കളിയും യാത്രയും മറ്റു തിരക്കുകളുമായി കായിക താരങ്ങൾക്ക് ആഘോഷങ്ങൾ അപൂർവം. ഓണവും ക്രിസ്മസും തുടങ്ങി വിശേഷ ദിവസങ്ങളെല്ലാം ടീം ക്യാംപുകളിലും മറ്റും ചെലവഴിക്കുന്ന അവർ ഇത്തവണ എവിടെ ?; ഇതാ ചില പ്രമുഖ മലയാളി താരങ്ങളുടെ ക്രിസ്മസ് ദിന വിശേഷങ്ങൾ
അവിസ്മരണീയം ഈ ക്രിസ്മസ് : സച്ചിൻ ബേബി
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ക്രിസ്മസാണിത്. എനിക്കും ഭാര്യ അന്നയ്ക്കും ക്രിസ്മസ് സമ്മാനമായി മകൻ സ്റ്റീവ് പിറന്നത് ഡിസംബർ ഒന്നിനാണ്. ഞങ്ങളുടെ വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകതയുമുണ്ട്. രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിലെത്തിയതിന്റെ സന്തോഷം ഇതുവരെ മാഞ്ഞിട്ടുമില്ല. പാലായിൽ അന്നയുടെ വീട്ടിലാണ് ഇത്തവണ ആഘോഷം. പുൽക്കൂടും കാരളും പാതിരാകുർബാനയുമില്ലാത്തൊരു ക്രിസ്മസ് ആഘോഷം എനിക്കില്ല.
ഒന്നിച്ചുള്ള ആദ്യ ക്രിസ്മസ് : പിന്റോ മാത്യു– കെ.ടി നീന
വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ഞങ്ങളുടെ ആദ്യ ക്രിസ്മസാണിത്. പാലാ പിഴകിൽ പുതുതായി പണിത വീട്ടിലാണ് ആഘോഷം. 2018ൽ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവ ഉൾപ്പെടെ വലിയ മൽസരങ്ങൾ ഉളളതിനാൽ ക്രിസ്മസ് തന്നെയാകും ഒന്നിച്ചു കൂടാനുള്ള വലിയ അവസരം. ആഘോഷം കഴിഞ്ഞാലുടൻ ഞങ്ങൾ രണ്ടു പേരും തിരുവനന്തപുരത്തേക്ക് തിരിച്ചു പോകും. പിന്നീട് കടുത്ത പരിശീലനത്തിന്റെ നാളുകൾ...
രണ്ടു ദശകത്തിനിടെ ആദ്യമായി വീട്ടിൽ : ടോം ജോസഫ്
രാജ്യാന്തര വോളിബോൾ രംഗത്ത് എത്തിയിട്ട് 20 വർഷം പൂർത്തിയായി എന്നതാണ് ഈ ക്രിസ്മസിന്റെ പ്രത്യേകത. അതിലേറെ ആഹ്ലാദം, ഈ രണ്ടു ദശകത്തിനിടെ ആദ്യമായി ക്രിസ്മസ് നാളിൽ വീട്ടുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നു എന്നതാണ്. സാധാരണ ക്രിസ്മസ്കാലത്തു നടക്കുന്ന നാഷനൽസ് ഇത്തവണ ഫെബ്രുവരിയിലേക്കു മാറ്റി. കളി സ്ഥലങ്ങളിലോ ട്രെയിനിലോ ആയിരുന്ന ക്രിസ്മസ് ആഘോഷം ഇന്നു കോഴിക്കോട് തൊട്ടിപ്പാലം പൂതംപാറയിൽ വീട്ടുകാർക്കൊപ്പമാണ്. എങ്കിലും ഒരു സങ്കടം ബാക്കി നിൽക്കും; രണ്ടു ദശകത്തിനിടെ ആദ്യമായി എനിക്കു നാട്ടിൽ ലഭിച്ച ക്രിസ്മസ് ആഘോഷിക്കാൻ ലഭിച്ച അവസരത്തിൽ അമ്മ ഒപ്പമില്ല. ഒരു വർഷം മുൻപായിരുന്നു അമ്മയുടെ വേർപാട്.
റിൽടൻ കപ്പിനായി ഇന്ന് സ്വീഡനിലേക്ക് : നിഹാൽ സരിൻ
ക്രിസ്മസ് സമ്മാനം എനിക്കു നേരത്തേ കിട്ടി. അഹമ്മദാബാദിൽ നടന്ന ലോക യൂത്ത് ചെസ് ഒളിംപ്യാഡിലെ സ്വർണനേട്ടത്തോടെ. പക്ഷേ ക്രിസ്മസ് ആഘോഷം ഇത്തവണയുമില്ല. ആഹ്ലാദ നക്ഷത്രങ്ങളെ സാക്ഷിയാക്കി പ്രതീക്ഷകളോടെ ഇന്ന് ഞാന്‍ൻ സ്വീഡനിലേക്ക് യാത്രതിരിക്കും. 27ന് സ്റ്റോക്ഹോമിൽ ആരംഭിക്കുന്ന റിൽടൺ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് യാത്ര. ഇന്റർനാഷനൽ മാസ്റ്റർ പദവിയടക്കം അപൂർവ നേട്ടങ്ങൾ സമ്മാനിച്ച സീസണിലെ അവസാന ടൂർണമെന്റാണിത്.
