രഞ്ജി ട്രോഫിക്കു പിന്നാലെ കുച്ച് ബിഹാർ ട്രോഫി അണ്ടർ – 19 ദേശീയ ക്രിക്കറ്റിലും കേരളത്തിന്റെ സെമി പ്രവേശനം കൊതിച്ച് ആലപ്പുഴ എസ്ഡി കോളജ് മൈതാനത്തേക്കു കണ്ണുനട്ടിരുന്നവരെ ഇന്നലെ ഏറ്റവും നിരാശപ്പെടുത്തിയത് ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ പുറത്താകലായിരുന്നു. നായകനായും ബാറ്റ് കൊണ്ടും കേരളത്തെ ക്വാർട്ടറിലേക്കു നയിച്ച വത്സൽ മഹാരാഷ്ട്രക്കെതിരായ ക്വാർട്ടർ ഫൈനലിലെ ആദ്യ ഇന്നിങ്സിൽ മൂന്നു പന്തുകൾ മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായി. കഴിഞ്ഞ ഒൻപത് കളികളിലും ശതകമോ അർധ ശതകമോ നേടിയ വത്സലിന്റെ ആദ്യ ഡക്ക്.
പ്രാഥമിക റൗണ്ടിൽ 9 കളികളിൽ നിന്ന് അടിച്ചു കൂട്ടിയത് 1130 റൺസ്; ശരാശരി 125.55! ടൂർണമെന്റിലെ ടോപ് സ്കോററാണിപ്പോൾ. ഒരു ട്രിപ്പിൾ സെഞ്ചുറിയടക്കം 4 സെഞ്ചുറികളുടെയും 6 അർധ സെഞ്ചുറികളുടെയും അകമ്പടിയുണ്ട് സ്ഥിരതയാർന്ന ഈ ബാറ്റിങ് ആഘോഷത്തിന്. ദേശീയ തലത്തിൽ ഇത്രയധികം ആധികാരികമായൊരു താരോദയം കേരള ക്രിക്കറ്റിൽ മുൻപുണ്ടായിട്ടില്ല.
മാറ്റളന്ന ഇന്നിങ്സുകൾ
പരിമിത ഓവർ ക്രിക്കറ്റ് നൽകുന്ന പ്രലോഭനങ്ങൾക്കിടെ ബഹുദിന ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതിക മികവാണു വത്സലിനെ ശ്രദ്ധേയനാക്കുന്നത്. മികവും ക്ഷമയും വിവേകവും സമ്മേളിക്കേണ്ട ബാറ്റിങ്ങ് പ്രതിഭകൊണ്ടു കെട്ടിപ്പൊക്കുന്നതാണ് ഓരോ ഇന്നിങ്സും.
കുച്ച് ബിഹാർ ട്രോഫിയിൽ ഈ സീസണിൽ അടിച്ചു കൂട്ടിയ 1130 റൺസിൽ ബൗണ്ടറികളിലൂടെ നേടിയത് 500 റൺസ്. പറന്നത് അഞ്ച് സിക്സറുകൾ മാത്രവും. പകുതിയിലേറെ റൺസും ഓടിയെടുക്കുകയായിരുന്നു. ഒഡീഷക്കെതിരെ പുറത്താകാതെ ട്രിപ്പിൾ സെഞ്ചുറിയടിച്ച(302) വത്സൽ രഞ്ജി ട്രോഫിയിൽ ശ്രീകുമാർ നായർക്കു ശേഷം ദേശീയ ക്രിക്കറ്റിൽ ആ നേട്ടം കൊയ്യുന്ന കേരള താരമാണ്.
സംസ്ഥാന ഇന്റർസോൺ മൽസരത്തിലും സെൻട്രൽ സോണിനു വേണ്ടി നോർത്ത് സോണിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയാണു വരവറിയച്ചത്. കേരളത്തിനായി അരങ്ങേറ്റം കുറിച്ച കഴിഞ്ഞ സീസണിൽ കുച്ച് ബിഹാർ ട്രോഫിയിൽ 6 മൽസരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 3 അർദ്ധ സെഞ്ചുറിയുമായി 456 റൺസ് നേടിയിരുന്നു. വിനു മങ്കാദ് ഏകദിന ടൂർണമെന്റിൽ 7 മൽസരങ്ങളിൽ 270 റൺസുമടിച്ചു.
ഇത്തവണ കുച്ച് ബിഹാർ ട്രോഫിയിലെ മിന്നും പ്രകടനം കൗമാര താരത്തിനു രഞ്ജി ട്രോഫി ടീമിലേക്കും വാതിൽ തുറന്നു. ചാലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഗ്രീൻ ടീമിലും അംഗമായിരുന്നു. സച്ചിന്റെയും കോഹ്‌ലിയുടെയും ആരാധകനായ വത്സൽ ലെഗ് സ്പിന്നറും കൂടിയാണ്.
