വർഷംതോറും ടീമിന്റെ എൻജിൻ മാറ്റുന്നില്ല; ഭാവി നോക്കി ടീം സിലക്‌ഷൻ ഡേവിഡ് ജയിംസ്

കാണാം കളി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ കോച്ച് ഡേവിഡ് ജയിംസ്

കൊച്ചി∙ ടീമിന്റെ എൻജിൻ ഓരോവർഷവും വച്ചുമാറാൻ ഉദ്ദേശിക്കുന്നില്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഡേവിഡ് ജയിംസ്. മൂന്നു വർഷത്തിനപ്പുറത്തേക്കുള്ള ടീം എൻജിൻ സൃഷ്ടിക്കാനാണു ശ്രമം. അതിനാണ് ഇത്രയും യുവതാരങ്ങളെ എടുത്തത്.

ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരത്തിൽ എടികെയെ നേരിടാൻ കൊൽക്കത്തയിലേക്കു തിരിക്കുംമുൻപ് ഡേവിഡ് ജയിംസ് ‘മനോരമ’യോട്:

∙ യുവ ടീം, ദീർഘകാലത്തേക്കുള്ള നിക്ഷേപം. അതാണ് എന്റെ തത്വം. അതിൽ ഉറച്ചുനിന്നാണു പ്രവർത്തനങ്ങൾ.

∙ യുവതാരങ്ങളുമായി മൂന്നു വർഷത്തേക്കാണു കരാർ. മൂന്നു വർഷത്തിനും അപ്പുറമുള്ള ബ്ലാസ്റ്റേഴ്സ് ടീമിന്റെ എൻജിനാണു വാർത്തെടുക്കുന്നത്.

∙ ടീമുകളുടെ എൻജിൻ ഓരോ വർഷവും മാറുന്നതായാണ് ഐഎസ്എല്ലിൽ കാണുന്നത്. കളിക്കാരുടെ നിരയിൽ സ്ഥിരതയുള്ള ടീമുകൾക്കെ വിജയങ്ങൾ നിലനിർത്താനാവൂ.

∙ യുവാക്കളെയും പരിചയസമ്പന്നരെയും ഒരുമിപ്പിക്കുമ്പോൾ വെല്ലുവിളികൾ പലതാണ്. പക്ഷേ ആ വെല്ലുവിളികളിൽ സാധ്യതകൾ മറഞ്ഞിരിക്കുന്നു.

∙ പരിചയ സമ്പന്നർക്കൊപ്പമുള്ള പരിശീലനത്തിൽ യുവാക്കൾ മെച്ചപ്പെടുന്നുണ്ടോ എന്നു പെട്ടെന്നു തിരിച്ചറിയാനാവും.

∙ പരിശീലനത്തിൽ മെച്ചപ്പെടുന്ന യുവാക്കൾക്കു ലീഗിൽ അവസരം നൽകുക എന്നതാണ് എന്റെ നയം.

∙ പരിശീലനവേളകളിൽ യുവതാരങ്ങൾ തമ്മിൽ ആരോഗ്യകരമായ മൽസരം ഉണ്ടാകുന്നു. അതിൽ സന്തോഷമുണ്ട്.

∙ പരിശീലനത്തിൽ പൂർണമായി മികവു കാണിക്കുന്നവർക്കു പ്ലേയിങ് ഇലവനിൽ ഇടം നൽകും. സംശയം വേണ്ട.

∙ പ്ലേയിങ് ഇലവനിൽ ഇടംലഭിക്കുന്ന യുവാക്കൾ കഴിവുതെളിയിച്ചാൽ സീനിയേഴ്സിനും അവർ വെല്ലുവിളിയാകും.

∙ കോംപറ്റീഷൻ ശക്തമാകട്ടെ, ടീമിന് അതു മുതൽക്കൂട്ടാകും.

∙ 25 പേരും ടീമിൽ ഇടംപിടിക്കാൻ പ്രാപ്തരാണ്. ഓരോരുത്തർക്കും ടീമിനുവേണ്ടി സ്വന്തം കർത്തവ്യം ഉണ്ടാവട്ടെ.