ലോകബാഡ്മിന്റൻ ചാംപ്യൻഷിപ്: സിന്ധു– ഒകുഹാര പോരാട്ടം ഇക്കുറി ക്വാർ‍ട്ടറിലായേക്കും

പി.വി.സിന്ധു.

ന്യൂഡൽഹി∙ ലോകബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മുൻ വർഷത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യയുടെ പി.വി.സിന്ധുവും ജപ്പാന്റെ നൊസോമി ഒകുഹാരയും ഇക്കുറി ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ വന്നേക്കും. ചൈനയിലെ നാഞ്ജിങ്ങിൽ ഈ മാസം 30നാണ് ചാംപ്യൻഷിപ് തുടങ്ങുന്നത്. ചാംപ്യൻഷിപ്പിൽ വനിതാവിഭാഗം ജേതാവാണ് ഒകുഹാര. സിന്ധു രണ്ടാംസ്ഥാനക്കാരിയും.

പോയവർഷം ഗ്ലാസ്ഗൗവിൽ ഇരുവരും കലാശക്കളിയിൽ ഏറ്റുമുട്ടിയത് ബാഡ്മിന്റൻ പ്രേമികളുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നുണ്ട്. ചരിത്രനേട്ടത്തിനരികിൽ സിന്ധുവിന് കാലിടറിയപ്പോൾ ഇന്ത്യമുഴുവനും വിതുമ്പിയതും ചരിത്രം. മുട്ടുവേദനയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഏറെക്കുറെ വിട്ടുനിന്ന ഒകുഹാര തായ്‍ലൻഡ് ഓപ്പൺ ഫൈനലിൽ സിന്ധുവിനെ തോ‍ൽപിച്ച് തന്റെ വരവറിയിച്ചു കഴിഞ്ഞു. ലോകചാംപ്യൻഷിപ്പിൽ എട്ടാം സീഡാണ് സിന്ധു.

മൽസര ഡ്രോ അനുസരിച്ച് സിന്ധു മൂന്നാം റൗണ്ടിൽ കൊറിയയുടെ സുങ് ജി ഹ്യൂനെ നേരിടാനാണ് സാധ്യത. ആദ്യ റൗണ്ടിൽ സിന്ധുവിന് ബൈ കിട്ടിയേക്കും. രണ്ടാം റൗണ്ടിൽ ഇന്തൊനീഷ്യൻ താരങ്ങളാകും സിന്ധുവിന് എതിരെ.

ഇന്ത്യയുടെ സൈന നെഹ്‍വാളിനെ കാത്തിരിക്കുന്നതും കടുത്ത പോരാട്ടങ്ങളാണ്. 2015 ലോകചാംപ്യൻഷിപ് ഫൈനലിസ്റ്റായ സൈനയ്ക്ക് ആദ്യ മൂന്നു റൗണ്ടുകളിൽ തന്നെ ഒളിംപിക് ചാംപ്യൻ കരോലിന മാരിൻ, 2013 ലോകചാംപ്യൻ റച്നോക്ക് ഇന്തനോൺ എന്നിവരെ നേരിടേണ്ടി വരും. പോയ സീസണിൽ നാലു കിരീടങ്ങൾ നേടിയ കിടംബി ശ്രീകാന്തിന് ഐറിഷ് താരം നഹാത് ഗ്യുനോണാണ് തുടക്കത്തിലെ എതിരാളി. മൂന്നു റൗണ്ട് കഴിഞ്ഞാൽ ശ്രീകാന്തിനെ കാത്തിരിക്കുന്നത് മലേഷ്യയുടെ സൂപ്പർതാരം ലീ ചോങ് വെയ് ആണ്. മലയാളി താരം എച്ച്.എസ്.പ്രണോയ് ഓസ്ട്രേലിയയുടെ അഭിനവ് മനോടയെ നേരിടും. ഇന്ത്യൻ വനിതകളിൽ അശ്വനി പൊന്നപ്പ– സികി റെഡ്ഡി സഖ്യത്തിന് ചൈനീസ് തായ്പേയ് ടീമാണ് എതിരാളികൾ.