ഭാഗ്യം, ഈ ദിനം വീട്ടിലെത്താനായി: ജിൻസൺ ജോൺസൻ
രാജ്യത്തിന്റെ ഏതു കോണിലായാലും ക്രിസ്മസിനു ഞാൻ വീട്ടിലെത്താറുണ്ട്. പരിശീലനത്തിരക്കുമൂലം ഇത്തവണ നാട്ടിലേക്കെത്താനാകില്ലെന്ന് കരുതിയതാണ്. അതിനിടെ ഞങ്ങളുടെ അത്‍ലറ്റിക്സ് ക്യാംപ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്ന് ഊട്ടിയിലേക്ക് മാറ്റി. ഒരുദിവസത്തെ അവധി ചോദിച്ച് വീട്ടിലേക്ക് ഓടിയെത്തി. ഇന്നു തിരിച്ചുപോകും. ക്രിസ്മസ് ഞങ്ങൾക്കു കുടുംബ സംഗമമാണ്. ചെന്നൈയിലുള്ള ചേച്ചിയും കുടുംബവും എത്തിയിട്ടുണ്ട്. നാട്ടിലെ കൂട്ടുകാർക്കൊപ്പം ഒത്തുചേരാനാനുള്ള അപൂർവ അവസരം കൂടിയാണ് എനിക്ക് ഈ ക്രിസ്മസ് ദിവസം.
വീട്ടിൽ ഒത്തുചേരൽ; രുചിവിഭവങ്ങളുമായി : സി.കെ. വിനീത്
ഐഎസ്എല്ലിലെ കട്ടപ്പോരാട്ടങ്ങൾക്ക് ഇടവേള നൽകി കണ്ണൂരിൽ വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ് ഞാൻ. ഏറെ നാളുകൾക്കു ശേഷമാണ് വിനീത് കൂത്തുപറമ്പിലെ വീട്ടിൽ അവധി ചെലവഴിക്കാനെത്തുന്നത്. ഇത്തവണ ഗോളുകൾ സ്വന്തമാക്കിയതിന്റെ ആഹ്ലാദമുണ്ട്. എനിക്കൊപ്പം ചേരാൻ സഹോദരൻ ശരത് ഉൾപ്പടെയുള്ളവരും ചെക്കോട്ട് കിഴക്കേ വീട്ടിൽ ഹാജരുണ്ട്. ഈ ഒത്തുചേരൽ തന്നെ എന്റെ ക്രിസ്മസ് സ്പെഷൽ. കുടുംബത്തിൽ ഒരു പിറന്നാളാഘോഷവും ഇതോടൊപ്പം ചേരും . അമ്മ വിളമ്പുന്ന രുചിയൂറും വിഭവങ്ങളും കഴിച്ച്, കൂട്ടുകാർക്കൊപ്പം ഒരു സിനിമയും കണ്ട് ഇന്നു തന്നെ കൊച്ചിക്ക് മടങ്ങും. പോരാട്ടങ്ങൾ ബാക്കിയാണല്ലോ.
ഗുവാഹത്തിയിൽ ഈ ക്രിസ്മസ് : എച്ച്.എസ്. പ്രണോയ്
മഞ്ഞിൻകുളിരുള്ള ക്രിസ്മസ് ആഘോഷങ്ങൾ ഓർമകളിലേക്കൊതുങ്ങിയിട്ട് വർഷങ്ങളേറെയായി. മൽസര, പരിശീലനത്തിരക്കുകൾ മൂലം ഒരു ക്രിസ്മസിനും വീട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടുദിവസം മുൻപാണ് വീട്ടിൽ വന്നുപോയത്. അന്നെടുത്തതാണ് ഈ ചിത്രം. ഇത്തവണ ക്രിസ്മസ് ഗുവാഹത്തിയിലാണ്. പ്രീമിയർ ബാഡ്മിന്റൻ ലീഗിൽ നാളെയാണ് എന്റെ ആദ്യമൽസരം. കേക്കുമുറിച്ചുള്ള ചെറിയ ക്രിസ്മസ് പരിപാടികൾ ഇവിടെയുണ്ടാകും. പക്ഷേ അതൊന്നും നാട്ടിലെ ആഘോഷത്തിനൊപ്പം വരില്ലല്ലോ? എല്ലാ മലയാളികൾക്കും എന്റെ ക്രിസ്മസ് ആശംസകൾ.