കായികവകുപ്പിന് കിഫ്ബി വക 115.19 കോടി; കേരളത്തിൽ 9 സ്റ്റേഡിയങ്ങൾ കൂടി

തിരുവനന്തപുരം ∙ സംസ്ഥാനത്തു രാജ്യാന്തര നിലവാരത്തിലുള്ള ഒൻപതു സ്റ്റേഡിയങ്ങൾകൂടി നിർമിക്കാൻ പദ്ധതി. സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനു കായികവകുപ്പിന് കിഫ്ബി 115.19 കോടി രൂപ അനുവദിച്ചു. നിലവിലുള്ള ചെറു മൈതാനങ്ങൾ നവീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളാക്കി മാറ്റാനാണു പദ്ധതി. സ്റ്റേഡിയങ്ങളിലെല്ലാം സിന്തറ്റിക് ട്രാക്കുകളും നിർമിക്കും.

സ്കൂൾ മൈതാനങ്ങളിൽ സ്റ്റേഡിയം നിർമിക്കുന്നതിനൊപ്പം സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കണമെന്നും ജിംനേഷ്യം ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കായിക മന്ത്രാലയം സമർപ്പിച്ച പദ്ധതിറിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനും തുക അനുവദിച്ചിട്ടുണ്ട്. കിറ്റ്കോയ്ക്കാണു പദ്ധതിയുടെ മേൽനോട്ടം. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണു പദ്ധതി.

പുതിയ സ്റ്റേഡിയങ്ങൾ (പദ്ധതി തുക ബ്രായ്ക്കറ്റിൽ) 

1. പ്രീതികുളങ്ങര സ്കൂൾ സ്റ്റേഡിയം, ആലപ്പുഴ (5.5 കോടി രൂപ)

2. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം (8.66 കോടി)

3. എടപ്പാൾ ഗവ. എച്ച്എസ്എസ് സ്റ്റേഡിയം, മലപ്പുറം (6.82 കോടി)

4. നിലമ്പൂർ മിനി സ്റ്റേഡിയം, മലപ്പുറം (17.24 കോടി)

5. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, കാസർകോട് (20.55 കോടി )

6. തലശ്ശേരി നഗരസഭാ സ്റ്റേഡിയം, കണ്ണൂർ (13.05 കോടി )

7. ചാത്തന്നൂർ തിരുമിറ്റാംകോട് എച്ച്എസ്എസ് സ്റ്റേഡിയം, പാലക്കാട് (8.87 കോടി) 

8. കൽപറ്റ ജില്ലാ സ്റ്റേഡിയം, വയനാട് (18.68 കോടി)

9. കൊടുമൺ ഇഎംഎസ് സ്റ്റേഡിയം, പത്തനംതിട്ട  (15.82 കോടി)