സജൻ പ്രകാശ്: രാജ്യത്തിന്റെ പ്രതീക്ഷയുടെ ഓളം

നീന്തൽക്കുളങ്ങളിൽ ഒഴുകി നീങ്ങുന്ന മെഡലുകൾ പിടിച്ചെടുക്കാൻ രാജ്യം പ്രതീക്ഷ വയ്ക്കുന്ന താരം - സജൻ പ്രകാശ്. ദേശിയ തലത്തിൽ റെക്കോർഡുകളുടെ കളിത്തോഴനാണ് ഇന്ത്യയുടെ ഈ മൈക്കൽ ഫെൽപ്സ്. രാജ്യാന്തര നിലവാരമുള്ള പ്രകടനങ്ങളാണു സജന്റെ മെഡുകൾക്കു സുവർണ നിറം ചാർത്തുന്നത്. 

ഇടുക്കിയുടെ മിടുക്കൻ

ഇടുക്കി സ്വദേശിയായ സജൻ കായിക താരമായ അമ്മ വി.ജെ.ഷാന്റിമോൾക്കൊപ്പം തമിഴ്നാട്ടിലെ നെയ് വേലിയിലാണു വളർന്നത്. ബെംഗളൂരുവിലെ ബാനസവാടി അക്വാട്ടിക് സെന്ററിൽ എത്തിയതോടെയാണു സജന്റെ നീന്തൽ സ്വപ്നങ്ങൾക്കു പുതിയ നിറം വന്നത്. പരിശീലകൻ എസ്.പ്രദീപ്കുമാറിന്റെ കീഴിൽ രാജ്യം തന്നെ ശ്രദ്ധിക്കുന്ന നീന്തൽ താരമായി സജൻ വളർന്നു. ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ് കോമൺ വെൽത്ത് ഗെയിംസ് എന്നിവയടക്കം രാജ്യാന്തര വേദികളിലേക്കും വളർന്ന സജൻ 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുത്ത ഏക പുരുഷ നീന്തൽ താരമാണ്. 30 രാജ്യാന്തര മെഡലുകൾ വിവിധ വിഭാഗങ്ങളിലായി സജൻ സ്വന്തമാക്കിക്കഴിഞ്ഞു. 

റെക്കോർഡിന്റെ കൂട്ടുകാരൻ

തിരുവനന്തപുരത്തു നടന്ന കഴിഞ്ഞ ദേശിയ നീന്തൽ ചാംപ്യൻഷിൽ മത്സരിച്ച 5 ഇനങ്ങളിലും റെക്കോർഡോടെ സ്വർണം നേടിയാണ് സജൻ കഴിഞ്ഞ വർഷത്തെ മികച്ച കായിക താരങ്ങളിലൊരാളായത്. 2015ൽ കേരളം ആതിഥ്യം വഹിച്ച ദേശിയ ഗെയിംസിൽ, തിരുവനന്തപുരത്തെ ഇതേ നീന്തൽക്കുളത്തിൽ  എതിരാളികളില്ലാതെ സജൻ തലയുയർത്തി നിന്നു.

6 സ്വർണവും 2 വെള്ളിയും നേടിയ സജൻ പ്രകാശ് ആയിരുന്നു ദേശിയ ഗെയിംസിൽ ഏറ്റവും കൂടുതൽ വ്യക്തിഗത മെഡൽ നേടിയ താരവും.200 മീറ്റർ ബട്ടർഫ്ലൈ ഇഷ്ട ഇനമായ സജൻ ഈ ഇനത്തിൽ അടക്കം 13  ദേശിയ റെക്കോർഡുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2016 സാഫ് ഗെയിംസിൽ 3 സ്വർണവും ഒരു വെള്ളിയും നേടിയ സജൻ മൂന്നു സൗത്ത് ഏഷ്യൻ റെക്കോർഡുകളും എഴുതിച്ചേർത്തു. ദേശിയ തലത്തിൽ ഒന്നാം റാങ്കിലാണ് സജൻ ഇപ്പോൾ. 

