തുലാമഴയെ തോൽപ്പിച്ച നീലക്കടൽ... പ്രിയദർശൻ എഴുതുന്നു...

ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 മൽസരം കാണാനെത്തിയ ഇന്ത്യൻ ആരാധകർ. ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

ആദ്യം കയ്യടിക്കേണ്ടത് ഈ കാണികൾക്കാണ്. വാശിപോലെ നിന്നുപെയ്ത മഴയോട് തോൽക്കാൻ മനസ്സില്ലെന്നു പ്രഖ്യാപിച്ച് ചാറ്റൽമഴ നനഞ്ഞു മണിക്കൂറുകൾ ക്ഷമയോടെ കളി തുടങ്ങാൻ കാത്തിരുന്ന അവരാണ് തിരുവനന്തപുരത്തെ യഥാർഥ ചാംപ്യൻമാർ. കളി അനിശ്ചിതത്വത്തിലായിട്ടും നിറഞ്ഞ ഗാലറികളിൽ നിന്ന് ഒരാളും മടങ്ങിപ്പോയില്ല. ആരും അക്ഷമരായതുമില്ല. ശാന്തമായ നീലക്കടലായിരുന്നു ഗാലറികൾ. മൂന്നു പതിറ്റാണ്ടിനു ശേഷം തിരുവനന്തപുരത്തെത്തിയ രാജ്യാന്തര ക്രിക്കറ്റിനെ എങ്ങനെ കെടുത്താം എന്നുറപ്പിച്ചായിരുന്നു മഴയെങ്കിൽ എങ്ങനെയും നടത്തും എന്നു തീരുമാനിച്ചുറപ്പിച്ച കെസിഎ ഉൾപ്പെടെയുള്ള സംഘാടകർക്കും കൊടുക്കണം നിറഞ്ഞ കയ്യടി.

ഏറ്റവും മികച്ച ഡ്രെയ്നേജ് സൗകര്യങ്ങളുള്ള സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലും സംഘാടകരിലുമുള്ള വിശ്വാസമായിരുന്നു അത്. ആ വിശ്വാസം പാഴായില്ല. പെയ്ത മഴ ഒരു തുള്ളി കെട്ടിനിൽക്കാതെ കുടിച്ചുതീർത്ത മൈതാനവും അർഹിക്കുന്നു വലിയൊരു കയ്യടി. കേരള ക്രിക്കറ്റിന് വലിയൊരു മുതൽക്കൂട്ടാവും ഈ മൈതാനം എന്നുറപ്പ്. 

കേരളത്തിന്റെ മാത്രമല്ല, പാതി തമിഴ്നാടിന്റെയും ഹോം ഗ്രൗണ്ടാണ് തിരുവനന്തപുരം. കന്യാകുമാരിയും മധുരയും ഉൾപ്പെടുന്ന തെക്കൻ തമിഴ്നാട്ടിലെ കളിപ്രേമികളും കളി കാണാനെത്തിയത് ഇവിടെയാണ്. ചെന്നൈയിൽ പോകുന്നതിനെക്കാൾ അവർക്ക് സാമീപ്യം രണ്ടോ മൂന്നോ മണിക്കൂറുകൾ യാത്ര ചെയ്താൽ എത്തുന്ന നമ്മുടെ  തലസ്ഥാനമാണ്. ഇന്നലെ ഇവിടെ കളികാണാനെത്തിയതിൽ നല്ലൊരു പങ്ക്  തമിഴ്നാട്ടുകാരും ഉണ്ടായിരുന്നു. 

ആറ്റുനോറ്റിരുന്ന് കൺമുന്നിലെത്തിയ ക്രിക്കറ്റ് ഉൽസവം മഴയിൽ ഒലിച്ചുപോയിരുന്നെങ്കിലോ? കേരള ക്രിക്കറ്റിന് മറ്റൊരു ദയനീയ ചരിത്രമാവുമായിരുന്നു അത്. ഇന്നലെ ഇതേ കോളത്തിൽ പറഞ്ഞപോലെ കേരളത്തിന്റെ ക്രിക്കറ്റ് വളർച്ചയിൽ വലിയൊരു വിഘാതമായതു മഴയുടെ തോന്ന്യാസക്കളിയാണ്. 1984ൽ തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ ആദ്യ രാജ്യാന്തര മൽസരമായ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം മഴയി‍ൽ മുങ്ങിപ്പോയതിൽ തുടങ്ങിയതാണത്. പക്ഷേ ഇത്തവണ മഴ തോറ്റു. 

ഒരു രാജ്യാന്തര ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിന്റെ അധ്വാനം അറിഞ്ഞാലേ അതിന്റെ നഷ്ടത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയുകയുള്ളൂ. രണ്ടു മാസത്തെയെങ്കിലും നൂറുകണക്കിനു പേരുടെ പ്രയത്നമുണ്ടതിനു പിന്നിൽ. കളിക്കാരും കളി സൗകര്യങ്ങളുമല്ല യഥാർഥ വെല്ലുവിളി. മറിച്ച്, ഇത്രയേറെ കാണികളെ മാനേജ് ചെയ്യുക എന്നതാണ്. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെ എത്രയോ വകുപ്പുകളുടെ ഏകോപനത്തിന്റെ വിജയം കൂടിയാണത്.

ടിക്കറ്റെടുക്കുന്ന ഓരോരുത്തരുടെയും സുരക്ഷയും സൗകര്യങ്ങളും സംഘാടകരുടെ ഉത്തരവാദിത്തമാണ്. എല്ലാം ഭംഗിയായാലും ഒരു ചെറിയ അനിഷ്ടസംഭവം പോലും ഈ അധ്വാനത്തിന്റെയെല്ലാം ശോഭ കെടുത്തും. സാമ്പത്തികവശം വേറെ. ഒരു ബോൾ പോലും എറിയാതെ  കളി ഉപേക്ഷിക്കേണ്ടിവന്നാൽ ടിക്കറ്റിന്റെ പണം മുഴുവൻ മടക്കിക്കൊടുക്കേണ്ടി വരും. അതിന്റെ ബുദ്ധിമുട്ടും ചെറുതല്ല. ഒരുക്കിവച്ച ഭക്ഷണം പാഴാവുന്നതുൾപ്പെടെയുള്ള നഷ്ടങ്ങൾ വേറെ. 

ഇതു തുലാമഴക്കാലമാണ്. അതിനെ തോൽപ്പിച്ച് കളി ജയിപ്പിക്കാനായി എന്നതു വലിയ നേട്ടം തന്നെ. പക്ഷേ വേദി നിശ്ചയിക്കുമ്പോൾ മഴക്കാലമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും കൂടി പരിഗണിക്കേണ്ടതല്ലേ ? ക്രിക്കറ്റ് നേതൃത്വം ചിന്തിക്കേണ്ട കാര്യമാണത്.