Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും കോച്ചിനെ പുറത്താക്കി ഹോക്കി ഇന്ത്യ; റോളന്റിന് പകരക്കാരൻ ഡേവിഡ്

Roelant Wouter Oltmans

ന്യൂഡൽഹി∙ ഇന്ത്യയുടെ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് റോളന്റ് ഓൾട്ട്മാൻസിനെ (62) പുറത്താക്കി. രണ്ടു വർഷമായി ടീമിന്റെ മോശം പ്രകടനം തുടരുന്നതാണ് റോളന്റ് ഓൾട്ട്മാൻസിനെ പുറത്താക്കുന്നതിലേക്കു നയിച്ചത്. ഹോക്കി ഇന്ത്യയുടേതാണു തീരുമാനം. 2016 റിയോ ഒളിംപിക്സ് വരെയായിരുന്നു കാലാവധി. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണിനാണു താൽക്കാലിക ചുമതല.

ഡിസംബറിൽ ഒഡിഷ ആതിഥ്യം വഹിക്കുന്ന ഹോക്കി വേൾഡ് ലീഗിന്റെ ഫൈനൽ, 2018ലെ ലോകകപ്പ് എന്നിവ വരാനിരിക്കെയാണ് മുഖ്യ പരിശീലകനെ മാറ്റിയത്. മൂന്നു വർഷത്തോളം ഹൈ പെർഫോമൻസ് ഡയറക്ടർ ആയിരുന്ന റോളന്റ് ഓൾട്ട്മാൻസിന് 2015 ജൂലൈയിലാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം നൽകിയത്. ഹോളണ്ടുകാരനായ പോൾ വാനസിനെ പുറത്താക്കിയ ഒഴിവിലേക്കായിരുന്നു ഡച്ചുകാരൻ തന്നെയായ ഓൾട്ട്മാൻസിന്റെ നിയമനം.

‘ഇന്ത്യക്ക് ഉജ്വലമായി കളിക്കാനറിയാം. പലതവണ അതു തെളിയിച്ചുകഴിഞ്ഞു. എന്നാൽ യഥാർഥ സമ്മർദത്തിലാണു മികവു തെളിയിക്കേണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറണമെങ്കിൽ ഇത്തരം സമ്മർദങ്ങളെ അതിജീവിച്ചു ഗോൾ നേടാൻ കഴിയണം. നമ്മൾ ആ നിലവാരത്തിൽ എത്തിയിട്ടില്ല. ആ തലത്തിൽ എത്താൻ കഴിയുന്നില്ലെന്നതാണ് ഇന്ത്യയും മികച്ച ടീമുകളും തമ്മിലുള്ള വ്യത്യാസം’– ഇന്ത്യൻ ടീമിനെക്കുറിച്ച് ഓൾട്ട്മാൻസ് പങ്കുവയ്ക്കാറുള്ള അഭിപ്രായമാണിത്.

കോച്ചുമാരെ വാഴിക്കില്ല; 21 വർഷത്തിനിടെ 22 പേർ

കോച്ചുമാർ വാഴാത്തിടമാണ്, അഥവാ കോച്ചുമാരെ വാഴിക്കാത്ത ഇടമാണ് ഇന്ത്യയിലെ ഹോക്കി ടീം. 1994 മുതൽ 2015 വരെയുള്ള 21 വർഷത്തിനിടെ ഇന്ത്യൻ ഹോക്കി അടക്കി വാണതു രണ്ടു പേരാണ്. കെ.പി.എസ്.ഗില്ലും തുടർന്ന് നരീന്ദർ ബത്രയും. ഇതിനിടെ, സ്വദേശികളും വിദേശികളുമായി 22 പരിശീലകർ വന്നുപോയി. കളത്തിനു പുറത്തെ കളികളാണു പലരുടെയും കസേര തെറിപ്പിച്ചത്. ഓൾട്ട്മാൻസിന്റെ മുൻഗാമി പോൾ വാനസിനെ കൊട്ടിഘോഷിച്ചാണു കൊണ്ടുവന്നതെങ്കിലും അഞ്ചു മാസത്തിനകം മടക്കി അയച്ചു.

വാനസിനു കീഴിൽ ടീം കളിച്ചതു രണ്ടു ടൂർണമെന്റ് മാത്രം. ഇതിൽ അസ്‌ലം ഷാ കപ്പിൽ വെങ്കലവും ലോക ഹോക്കി ലീഗ് സെമിഫൈനലിൽ നാലാം സ്ഥാനവും നേടി. പുതിയ പരിശീലകനു കീഴിൽ മോശമല്ലാത്ത പ്രകടനം. എന്നാൽ, നരീന്ദർ ബത്രയെന്ന അധികാരിയോടു വഴക്കിട്ട് വാനസും പാതിവഴിയിൽ ഇന്ത്യയിൽനിന്നു മടങ്ങി. ഈ ഒഴിവിലേക്കാണ് റോളന്റ് ഓൾട്ട്മാൻസ് എത്തിയത്.

1994 മുതൽ 2008 വരെ കെ.പി.എസ്.ഗിൽ ഹോക്കി ഭരിച്ച കാലയളവിൽ ടീമിനെ കളി പഠിപ്പിക്കാനെത്തിയത് 17 പരിശീലകർ. ബത്ര സ്ഥാനമേറ്റ് അഞ്ചു വർഷത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന അഞ്ചാമത്തെ കോച്ചാണ് ഓൾട്ട്മാൻസ്. പതിനാറു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് സ്വർണം നേടിത്തന്ന ടെറി വാൽഷ് എന്ന ഓസ്ട്രേലിയക്കാരൻ പുറത്തുപോകാനുള്ള കാരണവും ബത്രയുമായുള്ള ഉടക്കാണ്.

related stories