Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2032 ഒളിംപിക്സിന് ഇന്ത്യ രംഗത്ത്

Olympics logo

ന്യൂഡൽഹി ∙ 2032 ഒളിംപിക്സടക്കം മൂന്നു പ്രധാന രാജ്യാന്തര മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അവകാശവാദം ഉന്നയിക്കും. 2026 യൂത്ത് ഒളിംപിക്സ്, 2030 ഏഷ്യൻ ഗെയിംസ് എന്നിവയാണ് മറ്റു മൽസരങ്ങൾ. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ സന്ദർശിക്കുന്ന രാജ്യാന്തര ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തോമസ് ബാക്കും ഇന്ത്യ ഒളിംപിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര മൽസരങ്ങൾ നടത്താൻ സജ്ജമാണെന്ന് വ്യക്തമാക്കി.

ഒളിംപിക്സ് നടത്താൻ സന്നദ്ധത അറിയിച്ച ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തീരുമാനം അഭിനന്ദനാർഹമാണെന്ന് തോമസ് ബാക്ക് പറഞ്ഞു. സ്വന്തം നാട്ടിൽ ഒളിംപിക്സ് നടക്കുന്നത് ഇന്ത്യയുടെ കായിക വളർച്ചയ്ക്ക് ഉണർവേകും. എന്തിരുന്നാലും ഒളിംപിക്സ് വേദിക്കായുള്ള മൽസരം കഠിനമാണ്. 2026 യൂത്ത് ഒളിംപിക്സാണ് ഇന്ത്യയ്ക്ക് സാധ്യതയുള്ള പ്രധാന മൽസരം. വേദികളുടെ തിരഞ്ഞെടുപ്പ് നടപടികൾ 2020ലെ ആരംഭിക്കൂ. ഇന്ത്യയ്ക്കു പുറമെ തായ്‍ലൻഡും ഇതിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്– തോമസ് ബേക്ക് പറഞ്ഞു. 2032 ഒളിംപിക്സിന്റെ ആതിഥേയത്വത്തിനായി ഓസ്ട്രേലിയ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.