അമ്മയുടെ കളരിയിലൂടെ
ചാലക്കുടി സ്വദേശി ഗോവിന്ദ് കനകന്റെയും ഡൽഹി സ്വദേശി റൂമ ഗോവിന്ദ് ശർമ്മയുടെയും മകനായ വത്സൽ, അമ്മ ആരംഭിച്ച ക്രിക്കറ്റ് അക്കാദമിയിലൂടെയാണു കളിച്ചു തെളിഞ്ഞതെന്ന അപൂർവതയുമുണ്ട്.
ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലാതിരുന്ന റൂമ മകന്റെ ക്രിക്കറ്റ് ഭ്രമത്തിനു കൂട്ടായാണ് അക്കാദമി തുടങ്ങിയത്. സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെയുള്ളവരുടെ ഗുരുവായ രമാകാന്ത് അച്‌രേക്കറുടെ ഡൽഹിയിലെ അക്കാദമിയിൽ കളി പഠിച്ചു തുടങ്ങിയ വൽസൽ അതോടെ അമ്മയുടെ തട്ടകത്തിലേക്കു മാറി.
ഉഷ അപ്ലൈയൻസിലെ ഉദ്യോഗസ്ഥനായ അച്ഛൻ ഗോവിന്ദിന് നാട്ടിലേക്കു സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് വത്സലും രണ്ടു വർഷം മുൻപ് കേരളത്തിലേക്ക് ചേക്കേറുന്നത്. തൃശൂർ കേരള വർമയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
∙ ശ്രീകുമാർ നായർ(മുൻ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ) : വത്സലിന്റെ കളി അടുത്തു നിന്നു വീക്ഷിക്കുന്നരൊളാണു ഞാൻ. ഈ പ്രായത്തിൽ തന്നെ മികവിനൊപ്പം ഏറെ പക്വതയും നേടിയ കളിക്കാരനാണ്. എടുത്തുചാട്ടവും ആവേശവുമില്ലാതെ ശാന്തമായി ബാറ്റ് ചെയ്യാനറിയാം. സ്പിന്നറും നല്ല ഫീൽഡറും കൂടിയാണ്. ദേശീയ തലത്തിലുള്ള ടൂർണമന്റിൽ 1000 റൺസിലധികം സകോർ ചെയ്യുക എന്നത് നിസാരമല്ല. സ്ഥിരതയാണു പ്രധാനം. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെ നേരിടുന്ന ഇന്ത്യൻ ടീമിൽ വത്സൽ ഇടം നേടട്ടെ...
∙ വത്സൽ ഗോവിന്ദ്(കൂച്ച് ബിഹാർ ക്വാർട്ടറിനിടെ പറഞ്ഞത്): കുച്ച് ബിഹാർ ട്രോഫിയിൽ നന്നായി കളിച്ചെങ്കിലും ക്വാർട്ടറിൽ ഇന്നലെ സ്കോർ ചെയ്യാതെ പുറത്തായതു വലിയ നിരാശയാണ്. ബാറ്റിങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ കളിയിൽ ഇത്തരം നിർഭാഗ്യകരമായ കാര്യങ്ങളും സംഭവിക്കും. സീസണിലെ ആകെ പ്രകടനം ആത്മവിശ്വാസം തരുന്നതാണ്. വലിയ ലക്ഷ്യങ്ങളോ സ്വപ്നമോ മുന്നിൽ വയ്ക്കുന്നില്ല. കളിയിൽ കൂടുതൽ മികവ് നേടുക എന്നതിൽ മാത്രമാണു ശ്രദ്ധ. ബാക്കിയെല്ലാം അതിന്റെ വഴിക്കു വന്നുകൊള്ളും.
ആറു ലക്ഷം രൂപ സമ്മാനം; ക്ലബുകൾക്ക് അപേക്ഷിക്കാം
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബുകൾക്ക് മലയാള മനോരമയുടെ കായിക പുരസ്കാരങ്ങൾ. കായികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബിന് മനോരമ സ്പോർട്സ് ക്ലബ്– 2018 ട്രോഫിയും മൂന്നു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനങ്ങൾ. അഫിലിയേഷൻ നമ്പറും നേട്ടങ്ങളും ഉൾപ്പെടെയുള്ള അപേക്ഷകൾ അയയ്ക്കേണ്ട വിലാസം:
സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, പിബി നമ്പർ 26, മലയാള മനോരമ, കെ.കെ. റോഡ്, കോട്ടയം. 686001
(വിശദമായ നിബന്ധനകൾ ജനുവരി 22ലെ കായികം പേജിൽ).
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം: ഫെബ്രു 4
സംശയങ്ങൾക്ക് വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)