ഇന്ത്യൻ ഗോളിന് ബ്രസീലിയൻ ഗോളിലൂടെ മറുപടി; ഡൽഹിയെ കുരുക്കി പുണെ (1–1)

ഡൽഹി ഡൈനമോസിന്റെ ഗോൾ നേടിയ റാണ ഗരാമിയുടെ ആഹ്ലാദം

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ഡൽഹി ഡൈനമോസിനെതിരെ എഫ്സി പുണെ സിറ്റിക്ക് പൊരുതി നേടിയ സമനില. 88–ാം മിനിറ്റിൽ നേടിയ ഗോളിലാണ് പുണെ സമനില പിടിച്ചത്. 44–ാം മിനിറ്റിൽ റാണ ഗരാമി ഡൽഹിയെ മുന്നിലെത്തിച്ചു. ഐഎസ്എൽ അഞ്ചാം സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഗോൾ. ബ്രസീലിയൻ താരം ഡിയേഗോ കാർലോസാണ് പുണെയുടെ സമനില ഗോൾ നേടിയത്.

പ്രതിരേധനിരയിൽ നിന്നു തുടങ്ങുന്ന മുന്നേറ്റങ്ങളിൽ ഊന്നി കളിച്ചതിനാൽ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും തുറന്ന അവസരങ്ങൾ അധികം കിട്ടിയില്ല. എന്നാൽ ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടു മുൻപ് ഡൽഹി ഗോളുതിർത്തു. ഗോളിലേക്കു ഒന്നു നോക്കി ഗരാമി തൊടുത്ത വെടിച്ചില്ലു പോലുള്ള ഷോട്ട് പുണെ ഗോൾകീപ്പർ വിശാൽ കെയ്ത്തിനെ നിശ്ചലനാക്കി നിർത്തി ഗോളിലേക്കു കയറി. ലീഡ് നേടിയതിന്റെ ആവേശത്തിൽ രണ്ടാം പകുതിയിൽ ഡൽഹി അവസരങ്ങൾ സൃഷ്ടിച്ചു. മൈതാനത്തെ വലിച്ചു പരത്തി വിങുകളിലൂടെയായിരുന്നു അവരുടെ മുന്നേറ്റങ്ങളധികവും. 

എന്നാൽ ചെറുത്തു നിന്ന പുണെ സമനില ഗോളും ഒരു പോയിന്റും നേടി. ഡൽഹി ബോക്സിലേക്ക് ഓടിക്കയറിയ കാർലോസ് തൊടുത്ത ഷോട്ടിൽ ഇടംകാൽ ഷോട്ടിൽ വല കുലുങ്ങി.