ഇത്തവണ മന്ഥനയുടെ ഊഴം (55 പന്തിൽ 83); ഓസീസിനെയും വീഴ്ത്തി ഇന്ത്യൻ പെൺപട

സ്മൃതി മന്ഥന അർധസെഞ്ചുറിയിലേക്ക്.

പ്രൊവിഡൻസ് (ഗയാന) ∙ വനിതാ ലോക ട്വന്റി20 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കു 48 റൺസ് ജയം. അടിച്ചു തകർത്ത ഓപ്പണർ സ്മൃതി മന്ഥനയും (55 പന്തിൽ 83, 9 ഫോർ, 3 സിക്സ്) വരിഞ്ഞു മുറുക്കിയ ബോളർമാരുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങി (27 പന്തിൽ 43, മൂന്നു ഫോർ, മൂന്നു സിക്സ്). ഇരു ടീമുകളും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.

സ്കോർ: ഇന്ത്യ– 20 ഓവറിൽ എട്ടിന് 167. ഓസ്ട്രേലിയ– 19.4 ഓവറിൽ ഒൻപതിന് 119.

പരുക്കേറ്റ മിതാലി രാജിന് ഇന്ത്യ ഇന്നലെ വിശ്രമം അനുവദിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർ താനിയ ഭാട്ടിയയെ രണ്ടാം ഓവറിൽത്തന്നെ നഷ്ടമായി. എന്നാൽ സ്മൃതി മന്ഥന താളം കണ്ടെത്തിയതോടെ സ്കോർ അതിവേഗം നീങ്ങി. 7–ാം ഓവറിൽ ജമീമ റോഡ്രിഗസിനെ നഷ്ടമാകുമ്പോൾ ഇന്ത്യൻ സ്കോർ 46 റൺസിൽ എത്തിയിരുന്നു. 4–ാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മന്ഥനയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യ വ്യക്തമായ മേൽക്കൈ നേടി. 31 പന്തിൽ നിന്നാണ് മന്ഥന അർധ സെഞ്ചുറി തികച്ചത്. അർധ സെഞ്ചുറിക്ക് ഏഴു റൺസ് അകലെ ഹർമൻപ്രീത് പുറത്തായപ്പോൾ ഇന്ത്യ 13.3 ഓവറിൽ 3 വിക്കറ്റിന് 117ൽ എത്തിയിരുന്നു.

അർധ സെഞ്ചുറി തികച്ചതിനു പിന്നാലെ മോലിനെക്സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതിന് ഫീൽഡ് അംപയർ മന്ഥനയെ ഔട്ട് വിധിച്ചിരുന്നു. എന്നാൽ പവിലിയനിലേക്കു മടങ്ങുന്നതിനു തൊട്ടു മുൻപു റിവ്യുവിനു പോകാനുള്ള തീരുമാനം മന്ഥനയെ തുണച്ചു. മന്ഥനയെ 19–ാം ഓവറിലാണ് ഇന്ത്യയ്ക്കു നഷ്ടമായത്. മറുപടി ബാറ്റിങിൽ ഓസീസിന് ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി അനൂജ പാട്ടീൽ മൂന്നും ദീപ്തി ശർമ, രാധ യാദവ്, പൂനം യാദവ് എന്നിവർ 2 വീതം വിക്കറ്റും വീഴ്ത്തി.