ന്യൂഡൽഹി∙ ദേശീയ റെക്കോർഡ് തിരുത്തി, ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടിയ മുഹമ്മദ് അനസിന്റെയും ദേശീയ ചാംപ്യനെ അട്ടിമറിച്ച ജിസ്ന മാത്യുവിന്റെയും മിന്നും പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൻ ഗ്രാൻപ്രി അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ മൂന്നാംപാദത്തിലും കേരളം തിളങ്ങി. ലോങ്ജംപിൽ എം. ശ്രീശങ്കറും ഹർഡിൽസിൽ അഖിൽ ജോൺസണും ഒന്നാമതെത്തി.
പുരുഷൻമാരുടെ 400 മീറ്ററിൽ തന്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിയ അനസ് 45.32 സെക്കൻഡിന്റെ പുതിയ സമയം കുറിച്ചു. ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്കായ 45.50 സെക്കൻഡും അനസ് മറികടന്നു. ഈയിനത്തിൽ സച്ചിൻ റോബി വെങ്കലം നേടി. രണ്ടാം പാദത്തിൽ 400 മീറ്റർ മൽസരത്തിന്റെ ഫോട്ടോ ഫിനിഷിൽ ദേശീയ ചാംപ്യൻ എം.ആർ.പൂവമ്മയ്ക്കു പിന്നിലായ ഉഷ സ്കൂൾ താരം ജിസ്ന മാത്യു ഇന്നലെ കണക്കു തീർത്തു. വനിതകളുടെ 400 മീറ്റർ 52.65 സെക്കൻഡിൽ പിന്നിട്ട ജിസ്ന സ്വർണം നേടിയപ്പോൾ പൂവമ്മ വെള്ളിയിലൊതുങ്ങി.