മഴ പെയ്തപ്പോൾ ഇന്ത്യ ‘ഗെയിം പ്ലാൻ’ മാറ്റി; കാണികൾക്ക് ആശ്വാസമായി താരങ്ങളുടെ ഫുട്ബോൾ

തിരുവനന്തപുരം∙ ക്രിക്കറ്റ് കാണാനെത്തിയവർക്കു മഴയൊരുക്കിയ ആശങ്കയ്ക്കിടെ ആശ്വാസവിരുന്നായതു താരങ്ങളുടെ ഫുട്ബോളായിരുന്നു. മനംമടുപ്പിക്കുന്ന മഴയിലും ആവേശം കൈവിടാതെ ഒഴുകിയെത്തിയ കാണികൾക്കു മുന്നിൽ കോഹ്‌ലിയും കൂട്ടുകാരും പന്തു തട്ടാനിറങ്ങിയത് ചാറ്റൽ മഴ വകവയ്ക്കാതെയാണ്. രോഹിത് ശർമയും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും മുഹമ്മദ് സിറാജുമായിരുന്നു നായകനു ഫുട്ബോൾ കൂട്ട്. ഡ്രസിങ് റൂമിനു മുന്നിൽ മുക്കാൽ മണിക്കൂറോളം അവർ ഫുട്ബോൾ വൈഭവം കാട്ടി പന്തുതട്ടി. 

മഴ പെയ്തു നിൽക്കെ വൈകിട്ട് അ‍ഞ്ചിനു ന്യൂസീലൻഡ് ടീമാണ് ആദ്യം സ്റ്റേഡിയത്തിലെത്തിയത്. കാൽ മണിക്കൂറിനുശേഷം പതിവിലുമേറെ പൊലീസ് വാഹനങ്ങളുടെയും ആംബുലൻസിന്റെയും അകമ്പടിയോടെ ഇന്ത്യൻ ടീമും എത്തി. ഗ്രൗണ്ടിലേക്ക് ഒന്ന് എത്തിനോക്കിയശേഷം മഴചാറ്റൽ ശമിക്കുംവരെ ഡ്രസിങ് റൂമിൽത്തന്നെയിരുന്ന കളിക്കാർ ആറരയോടെ സൈഡ് ബെഞ്ചിലെത്തി. പിന്നെ കാണികൾക്കൊപ്പം മാനം നോക്കിയിരിപ്പായി. സമയം പോക്കാൻ ഇന്ത്യൻ ടീം ഒരു കളി പ്ലാൻ ചെയ്തത് അപ്പോഴാണ്. 

ബൗണ്ടറി ലൈനിനുള്ളിലായിട്ട കസേരയ്ക്കുമേൽ വച്ച വെള്ളക്കുപ്പി സൈഡ് ബെഞ്ചിലിരുന്നു ത്രോ ചെയ്തു വീഴ്ത്തുക എന്നതായിരുന്നു കളി. കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ത്രോ അഭ്യാസം. പിന്നാലെയായിരുന്നു ഫുട്ബോൾ കളി. അതുവരെ ഒപ്പമുണ്ടായിരുന്ന ദിനേശ് കാർത്തിക്കും ബുമ്രയും ഫുട്ബോൾ കളിയിൽ ഒപ്പം കൂടിയില്ല. ഇതിനിടെ കിവീസ് നായകൻ വില്യംസണും സോധിയും ഇന്ത്യക്കാരുടെ കളിരസം കണ്ടു മടങ്ങി. 

വട്ടത്തിൽ കൂടിനിന്ന് ബോൾ നിലത്തു വീഴാതെ പാസ് ചെയ്തു തുടങ്ങിയ കളി ഒടുവിൽ കസേരകൾകൊണ്ടൊരുക്കിയ പോസ്റ്റിലേക്കു ഗോളടിക്കുന്ന രീതിയിലായി. അതിനിടെ ഏഴോടെ ഡ്രസിങ് റൂമിൽനിന്ന് എം.എസ്.ധോണിയുംകൂടി പുറത്തേക്കെത്തി. കാത്തിരിപ്പിനൊടുവിൽ ഇഷ്ടതാരത്തെ കാണാനായതോടെ ഗാലറിയിലെ ആരാധകർ ഇളകി മറിഞ്ഞു. ധോണിയെ കോ‌ഹ്‌ലിയും കൂട്ടരും കളിക്കാൻ വിളിച്ചെങ്കിലും കൈകൊണ്ടു വിസമ്മതം അറിയിച്ച് അതിവേഗം ധോണി ഡ്രസിങ് റൂമിലേക്കു മടങ്ങി. 

പിന്നീടു മഴ പൂർണമായും പിൻമാറാനുള്ള പ്രാർഥനയും കാത്തിരിപ്പും. അതിനിടെ ഗാലറികളിൽ മെക്സിക്കൻ തിരമാലകൾ അലയടിച്ചു.  എട്ടേകാലിനു ഗ്രൗണ്ടിനു മധ്യത്തിൽ മൂടിയിരുന്ന ടാർപോളിനുകൾ ഒന്നൊന്നായി മാറ്റിയതോടെ ആശങ്കയുടെ മുൾമുനയിലായിരുന്ന ഗാലറികളിൽ സന്തോഷത്തിരയാട്ടം. മിന്നാമിന്നിക്കൂട്ടം ഒഴുകിയെത്തിയപോലെ മൊബൈൽ ക്യാമറ ലൈറ്റുകൾ തെളിച്ചു പാറിച്ചാണ് അവർ സന്തോഷം പ്രകടിപ്പിച്ചത്. എട്ടരയോടെ പിച്ചിലെ മൂടിയും മാറ്റി. ഇരുടീമിന്റെയും നായകൻമാരും പരിശീലകരും അംപയർമാർക്കൊപ്പം പിച്ച് പരിശോധിക്കുമ്പോൾ നെഞ്ചിടിച്ചതു കാണികൾക്കാണ്. ഒടുവിൽ കളിക്കാനുള്ള തീരുമാനമായി പിച്ചൊരുക്കം തുടങ്ങിയതോടെ ക്ഷമയുടെ അങ്ങേയറ്റത്തായിരുന്ന ഗാലറികളിൽ ഉൽസവത്തുടക്കമായി. 

ടോസ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതിന്റെ നിരാശ ന്യൂസീലൻഡ് ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തതോടെ തീർന്നു. ഒടുവിൽ കളിപ്രേമികളുടെ പ്രാർഥനയ്ക്കു മുന്നിൽ പഴിയേറെക്കേട്ട മഴ കീഴടങ്ങി. രണ്ടര മണിക്കൂർ വൈകി രാത്രി 9.30നു രോഹിത് ശർമ ധവാനൊപ്പം ആദ്യ ബോൾ നേരിടുമ്പോൾ, പൊലിഞ്ഞുപോകുമെന്നു കരുതിയ ഒരു സ്വപ്നം യാഥാർഥ്യമായ നിർവൃതിയിലായിരുന്നു സംഘാടകരും കളിപ്രേമികളും.