ആറു ഗോൾ, രണ്ടു ചുവപ്പുകാർഡ്; പുണെയെ വീഴ്ത്തി ഗോവ ഒന്നാമത്

എഫ്സി ഗോവയ്ക്കായി മൂന്നാം ഗോൾ നേടിയ ജാക്കിചന്ദ് സിങ്ങിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു. (ഐഎസ്എൽ ചിത്രം)

പുണെ∙ ആദ്യപകുതിയിൽ 30 മിനിറ്റിനിടെ പിറന്ന ആറു ഗോളുകളും രണ്ടാം പകുതിയിൽ നാലു മിനിറ്റിനിടെ പിറന്ന രണ്ടു ചുവപ്പുകാർഡുകളും നാടകീയത തീർത്ത ആവേശപ്പോരാട്ടത്തിൽ പുണെ സിറ്റി എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് ഉജ്വല വിജയം. സ്പാനിഷ് താരം ഫെറാൻ കോറോയുടെ ഇരട്ടഗോളാണ് ഗോവയ്ക്ക് ഉജ്വല ജയമൊരുക്കിയത്. 5, 35 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകൾ. മൊറോക്കോ താരം ഹ്യൂഗോ ബൗമൂസ് (12), മുൻ ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് (20) എന്നിവരാണ് ഗോവയുടെ മറ്റു ഗോളുകൾ നേടിയത്. പുണെയ്ക്കായി മാർസലീഞ്ഞോ (എട്ട്), എമിലിയാനോ അൽഫാരോ (23) എന്നിവർ ലക്ഷ്യം കണ്ടു.

അടിച്ചതിലേറെ ഗോളവസരങ്ങൾ പാഴാക്കിയാണ് ഇരു ടീമുകളും പുണെയുടെ തട്ടകത്തിൽനിന്നു തിരിച്ചുകയറിയത്. മാർസലീഞ്ഞോയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചതും രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റി അൽഫാരോ പാഴാക്കിയതും പുണെയ്ക്കു തിരിച്ചടിയായി. ഇതോടെ, നാലു മൽസരങ്ങളിൽനിന്ന് സീസണിലെ മൂന്നാം ജയം കുറിച്ച എഫ് സി ഗോവ 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നാലു മൽസരങ്ങളിൽ മൂന്നും തോറ്റ പുണെയാകട്ടെ, അവസാന സ്ഥാനത്തു തുടരുന്നു.

അതേസമയം, രണ്ടു ഗോളുകൾ നേടിയതിനു പുറമെ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത കോറോ 90–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായത് ഗോവയ്ക്കു തിരിച്ചടിയായി. ഈ സീസണിലാകെ ആറു ഗോളുകൾ നേടുകയും നാലു ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്ത താരമാണ് കോറോ. പുണെ താരത്തെ അപകടകരമായി ഫൗൾ ചെയ്തതിനാണ് കോറോയ്ക്ക് റഫറി ചുവപ്പുകാർഡ് നൽകിയത്. ഇതിനു നാലു മിനിറ്റ് മുൻപ്, പുണെ താരം ഡീഗോ ഒളിവേരയ്ക്കും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. ഗോവൻ താരം സെറിട്ടണെ കാലിൽ ചവിട്ടിയതിനായിരുന്നു ഇത്. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും മൽസരം പൂർത്തിയാക്കിയത്. ഇരുവർക്കും അടുത്ത മൽസരം നഷ്ടമാകുകയും ചെയ്യും.