രതീക്ഷ തിരിച്ചുപിടിച്ചിട്ടായിരുന്നു ടീം കളി മറന്നത്. ഒടുവിൽ ഒരു ജോടി ജയം അകലെയെന്നു പറയുംവിധം പ്ലേഓഫും നഷ്ടമായി.
∙ അണിയറയിലെ തിരിച്ചടി
സ്റ്റീവ് കൊപ്പലിനു കീഴിൽ ശരാശരി താരങ്ങളുമായി നെഞ്ചു വിരിച്ച നിന്ന ബ്ലാസ്റ്റേഴ്സിന് ഇക്കുറി അതാവർത്തിക്കാൻ കഴിയാതെ പോയതെന്തു കൊണ്ടാകും? കൊപ്പലിന്റെ അസാന്നിധ്യം അഥവാ തന്ത്രങ്ങളുടെ പോരായ്മ കൊണ്ട് എന്ന ലളിതമായ ഉത്തരമേ ഈ ചോദ്യത്തിനുള്ളൂ. ജയിക്കാൻ വേണ്ട വ്യക്തമായ പദ്ധതികളൊന്നും അണിയറയിൽ ഇല്ലാത്ത മട്ടിലായിരുന്നു ഈ സീസണിൽ രണ്ടു പരിശീലകരുടെ കീഴിൽ കളിച്ച ടീമിന്റെ കളത്തിലിറക്കം.
ഇതിനിടയിൽ പാളയത്തിൽ പട കൂടിയായതും ടീമിനെ നടുക്കടലിലാക്കി. താരങ്ങളുടെ ഫിറ്റ്നസിനെ സംബന്ധിച്ചും സംശയങ്ങൾ ബാക്കി. ഒരു മൽസരത്തിലും മുഴുവൻ വിഭവങ്ങളും ഒരുമിച്ചു ചേർത്തൊരു, ആഗ്രഹിച്ച ഇലവനെ ഇറക്കാൻ കോച്ചിനു സാധിച്ചിട്ടില്ല. തുടക്കം മുതൽ പരുക്കിന്റെ സഹയാത്രികരായിരുന്നു ബെർബറ്റോവും വെസ് ബ്രൗണും ഹ്യൂമും പോലുള്ള വിദേശതാരങ്ങൾ തുടങ്ങി റിനോ ആന്റോ വരെയുള്ളവർ.
∙ നിരാശയുടെ മധ്യം
മധ്യത്തിലാണു വിജയത്തിന്റെ രസക്കൂട്ട് ഒരുക്കുന്നതെന്ന കാര്യം ഒരുവട്ടം കൂടി ബ്ലാസ്റ്റേഴ്സ് മറന്ന സീസൺ. എതിരാളികളിൽ നിന്നു പന്തു പിടിച്ചെടുത്തു പ്രത്യാക്രമണത്തിന്റെ വിത്ത് പാകാൻ പോന്നൊരു മിഡ്ഫീൽഡ് ജനറലിനെ ഒരു കളികളിലും കണ്ടില്ലെന്നു പറയേണ്ടിവരും. ചില നേരങ്ങളിൽ പെകൂസൺ മധ്യത്തിലെ ഊർജമായി. പക്ഷേ കൂടുതൽ സമയവും ശരാശരിക്കാരനായിരുന്നു വിദേശതാരം. എതിരാളികളെ വിറപ്പിച്ചു ഗോളിലേയ്ക്കു കയറാനുള്ള ധൈര്യവും കറേജ് പെകൂസനിൽ നിന്നൊഴിഞ്ഞുനിന്നു.
ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിയ അറാത്താ ഇസൂമിയെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നതിലും ടീം മാനേജ്മെന്റ് പരാജയമായി. ഫാൾസ് നയൻ പൊസിഷനിൽ പോലും തിളങ്ങാൻ കെൽപ്പുള്ള താരത്തെ ഡിഫൻസീവ് മിഡ്ഫീൽഡറായാണു മ്യൂലൻസ്റ്റീൻ അവതരിപ്പിച്ചത്. ബെംഗളൂരുവിന്റെ ദിമാസ് ഡെൽഗാഡോയെയും ജംഷഡ്പുരിന്റെ ഗതി മാറ്റിയെഴുതിയ വെല്ലിങ്ടൺ പ്രിയോറിയെയും പോലുള്ളവരുടെ സംഭാവനകൾ നോക്കൂ, അപ്പോഴറിയാം ബ്ലാസ്റ്റേഴ്സ് നിരയിലെ കുറവിന്റെ ആഴവും ആഘാതവും.
∙ മുന്നേറ്റം മറന്ന നിര
ദിമിതർ ബെർബറ്റോവിന്റെ സാന്നിധ്യമുള്ള ടീമിൽ നിന്ന് എതിരാളികൾ പോലും ഇത്തരമൊരു നനഞ്ഞ പടക്കം പ്രതീക്ഷിച്ചിരിക്കില്ല. ഒരുപാടു വിരലുകൾ ബെർബറ്റോവിനു നേർക്കുയരും. പക്ഷേ ബെർബ എന്തു പിഴച്ചുവെന്ന് ഒന്നു വിലയിരുത്തിയാൽ കുറ്റം ടീം മാനേജ്മെന്റിലുമാകും. മാഞ്ചസ്റ്ററിലും ടോട്ടനത്തിലും ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ സ്വന്തം പൊസിഷനിൽ ഒരു മൽസരം പോലും കളിക്കാതെയാണു മടങ്ങുന്നത്. ഷാർപ്പ് ഷൂട്ടർ കൂടിയായിട്ടും എതിർ ബോക്സിൽ ഒരവസരം നൽകാതെ, ഡീപ്പ് മിഡ്ഫീൽഡറായി പോലും ബെർബയെ ഉപയോഗിക്കാൻ തുനിഞ്ഞ ആ ഫുട്ബോൾ ബുദ്ധിയിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല.
