റിയാദ് ∙ ലോക ചെസിൽ വീണ്ടും ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദിന്റെ തേരോട്ടം. സൗദി അറോബ്യയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസൺ അടക്കമുള്ളവരെ തോൽപ്പിച്ച് നാൽപ്പത്തിയെട്ടുകാരനായ ആനന്ദ് ജേതാവായി.
15 റൗണ്ട് നീണ്ട ചാംപ്യൻഷിപ്പിൽ ടൈ വന്നതിനെത്തുടർന്ന് പ്ലേഓഫിൽ ജയിച്ചാണ് ആനന്ദ് ജേതാവായത്. പ്ലേഓഫിൽ ആനന്ദ് റഷ്യൻ ഗ്രാൻഡ് മാസ്റ്റർ വ്ലാദിമിർ ഫെഡോസീവിനെ തോൽപ്പിച്ചു. റഷ്യയുടെ തന്നെ ഇയാൻ നെപോംനിയാച്ച്ടിക്കാണ് മൂന്നാം സ്ഥാനം. കാൾസൺ അഞ്ചാം സ്ഥാനത്താണ്.
ചാംപ്യൻഷിപ്പിന്റെ ഒൻപതാം റൗണ്ടിൽ ആനന്ദ് കാൾസനെയും തോൽപ്പിച്ചിരുന്നു. 14 വർഷങ്ങൾക്കു ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് പട്ടം തിരികെപ്പിടിക്കുന്നത്. അഞ്ചു തവണ ഫിഡെ ലോക ചാംപ്യനായിട്ടുള്ള ആനന്ദ് 2014ൽ കാൾസനു മുന്നിൽ കിരീടം അടിയറ വച്ചിരുന്നു.