വനിതാ ട്വന്റി–20 ലോകകപ്പ്: അയർലൻഡിനെ 52 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയിൽ

അർധ സെഞ്ചുറി നേടിയ മിതാലി രാജ് അയർലൻഡിനെതിരെ ബാറ്റിങ്ങിൽ.

ഗയാന∙ വനിതാ ട്വന്റി–20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ. അയർലൻഡിനെ 52 റൺസിന് തകർത്താണ് നായിക ഹർമൻപ്രീതും കൂട്ടരും സെമി ബർത്ത് ഉറപ്പിച്ചത്. 2010 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ എത്തുന്നത്. 

അർധ സെഞ്ചുറി നേടിയ ഓപ്പണർ മിതാലി രാജിന്റെ പ്രകടനം ഇന്ത്യൻ ജയത്തിന് തിളക്കമേറ്റി. 56 പന്തിൽ 51 റൺസെടുത്താണ് മിതാലി പുറത്തായത്. വനിതാ–പുരുഷ ട്വന്റി20 മൽസരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന നേട്ടത്തിൽ മിതാലി രാജ് മുന്നേറ്റം തുടരുകയാണ്. 2283 റൺസാണ് മിതാലി ട്വന്റി20യിൽ ഇതുവരെ കുറിച്ചത്. 2207 റൺസോടെ രോഹിത് ശർമയും 2102 റൺസോടെ വിരാട് കോഹ്‌ലിയുമാണ് തൊട്ടുപിന്നിൽ.

ഇന്ത്യ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 93 റൺസിന് പോരാട്ടം അവസാനിച്ചു. 38 പന്തിൽ നിന്ന് 33 റൺസെടുത്ത ഇസബെൽ ജോയ്സ് മാത്രമാണ് അയർലൻഡ് നിരയിൽ തിളങ്ങിയത്. രാധാ യാദവിന്റെ പതിനെട്ടാം ഓവറിന്റെ അവസാന മൂന്നു പന്തിൽ ഒരു റൺഔട്ട് ഉൾപ്പെടെ മൂന്നു വിക്കറ്റുകളാണ് അയർലൻഡിന് നഷ്ടമായത്.

ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നു വിക്കറ്റും ദീപ്തി ശർമ രണ്ടു വിക്കറ്റും നേടി. ടോസ് നഷ്ടമായ ഇന്ത്യയെ അയർലൻഡ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന മികച്ച സ്കോറിന് ഇന്ത്യയ്ക്കു പിന്തുണയായത് മിതാലിയുടെ അർധ സെഞ്ചുറിക്കൊപ്പം സ്മൃതി മന്ദാന 29 പന്തിൽ നേടിയ 33 റൺസാണ്. അയർലൻഡിനായി കിം ഗാർത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

അർധ സെഞ്ചുറി നേടിയ മിതാലി രാജ് അയർലൻഡിനെതിരെ ബാറ്റിങ്ങിൽ.

ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഉൾപ്പെടെ ആദ്യ രണ്ടു മൽസരങ്ങളിൽ ഇന്ത്യയുടെ വിജയം തികച്ചും ആധികാരികമായിരുന്നു. ന്യൂസീലൻ‍ഡിനെതിരെ തീപ്പൊരി സെഞ്ചുറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടൂർണമെന്റിലേക്കുള്ള ഇന്ത്യൻ കാണികളുടെ ആവേശത്തിനും തീ കൊളുത്തുകയും ചെയ്തു. ട്വന്റി 20 രാജ്യാന്തര മൽസരത്തിലെ ഒരു ഇന്ത്യക്കാരിയുടെ ആദ്യ സെഞ്ചുറിയാണ് ഹർമൻ ന്യൂസീലൻഡിനെതിരെ നേടിയത്. വെറും 51 പന്തിലായിരുന്നു ആ 103 റൺസ്.