കൊച്ചി ∙ സംസ്ഥാനത്തെ കായിക കേന്ദ്രങ്ങളുടെയും കളിസ്ഥലങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും വിവരങ്ങൾ ഇരുന്നൂറോളം താളുകളിലേക്ക് ഒതുക്കിക്കൊണ്ട് ‘സ്പോർട്സ് ഗൈഡ്’ ഒരുങ്ങുന്നു.
കായിക യുവജനക്ഷേമ മന്ത്രാലയത്തിന്റെയും സ്പോർട്സ് വകുപ്പിന്റെയും നിയന്ത്രണത്തിൽ തയാറാക്കുന്ന സ്പോർട്സ് ഗൈഡിൽ കായികകേരളത്തിന്റെ നേർചിത്രം ലഭ്യമാക്കാനാണു ശ്രമം. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സ്പോർട്സ് കൗൺസിൽ എന്നിവയ്ക്കു കീഴിലുള്ള കളി സ്ഥലങ്ങളുടെയും സ്വകാര്യ നിയന്ത്രണത്തിലുള്ള കളിസ്ഥലങ്ങളുടെയും വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്പോർട്സ് ക്വാട്ട നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങളും വിവിധ സ്കോളർഷിപ് പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും ഗൈഡിലുണ്ടാവും. ഏപ്രിൽ പകുതിയോടെ ഗൈഡ് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിന്റെ ഒളിംപ്യൻമാരെ കുറിച്ചും ഇപ്പോഴത്തെ ദേശീയ, രാജ്യാന്തര താരങ്ങളെ കുറിച്ചുമുള്ള സംക്ഷിപ്ത വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തും. അതിലുപരിയായി സംസ്ഥാനത്തെ കായിക രംഗത്തെ കുറിച്ചുള്ള റഫറൻസ് ഗ്രന്ഥമായി സ്പോർട്സ് ഗൈഡ് മാറ്റാനാണു വകുപ്പ് ലക്ഷ്യമിടുന്നത്. ‘ഖേലോ ഇന്ത്യ’ പദ്ധതിക്കു കീഴിലുള്ള 83 കായിക ഇനങ്ങളിൽ ഭൂരിഭാഗത്തേയും പരിചയപ്പെടുത്താനും ഇവയുടെ നിയമാവലി ക്രോഡീകരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽ പ്രചാരത്തിലുള്ള കായിക ഇനങ്ങൾക്കായിരിക്കും മുൻഗണന നൽകുക.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനം. ഓരോ ജില്ലയിലുമുള്ള കളി സ്ഥലങ്ങളും നീന്തൽക്കുളങ്ങളും ഗൈഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നവരുടെ വിലാസവും ഉൾപ്പെടുത്തും. സ്പോർട്സ് കൗൺസിൽ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ എന്നിങ്ങനെ പലവിധ നിയന്ത്രണങ്ങളിലാണ് കളിക്കളങ്ങൾ ഉള്ളത്. സ്വകാര്യ മേഖലയിലുള്ള ജിംനേഷ്യം, നീന്തൽക്കുളം, മറ്റു കളിസ്ഥലങ്ങൾ എന്നിവയുടെ വിവരങ്ങളും ഗൈഡിൽ ഉൾക്കൊള്ളിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കായികമേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും ഉണ്ടാവും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പരിശീലന പരിപാടികളെ കുറിച്ചുള്ള വിവരങ്ങളും പരിശീലന കേന്ദ്രങ്ങളുടെ വിലാസങ്ങളും ഉൾപ്പെടുത്തും.