Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലകർക്ക് പരിശീലനവുമായി കായിക മന്ത്രാലയം

ന്യൂഡൽഹി ∙ കായിക പരിശീലകർക്കു പ്രോത്സാഹനം നൽകാൻ പദ്ധതിയുമായി കേന്ദ്ര കായികമന്ത്രാലയം. പരിശീലക വികസന പദ്ധതിയുടെ ഭാഗമായി 2000 ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർക്കു വിദഗ്ധ പരിശീലനം നൽകും. താഴേക്കിടയിലുള്ള പരിശീലകർക്ക് ആവശ്യമായ സഹായങ്ങൾ ഇവർ നൽകുമെന്നും അങ്ങനെ പ്രാദേശിക തലത്തിലുള്ളവരുടെ വളർച്ച ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു. ഗ്വാളിയറിലെ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ നേതൃത്വത്തിലാകും പദ്ധതി തയാറാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്കുള്ള പരിശീലനവും മറ്റും ഇവിടെ നടപ്പാക്കും.

ഇത്തവണത്തെ കേന്ദ്രബജറ്റിൽ കായികമന്ത്രാലയത്തിനു 158 കോടി രൂപ അധികം അനുവദിച്ചെന്നും ഇത് അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതിക്കു വേണ്ടി 575 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 158 കോടി രൂപയായിരുന്നു. കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാൻ സംസ്ഥാനങ്ങൾക്കും സായ് കേന്ദ്രങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കും പ്രത്യേകം തുക അനുവദിക്കും.

കായികരംഗത്തെ മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെടുന്ന സർവകലാശാലകൾക്ക് 25 കോടി മുതൽ 50 കോടി വരെ സാമ്പത്തിക സഹായം നൽകും. പ്രതിവർഷം നാലു സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുമെന്നും രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു.

related stories