ഒളിംപിക്സ് മെഡൽ ലക്ഷ്യമിട്ട് ലോങ്ജംപ് താരം എം. ശ്രീശങ്കർ

വോട്ടേഴ്സ് ഐഡി വാങ്ങേണ്ട പ്രായത്തിൽ ഒളിംപിക് മെഡലെന്ന സ്വപ്നത്തിന്റെ ഇന്ത്യൻ സ്ഥാനാർഥിയായി മാറിയ താരമാണ് എം. ശ്രീശങ്കർ. ആഫ്രിക്കയുടെയും അമേരിക്കയുടെയും സിറ്റിങ് സീറ്റായ പുരുഷ ലോങ്ജംപിലെ കുത്തക തകർത്താൻ ഇന്ത്യ കണ്ടെത്തിയ തുറുപ്പുചീട്ട്. അണ്ടർ 20 ലോക ഒന്നാംനമ്പർ താരം, കോമൺവെൽത്ത് ജൂനിയർ റെക്കോർഡിനുടമ, ദേശീയ സീനിയർ റെക്കോർഡ് ജേതാവ് എന്നിങ്ങനെ പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ റെക്കോർഡുകളുടെ പെരുമഴ പെയ്യിക്കുകയാണ് ഈ പത്തൊൻപതു വയസ്സുകാരൻ.

ഇന്ത്യയിൽ ആകെ 8 കായിക താരങ്ങളേ ലോങ്ജംപിൽ 8 മീറ്റർ ചാടിയിട്ടുള്ളൂ. അതിലൊന്ന് പാലക്കാട്ടുകാരനായ ശ്രീശങ്കറാണ്. ടി.സി. യോഹന്നാനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി. കഴിഞ്ഞ സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന ദേശീയ ഓപ്പൺ ചാംപ്യൻഷിപ്പിൽ 8.20 മീറ്ററെന്ന സ്വപ്നദൂരം പിന്നിട്ട് ദേശീയ റെക്കോർഡ് കടപുഴക്കിയ ശ്രീ ഈ ചാട്ടത്തിന്റെ മികവിലാണ് അണ്ടർ 20 ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്.

കായികരംഗം കുടുംബകാര്യം

1989ലെ സാഫ് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടിയ എസ്. മുരളിയുടെയും 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെ.എസ്. ബിജിമോളുടെയും മകനാണു ശ്രീശങ്കർ. കായിക വീര്യം രക്തത്തിൽ ആവോളമുണ്ട്.  സ്പോർട്സ് ക്വാട്ട റാങ്കിങ്ങിൽ രണ്ടാമതു നിൽക്കെ എംബിബിഎസ് പ്രവേശനം വേണ്ടന്നുവച്ചതും കോളജ് സെമസ്റ്റർ ടോപ്പറായിരിക്കെ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതും അത്‍ലറ്റിക്സ് പരിശീലനത്തിനു കൂടുതൽ സമയം ചെലവഴിക്കാനാണ്. നേട്ടങ്ങൾക്കായി നാളിതുവരെ നടത്തിയ കഠിനാധ്വാനങ്ങളുടെ ഫലമാണ് ഇപ്പോൾ ദേശീയ രാജ്യാന്തര വേദികളിൽ നിന്ന് റെക്കോർഡുകളുടെ രൂപത്തിൽ ശ്രീയെ തേടിയെത്തുന്നത്.

അതിവേഗം ബഹുദൂരം

2012ലെ സംസ്ഥാന മീറ്റിൽ റെക്കോർഡ് നേട്ടത്തോടെ അരങ്ങേറിയ താരം 6 വർഷത്തിനിപ്പുറം ലോങ്ജംപിലെ ഒട്ടുമിക്ക ദേശീയ റെക്കോർഡുകളും തന്റെ പേരിലേക്കു മാറ്റിയെഴുതി. ദേശീയ ജൂനിയർ റെക്കോർഡ്, യൂത്ത് നാഷനൽ റെക്കോർഡ്, സീനിയർ സ്കൂൾ മീറ്റ് റെക്കോർഡ് എന്നിവ ശ്രീശങ്കറിന്റെ പേരിലാണ്. 6 സംസ്ഥാന റെക്കോർഡുകളുടെയും അവകാശിയാണ്.  പോയവർഷത്തെ 3 സീനിയർ ചാംപ്യൻഷിപ്പുകളിലും ലോങ്ജംപ് സ്വർണം ചാടിപ്പിടിച്ചു. 2016ൽ കോഴിക്കോട്ടു നടന്ന ദേശീയ യൂത്ത് ചാംപ്യൻഷിപ്പിൽ 7.49 മീറ്റർ ചാടി റെക്കോർഡിട്ട ശ്രീശങ്കർ രണ്ടുവർഷത്തിനിപ്പുറം അധികം ചാടുന്നത് 71 സെന്റിമീറ്റർ ദൂരമാണ്.

