തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് 1988 ജനുവരി 24ന്. ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങളിൽ അന്നു ജനിച്ചിട്ടുള്ളത് നാലുപേർ മാത്രം. കോഹ്‌ലി ജനിക്കുന്നതു പിന്നെയും 10 മാസങ്ങൾ കഴിഞ്ഞാണ്..
രോഹിത് ശർമ
രോഹിത്തിന് അന്ന് ഒരുവയസ്സ്. അമ്മ പൂർണിമ ആന്ധ്ര സ്വദേശിയായതിനാൽ അൽപസ്വൽപം തെലുങ്കുഭാഷയൊക്കെ പറയാൻ പഠിച്ചു തുടങ്ങുന്നു. അച്ഛനു മുംൈബയിൽ ജോലിയായതിനാൽ മുത്തച്ഛനും മുത്തശ്ശിയുമാണ് കുഞ്ഞുരോഹിതിനെ പരിചരിച്ചിരുന്നത്.
ശിഖർ ധവാൻ
ഇന്നു മീശപിരിച്ചു നടക്കുന്ന ധവാൻ അന്നു മൂന്നുവയസ്സുകാരൻ. 1985ൽ പഞ്ചാബിലാണു ജനനം. കളി പഠിച്ചുതുടങ്ങുമ്പോൾ വിക്കറ്റ് കീപ്പറായിരുന്നു ധവാൻ! പിന്നീടാണ് ലക്ഷ്യം മാറിയത്. 12ാം വയസ്സു മുതൽ കളിപരിശീലനം കാര്യമായി.
മഹേന്ദ്രസിങ് ധോണി
വീട്ടുകാരുടെ മഹിക്ക് അന്ന് ഏഴു വയസ്സ്. അമിതാഭ് ബച്ചനോടാണു വീരാരാധന. അൽപം കൂടി വളർന്നപ്പോൾ ആരാധന സച്ചിനിലേക്കും ആഡം ഗിൽക്രിസ്റ്റിലേക്കും പടർന്നു. ഗില്ലിയെപ്പോലൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാകണമെന്നായിരുന്നു കുട്ടിക്കാല ആഗ്രഹം.
ദിനേഷ് കാർത്തിക്
ഡികെ എന്ന ദിനേഷ് കാർത്തിക്കിന് അന്ന് മൂന്നു വയസ്സ്. കുവൈത്തിലായിരുന്നു കുട്ടിക്കാലത്തിന്റെ തുടക്കം. അച്ഛൻ ജോലിയുപേക്ഷിച്ചു ചെന്നൈയിലേക്കു മടങ്ങിയെത്തിയപ്പോൾ ഡികെയും ചെന്നൈക്കാരനായി. പത്താം വയസ്സിലാണ് കളിച്ചു തുടങ്ങുന്നത്.
വിരാട് കോഹ്‌ലി
ഇന്ത്യൻ നായകൻ അന്നു ജനിച്ചിട്ടില്ല. പിന്നെയും 10 മാസങ്ങൾ കഴിഞ്ഞാണ് കോഹ്‌ലിയുടെ പിറവി. 1988 നവംബർ അഞ്ചിന്. ചീക്കു എന്ന ചെല്ലക്കുട്ടിയിൽ നിന്നു വിരാട് കോഹ്‍ലി എന്ന സൂപ്പർതാരത്തിലേക്കു കോഹ്‌ലി പിന്നീടു മാറിയതു ചരിത്രം.