വനിതാ ടി20 ലോകകപ്പ് സെമി: ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽ

വീണല്ലോ: ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് റൺഔട്ടാകുന്നു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ആമി ജോൺസ് സമീപം.

നോർത്ത് സൗണ്ട്(ആന്റിഗ്വ) ∙ ഇന്ത്യയ്ക്ക് ഇത്തവണയും കപ്പിന്റെ മധുരമില്ല! ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവിക്കു പിന്നാലെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലും ഇന്ത്യയ്ക്കു തോൽവി. രണ്ടു വേദികളിലും ഇന്ത്യയെ വീഴ്ത്തിയത് ഇംഗ്ലണ്ട് തന്നെ. ഗ്രൂപ്പ് ഘട്ടത്തിലെ 4 കളിയിലും ആധികാരിക വിജയം നേടി സെമിയിലെത്തിയ ഇന്ത്യയെ ഇംഗ്ലണ്ട് 8 വിക്കറ്റിനു തറപറ്റിച്ചു. സ്കോർ: ഇന്ത്യ–19.3 ഓവറിൽ 112നു പുറത്ത്; ഇംഗ്ലണ്ട്– 17.1 ഓവറിൽ 2 വിക്കറ്റിന് 117. വെറ്ററൻ താരം മിതാലി രാജിനെ ടീമിൽ ഉൾപ്പെടുത്താതെയാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്. 

2017 ലോകകപ്പ് ഫൈനലിലെ തോൽവിക്കു പകരം വീട്ടാനിറങ്ങിയ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും ബഹുദൂരം പിന്നിലാക്കിയാണ് ഇംഗ്ലണ്ടിന്റെ വിജയം. മൽസരത്തിൽ ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യ അവസാന ഓവറുകളിൽ കൂട്ടത്തോടെ വിക്കറ്റ് വലിച്ചെറിഞ്ഞ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. ഓപ്പണർ സ്മൃതി മന്ഥന (34), ജമീമ റോഡ്രിഗസ് (26) എന്നിവരൊഴികെയുള്ളവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. 13.4 ഓവറിൽ 2 വിക്കറ്റിന് 89 എന്ന സ്കോറിനോട് 24 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യൻ ഇന്നിങ്സിന് തിരശീല വീണു. 

ചെറിയ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് 24 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേർന്ന എലെൻ ജോൺസ്– നതാലി സീവർ സഖ്യം ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു. ജോൺസ് 53 റൺസും നതാലി 52 റൺസും നേടി. ഞായറാഴ്ച ഫൈനലിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. 

വനിതാ ലോക ട്വന്റി20 സെമിയിൽ ഇന്ത്യ തോറ്റു പുറത്താകുന്നതു മൂന്നാം വട്ടം‌. 2009ൽ ന്യൂസീലൻഡും 2010ൽ ഓസ്ട്രേലിയയുമാണ് ഇന്ത്യയെ സെമിയിൽ കീഴടക്കിയത്.