Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ജില്ലകളിലും സ്പോർട്സ് സ്കൂൾ

moideen-jiji-sports അത്‌ലറ്റിക്സിൽ കേരളത്തിന്റെ കുതിപ്പും കിതപ്പും എന്ന വി‌ഷയത്തിൽ ‘മലയാള മനോരമ’ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ സായ് മുൻ ‍ഡയറക്ടർ ജനറൽ ജിജി തോംസൺ, മന്ത്രി എം. സി. മൊയ്തീൻ എന്നിവർ.

തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ ജില്ലകളിലും സ്പോർട്സ് സ്കൂൾ തുടങ്ങുമെന്നു മന്ത്രി എ.സി.മൊയ്തീൻ. കായിക പരിശീലനത്തിനൊപ്പം കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുക്കുന്ന രീതിയിലാകും സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്സിലെ കേരളത്തിന്റെ കുതിപ്പും കിതപ്പും വിഷയത്തിൽ  കഴിഞ്ഞ ദിവസം ‘മലയാള മനോരമ’ സംഘടിപ്പിച്ച ആശയക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ജില്ലയിലെയും ഏതെങ്കിലുമൊരു സർക്കാർ സ്കൂളിന്റെയോ എയ്ഡഡ് സ്കൂളിന്റെയോ ഭാഗമായിട്ടാകും സ്പോർട്സ് സ്കൂൾ തുടങ്ങുക. അതതു ജില്ലയിൽനിന്നുള്ള താരങ്ങൾക്കു മാത്രമേ പ്രവേശനം നൽകൂ. പരിശീലനത്തിനു കൂടുതൽ സമയം ലഭിക്കുന്ന രീതിയിൽ പഠനസമയം ക്രമീകരിക്കും. കായിക വിദ്യാഭ്യാസം സിലബസിൽ കൂടുതലായി ഉൾപ്പെടുത്താനും പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു. ‘ഓപ്പറേഷൻ ഒളിംപിയ’ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണു സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, കേന്ദ്ര കായികമന്ത്രാലയവും സമാനമായ രീതിയിൽ വലിയ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂട്ടായ ചർച്ചയിലൂടെ ഓപ്പറേഷൻ ഒളിംപിയയുടെ ഭാവിയെപ്പറ്റി തീരുമാനിക്കും. ജിവി രാജ സ്പോർട്സ് സ്കൂൾ, അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും.

പരിശീലകരുടെ മികവുയർത്താൻ തുടർവിദ്യാഭ്യാസ പരിപാടികൾ കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഒരു സംഘടനയുണ്ടാക്കി എല്ലാക്കാലവും ഒരാൾതന്നെ തലപ്പത്തിരിക്കുക എന്ന മനോഭാവം ശരിയല്ല. പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ അതിനായി തേടുമെന്നും അദ്ദേഹം പറഞ്ഞു. അത്‍ലറ്റിക്സിൽ ജൂനിയർ തലത്തിൽ കേരളത്തിന്റെ കിതപ്പ് ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു ആശയക്കൂട്ടായ്മയിലെ പൊതുവികാരം. കിതപ്പു മാറ്റാനും കുതിപ്പിനു വേഗം കൂട്ടാനും ഒട്ടേറെ ആശയങ്ങൾ ഉയർന്നതോടെ ചർച്ചയുടെ ട്രാക്കിനു ചൂടുപിടിച്ചു. വിദഗ്ധരുടെ നിർദേശങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്തു മന്ത്രിയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ബാറ്റൺ പിടിച്ചു.

ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകണമെന്നും അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും സ്പോർട്സ് കൗൺസിലും മുന്നോട്ടുവരണമെന്നുമാണു ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. വിദേശരാജ്യങ്ങളെ അന്ധമായി അനുകരിക്കാതെ കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള പരിശീലനരീതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും വിദഗ്ധർ പറഞ്ഞു. കായികതാരങ്ങളോടും കായികരംഗത്തോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരേണ്ടതിനെപ്പറ്റിയും അഭിപ്രായങ്ങളുയർന്നു.

മുൻ ചീഫ് സെക്രട്ടറിയും സായ് മുൻ ഡയറക്ടർ ജനറലുമായ ജിജി തോംസൺ മോഡറേറ്ററായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, സ്പോർട്സ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.