Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക് അസോസിയേഷൻ പിടിക്കാൻ കടുത്ത പോരാട്ടം

athletics-track-and-medal

കോഴിക്കോട് ∙ കേരള ഒളിംപിക് അസോസിയേഷൻ ഭരണം പിടിക്കാൻ സർക്കാർ പിന്തുണയോടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹി ഉൾപ്പെടെയുള്ളവർ രംഗത്ത്. ‘സർക്കാർ സ്പോൺസേഡ്’ പാനലിനെതിരെ ഗുസ്തി ഫെഡേറഷന്റെ ദേശീയ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള വിഭാഗം മൽസരത്തിന്. 20നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ഇരുവിഭാഗവും പത്രികകൾ സമർപ്പിച്ചു. തിരഞ്ഞെടുപ്പിനു മുൻപേ സമവായത്തിലെത്താൻ ഒത്തുതീർപ്പു ചർച്ചകളും സജീവം.

2013ൽ ആണ് ഏറ്റവുമൊടുവിലായി കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പു നടന്നത്. പിന്നീടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ കേരള ഘടകത്തെ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്കു രൂപം നൽകി ഹോക്കി ഇന്ത്യ അധ്യക്ഷയായിരുന്ന മറിയാമ്മ കോശിയെ അഡ്ഹോക് കമ്മിറ്റിയുടെ ചെയർപഴ്സനായി നിയമിക്കുകയും ചെയ്തു. ആ അഡ്ഹോക് കമ്മിറ്റിയെ പിരിച്ചുവിട്ടാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതിയംഗം എം.ആർ.രഞ്ജിത് ഒൗദ്യോഗിക പാനലിന്റെ സ്ഥാനാർഥിയായി ട്രഷറർ പദവിയിലേക്കു പത്രിക നൽകിയിട്ടുണ്ട്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ വി.എൻ.പ്രസൂദ് നേതൃത്വം കൊടുക്കുന്ന പാനലാണു മറുവശത്ത്. നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിർവാഹക സമിതിയംഗം കൂടിയാണു പ്രസൂദ്. വിവിധ കായികസംഘടനകളുടെമേൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനുള്ള സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പാനൽ സ്ഥാനാർഥികൾക്കായി വോട്ട് പിടിക്കൽ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞയാഴ്ച കൊച്ചിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസന്റെ നേതൃത്വത്തിലാണു യോഗം ചേർന്നത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഈയാഴ്ച നടക്കും. അതിനുശേഷം പിൻവലിക്കാനുള്ള അവസരവുമുണ്ട്. മത്സരമൊഴിവാക്കാനായി സമവായ ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.