ധോണി ട്വന്റി20 നിർത്തണമെന്ന് ലക്ഷ്മണും അഗാർക്കറും; തിരുവനന്തപുരത്ത് കണ്ണുകൾ ധോണിയിൽ

 തിരുവനന്തപുരം ∙ ഇന്ന് ആകാംക്ഷയുടെ കണ്ണുകൾ കോഹ്‌ലിയിലാണെങ്കിൽ ആശങ്കയുടെ നോട്ടമെല്ലാം ധോണിക്കു മേലാണ്. ആദ്യ ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച നായകൻ ഈ വെടിക്കെട്ടു ഫോർമാറ്റിൽനിന്നു വിരമിക്കാൻ സമയമായെന്നു സ്വതവേ മിതവാദിയായ വി.വി.എസ്.ലക്ഷ്മണും അജിത് അഗാർക്കറും വെടിപൊട്ടിച്ചിരിക്കുന്നു.

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ അവശ്യ സമയത്ത് ഇഴഞ്ഞുപോയ ധോണിയുടെ ബാറ്റിങ്ങാണു പ്രതിസ്ഥാനത്ത്. 37 ബോളിൽ 49 റൺസുമായി (സ്ട്രൈക്ക് റേറ്റ് 132) കോഹ്‌ലിക്കു പിന്നിൽ മികച്ച രണ്ടാമത്തെ സ്കോററായിരുന്നു ധോണി. ബൗണ്ടറികളും സിക്സറുകളുമായി 26 റൺസടിച്ച ധോണിക്കു മറ്റു 32 ബോളുകളിൽനിന്നു നേടാനായത് 23 റൺസ് മാത്രം

∙ കണക്കുകൾ പറയുന്നു

കഴിഞ്ഞ വർഷം 21 കളികളിലെ 16 ഇന്നിങ്സുകളിലായി 238 റൺസടിച്ച ധോണി ഈ വർഷം ഒൻപതു കളികളിലെ എട്ട് ഇന്നിങ്സുകളിലായി 169 റൺസാണ് ഇതുവരെ നേടിയത്. ശരാശരി 33.80. സ്ട്രൈക്ക് റേറ്റ് 131. കരിയറിലെ മികച്ച രണ്ടു സ്കോറുകളും (56, 49) പിറന്നതും ഈ വർഷം. പ്രശ്നം ഗ്രൗണ്ടിലെത്തി പൊരുത്തപ്പെടാൻ സമയം എടുക്കുന്നു എന്നതും സ്ട്രൈക്ക് കൈമാറി സ്കോറിങ്ങിന്റെ ഒഴുക്കു നിലനിർത്തുന്നതിൽ വീഴ്ച സംഭവിക്കുന്നു എന്നതുമാണ്.

ധോണിയെ ട്വന്റി20യിൽ ഓപ്പണറാക്കണമെന്നാണു സൗരവ് ഗാംഗുലിയുടെ നിർദേശം. നാലാമനെങ്കിലുമാക്കിയാലും പൊരുത്തപ്പെടാനും മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കാനും കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

∙ വേഗരാജൻ

കളിവേഗം ചോദ്യം ചെയ്യപ്പെടുമ്പോഴും പരിചയ സമ്പത്തിലും ക്രിക്കറ്റ് ബുദ്ധിയിലും ശാരീരിക ക്ഷമതയിലും പകരംവയ്ക്കാൻ മറ്റൊരാളില്ല കൂട്ടത്തിൽ എന്നതാണു 36-ാം വയസ്സിലും ധോണിയുടെ മൂല്യം. സിംഗിളുകളെ ഡബിളാക്കിയും ഡബിളിനെ ട്രിപ്പിളാക്കിയും ധോണിയോളം വേഗത്തിൽ ക്രീസിനിടയിൽ കുതിക്കാൻ പോന്ന മറ്റൊരു കളിക്കാരൻ ക്രിക്കറ്റിലില്ല. കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരെ ഗുവാഹത്തിയിൽ നടന്ന ട്വന്റി20 മൽസരത്തിൽ രണ്ടാം റണ്ണിനായി ധോണി നോൺ സ്ട്രൈക്ക് എൻഡിൽനിന്നു സ്ട്രൈക്കർ എൻഡിലേക്ക് ഓടിയെത്തിയതു 31 കിലോ മീറ്റർ എന്ന റെക്കോർഡ് വേഗത്തിലായിരുന്നു. 

വേഗങ്ങളുടെ രാജാവായ സാക്ഷാൽ ഉസൈൻബോൾട്ടിന്റെ ശരാശരി വേഗം 37.58 കിലോമീറ്ററാണെന്ന് അറിയുമ്പോഴാണ് ബാറ്റും പാഡും ഹെൽമറ്റും ഉൾപ്പെടെയുള്ള അധിക ഭാരവും വഹിച്ചുകൊണ്ടുള്ള ധോണിയുടെ കുതിപ്പിനെ നമിച്ചുപോവുക.

യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ ധോണി ട്വന്റി20യിൽ നിന്ന് മാറിനിൽക്കേണ്ട സമയമായി. ക്രീസിൽ നിലയുറപ്പിക്കാൻ ധോണിക്ക് ഒരുപാടു സമയം വേണ്ടിവരുന്നു. ഇത് രണ്ടാം ട്വന്റി20യിലെ സ്ട്രൈക്ക് റേറ്റിൽ പ്രകടമായി. പക്ഷേ ഏകദിനത്തിൽ ധോണി ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്. 

                        - വി.വി.എസ്. ലക്ഷ്മൺ (രാജ്കോട്ട് ട്വന്റി20യ്ക്കുശേഷം പറഞ്ഞത്)

ട്വന്റി20യില്‍ ധോണിയുടെ റോളിനെക്കുറിച്ച് ടീം മാനേജ്മെന്റ് അദ്ദേഹത്തോടു വിശദീകരിക്കണം. ഇ ന്ത്യന്‍ ടീമിനു ധോണി വിലപ്പെട്ടതാണ്. പക്ഷേ ടീമിന്റെ ആവശ്യത്തിനനുസരിച്ചു ധോണിയും കളിശൈലി മാറ്റണം. ധോണി വിരമിക്കണമെന്ന് ആരും തല്‍ക്കാലം ആവശ്യപ്പെടേണ്ട. വിരമിക്കാന്‍ സമയമാകുമ്പോള്‍ അയാള്‍ സ്വയം കളി മതിയാക്കും. 

                        - വിരേന്ദര്‍ സേവാഗ്