റെക്കോർഡ് ദൂരം ഈ വർഷം 8.40 മീറ്ററിൽ എത്തിക്കുകയാണു അടുത്ത ലക്ഷ്യം. അതിനായി പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ അച്ഛൻ എസ്. മുരളിയുടെ കീഴിൽ കഠിന പരിശീലനത്തിലാണ് താരം.  മകനു കോച്ചായി അച്ഛനെ നിയമിച്ച അപൂർവ ഭാഗ്യവും ശ്രീശങ്കറിനു കഴിഞ്ഞ വർഷം ലഭിച്ചു. പഠനം തടസ്സപ്പെടാതിരിക്കാൻ പാലക്കാട്ടു തന്നെ പരിശീലനം നടത്താൻ അനുവദിച്ച അത്‌ലറ്റിക് ഫെഡറേഷൻ മുരളിയെ പഴ്സനൽ കോച്ചായി നിയമിക്കുകയായിരുന്നു. മേയിൽ ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു ശ്രീശങ്കർ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.

അഞ്ജു ബോബി ജോർജ്:

‘‘കായിക കുടുംബത്തിൽ ജനിച്ചുവെന്നതാണു ശ്രീശങ്കറിന്റെ ഏറ്റവും വലിയ ഭാഗ്യം. ചെറുപ്പത്തിൽ തന്നെ ശരിയായ പരിശീലനവും മാർഗനിർദേശങ്ങളും ലഭിച്ചു. കഠിനാധ്വാനവും പരിശീലന തന്ത്രങ്ങൾ എളുപ്പത്തിൽ സ്വായത്തമാക്കാനുള്ള ബുദ്ധിയും ശ്രീയുടെ പ്രത്യേകതയാണ്. പത്തൊൻപതാം വയസ്സിൽ 8.20 മീറ്റർ പിന്നിട്ട താരത്തിൽ നിന്ന് ഒളിംപിക് മെഡൽ തന്നെ പ്രതീക്ഷിക്കാം. കൂടുതൽ മൽസരങ്ങളിൽ പങ്കെടുത്ത് ‘കോംപറ്റീഷൻ മച്യൂരിറ്റി’ നേടിയെടുക്കുകയാണ് ഇനി വേണ്ടത്’’.

എം. ശ്രീശങ്കർ:

‘‘വേദനയോടെയായിരുന്നു 2018 ന്റെ തുടക്കം കോമൺവെൽത്ത് ഗെയിംസിനു യോഗ്യത നേടിയിരുന്നെങ്കിലും അപ്പെൻഡിസൈറ്റിസ് പിടിപെട്ട് യാത്ര മുടങ്ങി. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുശേഷം വേഗത്തിൽ ട്രാക്കിലേക്കു തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യമായി. ’’

2018 ലെ ശ്രീശങ്കറിന്റെ മികച്ച പ്രകടനങ്ങൾ

∙ ദേശീയ ഓപ്പൺ അത്‌ലറ്റിക്സ്: 

8.20 മീറ്റർ സ്വർണം, ദേശീയ റെക്കോർഡ്

∙ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ്:

7.99 മീറ്റർ സ്വർണം

∙ ഏഷ്യൻ ഗെയിംസ്: 

7.95 മീറ്റർ, ആറാം സ്ഥാനം 

∙ ലോക ജൂനിയർ അത്‍ലറ്റിക്സ്:

7.76 മീറ്റർ, ആറാംസ്ഥാനം 

∙ ദേശീയ സീനിയർ അത്‌ലറ്റിക്സ്:

7.75 മീറ്റർ: സ്വർണം 

∙ ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സ്:

7.47 മീറ്റർ: വെങ്കലം

ആറു ലക്ഷം രൂപ സമ്മാനം; ക്ലബുകൾക്ക് അപേക്ഷിക്കാം

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബുകൾക്ക് മലയാള മനോരമയുടെ കായിക പുരസ്കാരങ്ങൾ. കായികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബിന് മനോരമ സ്പോർട്സ് ക്ലബ്– 2018 ട്രോഫിയും മൂന്നു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനങ്ങൾ. അഫിലിയേഷൻ നമ്പറും നേട്ടങ്ങളും ഉൾപ്പെടെയുള്ള അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: 

സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, പിബി നമ്പർ 26, മലയാള മനോരമ, കെ.കെ. റോഡ്, കോട്ടയം 

(വിശദമായ നിബന്ധനകൾ ജനുവരി 22ലെ കായികം പേജിൽ). 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം: ഫെബ്രു 4 

സംശയങ്ങൾക്ക് വിളിക്കാം: 

98460 61306 (രാവിലെ 10 മുതൽ  ഉച്ചയ്ക്ക്  1 വരെ മാത്രം)