പഴയ ഫോമിന്റെ നിഴലിൽ മാത്രം സീസൺ തുടങ്ങിയ ഹ്യൂമിനും ഇതു ഓർക്കാൻ ഇഷ്ടപ്പെടാത്ത പതിപ്പായി. ഇടയ്ക്കു തനതു വീര്യം പുറത്തെടുത്തെങ്കിലും വൈകാതെ പരുക്കിന്റെ പേരിൽ സീസൺ തന്നെ ഹ്യൂമിനു നഷ്ടമായി. വിനീതിന്റെ സ്ഥിതിയും വിഭിന്നമല്ല. നിർണായക ഗോളുകൾ സംഭാവന ചെയ്തെങ്കിലും പരിമിതികൾക്കുള്ളിൽ നിന്നു പുറത്തുകടക്കുന്നൊരു പ്രകടനം താരത്തിൽ നിന്നുണ്ടായില്ല. മുൻനിരയിലെ പ്രശ്നങ്ങൾക്കിടയിലും ഡച്ച് സ്ട്രൈക്കർ സിഫ്നിയോസിനെ നിലനിർത്താൻ കഴിയാതെ പോയതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പുകേട് തന്നെ.
∙പ്രതിരോധത്തിലെ പാളിച്ച
ആരോൺ ഹ്യൂസും ഹെങ്ബെർട്ടും ജിങ്കാനുമെല്ലാം ചേർന്ന് അരക്കിട്ടുറപ്പിച്ച പ്രതിരോധമായിരുന്നു മുൻസീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ചങ്ക്. ഇക്കുറി ഈ വിഭാഗത്തിൽ ടീം ഒന്നുരണ്ടു പടി താഴെയേ നിന്നുള്ളൂ. സന്ദേശ് ജിങ്കാൻ പോലും പഴയ നിലവാരമെത്തിയില്ല.
പ്രതിരോധത്തിൽ എടുത്തുപറയാവുന്നൊരു പ്രകടനമുണ്ടെങ്കിൽ മിസോറം യുവതാരം ലാൽറുവാത്താരയുടേതാണ്. ഇരുപത്തിയൊന്നു വയസുകാരനു ചെയ്യാവുന്നതിനെക്കാളേറെ സംഭാവന നൽകി പയ്യൻ. പേരും പെരുമയുമുണ്ടെങ്കിലും ഹ്യൂസിനോ ഹെങ്ബെർട്ടിനോ ചേർന്നൊരു പകരക്കാരനാകാൻ വെസ് ബ്രൗണിനും കഴിഞ്ഞില്ല. ഇടയ്ക്കിടെ പരിക്കിനോടും മല്ലിടേണ്ടി വന്ന റിനോയുടെ പ്രകടനവും വേണ്ടത്ര തുണച്ചില്ല.
∙ നഷ്ടം ആരാധകരുടെ
ഇന്ത്യൻ ഫുട്ബോളിൽ ഇന്നു വരെ കാണാത്ത ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞ ടീമാണ് ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ എതിരാളികളില്ലാതെ കുതിക്കുന്ന ബെംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പോലും കൊച്ചിയിൽ കളിക്കുന്നതിന്റെ അന്തരീക്ഷവും ആനുകൂല്യവും ഒരുക്കിയെടുത്താണു ഒഫീഷ്യൽ ഫാൻ ഗ്രൂപ്പ് മഞ്ഞപ്പടയും സംഘവും ടീമിനെ പിന്തുണച്ചത്. ലീഗിൽ നിന്നു ബ്ലാസ്റ്റേഴ്സ് പുറത്തായതിനു ശേഷമുള്ള മൽസരത്തിലായിരുന്നു ഈ ആവേശമെന്നും ഓർക്കുക. പക്ഷേ ടീമിനെ നെഞ്ചോടു ചേർത്തുപിടിച്ച ആരാധകരോടു നീതി കാട്ടാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല.
ഭാഗ്യം തുണച്ചാൽ ഇനി സൂപ്പർ കപ്പിൽ ടീമിനൊരു അവസരം കിട്ടും. ഐഎസ്എൽ പരാജയം മറന്നും ക്ഷമിച്ചും ഇതേ ആരാധകർ അപ്പോഴും ഈ ടീമിനു വേണ്ടി കൈയടിക്കാനെത്തും. ചങ്ക് പറിച്ചുനൽകുന്ന ആ ആവേശക്കൂട്ടത്തിനു വേണ്ടിയെങ്കിലും നിങ്ങൾ സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്. കലിപ്പും കടവുമൊന്നും വീട്ടുന്നതിലല്ല, കറ തീർന്ന ഫുട്ബോൾ കളിക്കുന്നതിലാണു കാര്യം. ആരാധകർ അതുകണ്ട് അഭിമാനത്തോടെ, ആഹ്ലാദത്തോടെ മടങ്ങട്ടേ.