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സജൻ 200 മീറ്റർ ബട്ടർഫ്ലൈ ഫൈനലിലുമെത്തി. 32 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഫൈനലിലെത്തുന്നത്.  ഇറ്റാലിയൻ ഓപ്പണിൽ 2 വെള്ളി, സിംഗപ്പൂർ ഓപ്പണിൽ 1 സ്വർണവും 1 വെള്ളിയും, സൗത്ത് ആഫ്രിക്കൻ ഓപ്പണിൽ 2 സ്വർണവും 2 വെള്ളിയും .. 2018ലെ സജന്റെ നേട്ടങ്ങളുടെ പട്ടിക നീളുന്നു.  സ്കോട്ട്ലൻഡിൽ നടന്ന ഫിന വേൾഡ് മീറ്റ്, ചൈനയിൽ നടന്ന വേൾഡ് ഷോർട് കോഴ്സ് മീറ്റ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിലും കഴിഞ്ഞവർഷം സജൻ പങ്കെടുത്തു. 

സജൻ പ്രകാശ്: 2020ലെ ടോക്കിയോ ഒളിംപിക്സ് ലക്ഷ്യമിട്ടാണ് പരിശീലനം. 200 മീറ്റർ ബട്ടർഫ്ലൈയിൽ 1:57. 73 സമയത്തിൽ ചെയ്യാൻ സാധിച്ചു. ഇത് 1:56.48 ൽ എത്തിക്കുകയാണു ലക്ഷ്യം. ഇത് സാധിച്ചാൽ ലോക മീറ്റിൽ മെഡൽ ഉറപ്പാണ്. മാർച്ചിൽ മലേഷ്യൻ ഓപ്പണും ജൂണിൽ സിംഗപ്പുർ ഓപ്പണും നടക്കുന്നുണ്ട്. ജൂലൈയിൽ ലോക ചാംപ്യൻഷിപ്പും. ഏറ്റവും അടുത്തുള്ള ലക്ഷ്യങ്ങൾ ഇവയാണ്. 

സെബാസ്റ്റ്യൻ സേവ്യർ(രാജ്യാന്തര നീന്തൽ താരം) : ഇപ്പോഴുള്ള നീന്തൽ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നയാളാണു സജൻ പ്രകാശ്. 200 മീറ്റർ ബട്ടർഫ്ലൈയിൽ ലോക നിലവാരമുള്ള പ്രകടനം സജൻ നടത്തുന്നുണ്ട്. ഏഷ്യൻ തലത്തിൽ വലിയ പ്രതീക്ഷ ഇപ്പോഴുണ്ട്. ചൈനയും ജപ്പാനും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ ഇപ്പോർ നീന്തലിൽ മികച്ച പ്രകടനങ്ങളാണു നടത്തുന്നത്. ആ നിലവാരം സജൻ കാത്തു സൂക്ഷിക്കുന്നു. 

ആറു ലക്ഷം രൂപ സമ്മാനം; ക്ലബുകൾക്ക് അപേക്ഷിക്കാം

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബുകൾക്ക് മലയാള മനോരമയുടെ കായിക പുരസ്കാരങ്ങൾ. കായികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബിന് മനോരമ സ്പോർട്സ് ക്ലബ്– 2018 ട്രോഫിയും മൂന്നു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനങ്ങൾ. അഫിലിയേഷൻ നമ്പറും നേട്ടങ്ങളും ഉൾപ്പെടെയുള്ള അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: 

സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, പിബി നമ്പർ 26, മലയാള മനോരമ, കെ.കെ. റോഡ്, കോട്ടയം (വിശദമായ നിബന്ധനകൾ ജനുവരി 22ലെ കായികം പേജിൽ). 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം: ഫെബ്രു 4.

സംശയങ്ങൾക്ക് വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ  ഉച്ചയ്ക്ക്  1 വരെ മാത്രം)