കണ്ണൂർ ∙ ജില്ലയിൽ മൾട്ടിപർപ്പസ് ഗ്രീൻഫീൽഡ് സ്റ്റേഡിയം (വിവിധോദ്ദേശ്യ രാജ്യാന്തര സ്റ്റേഡിയം) വേണമെന്ന ജനകീയ ക്യാംപെയിനു തുടക്കം. രാജ്യാന്തര വിമാനത്താവളത്തോടു ചേർന്നു പുതുതായി രാജ്യാന്തര സ്റ്റേഡിയം നിർമിക്കണമെന്നാവശ്യപ്പെട്ടു സംഘടിപ്പിച്ച ഒപ്പുശേഖരണത്തിന് ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക്കും മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്നു തുടക്കം കുറിച്ചു. പുതിയ കായികതാരങ്ങൾക്കു വളരാൻ മൾട്ടിപർപ്പസ് സ്റ്റേഡിയം വേണമെന്നാവശ്യപ്പെട്ടു മലയാള മനോരമയുടെ നേതൃത്വത്തിലാണു ക്യാംപെയിനു തുടക്കമിട്ടത്.
11 ഒളിംപ്യൻമാരും ഒട്ടേറെ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ ദേശീയതാരങ്ങളും വളർന്നുവന്ന കണ്ണൂരിൽ മികച്ച കളിക്കളമില്ലാത്ത അവസ്ഥയാണ്. ജില്ലയിലെ ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണു പുതിയ വിവിധോദ്ദേശ്യ രാജ്യാന്തര സ്റ്റേഡിയമെന്ന ആവശ്യം മലയാള മനോരമ മുന്നോട്ടുവച്ചത്. രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ എന്നിവയുടെ മാനദണ്ഡങ്ങൾ പ്രകാരം ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുയോജ്യമായ മൈതാനങ്ങളുള്ള സ്റ്റേഡിയമാണു വിവിധോദ്ദേശ്യ രാജ്യാന്തര സ്റ്റേഡിയം. പുതിയ സ്റ്റേഡിയം നിർമിക്കാൻ കുറഞ്ഞത് 35 ഏക്കർ സ്ഥലവും 350 കോടി രൂപ ചെലവും വരും.
സംസ്ഥാനത്തെ കായികനിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ മികച്ച കളിക്കളങ്ങൾ ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ഹോക്കി ഗോളിയായിരുന്ന മാനുവൽ ഫ്രെഡറിക് ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധപതിപ്പിക്കണം–അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, കായിക, സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു.