Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കായികരംഗത്തെ പല പ്രമുഖരും ഏഷ്യൻ ഗെയിംസിനില്ല; നഷ്ടം, നാടിനും ആരാധകർക്കും

Asian Games 2018

ഇന്തൊനീഷ്യയിൽ 18ന് ഏഷ്യൻ ഗെയിംസിനു കൊടി ഉയരുമ്പോൾ ഏഷ്യാ വൻകരയിലെ കോടിക്കണക്കിനു പേരാകും ടിവിയിലൂടെ ആ ദൃശ്യങ്ങൾക്കു സാക്ഷ്യം വഹിക്കുക. അവർക്കൊപ്പം കരയ്ക്കിരുന്നു മാത്രം കളി കാണാൻ വിധിക്കപ്പെട്ട ചില താരങ്ങളുമുണ്ട്. മുൻകാലങ്ങളിൽ രാജ്യാന്തര, ദേശീയ കായികവേദികളിൽ ഇന്ത്യൻ കരുത്തിന്റെ പതാകവാഹകരായിരുന്നു അവർ. പക്ഷേ, വിവിധ കാരണങ്ങളാൽ അവരിൽ ചിലർ ഇന്തൊനീഷ്യയിലേക്കില്ല. ചിലർ പരുക്കിന്റെ പിടിയിൽ. ചിലർക്കു മറ്റു ടൂർണമെന്റുകളുടെ തിരക്ക്. ഈ ഗെയിംസിന്റെ നഷ്ടങ്ങളായ പ്രമുഖ ഇന്ത്യൻ താരങ്ങൾ ആരൊക്കെ? നോക്കാം...

ഛേത്രിയും സംഘവും

ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയയ്ക്കേണ്ടതില്ലെന്ന് ഒളിംപിക് അസോസിയേഷൻ തീരുമാനിച്ചതോടെ ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങൾക്കു മഹാമേള നഷ്ടമാകും. റാങ്കിങ്ങിൽ പിന്നിൽ നിൽക്കുന്ന ടീമിനെ ജക്കാർത്തയിലേക്കു വിട്ടിട്ടു കാര്യമില്ലെന്നാണ് ഒളിംപിക് അസോസിയേഷൻ നിലപാട്. എന്നാൽ, കായികപ്രേമികൾക്കു പോലും പരിചയമില്ലാത്ത ചില ഇനങ്ങളിലേക്കു വൻസംഘത്തെ അയയ്ക്കാൻ കായികമേലാളൻമാർക്കു സംശയം അൽപം പോലുമില്ലായിരുന്നു.

യൂകി യുഎസിൽ

ഏഷ്യൻ ഗെയിംസും യുഎസ് ഓപ്പണും ഒന്നിച്ചു വന്നപ്പോൾ സിംഗിൾസ് റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ താരം യൂകി ഭാംബ്രി ഒരു തീരുമാനമെടുത്തു: ഇത്തവണ യുഎസ് ഓപ്പണിലേക്കേ ഉള്ളൂ. ഇന്തൊനീഷ്യയിൽ ഇറങ്ങി മെഡൽ നേടാൻ താരമുണ്ടാവില്ല. കഴിഞ്ഞ തവണ ഇഞ്ചോണിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഒഴിവാക്കാൻ തീരുമാനിച്ച താരത്തെ ടാർഗെറ്റ് ഒളിംപിക് പോഡിയം (ടോപ്) പദ്ധതിയിൽനിന്നു പുറത്താക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതു വിവാദമായിരുന്നു.

‘അതിശയ മേരി’ ഇല്ല

2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കലം. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. ലോക ബോക്സിങ് ചാംപ്യൻഷിപ്പുകളിൽനിന്നായി അ‍ഞ്ചു സ്വർണവും ഒരു വെള്ളിയും. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം. 2010ൽ വെങ്കലം. ബോക്സിങ് ലോകത്തെ അദ്ഭുത പ്രതിഭാസമാണ് എം.സി.മേരികോം എന്ന മണിപ്പുരുകാരി.

മൂന്നു കുട്ടികളുടെ അമ്മയാണെങ്കിലും ഇടിക്കൂട്ടിൽ മേരി ഇന്നും പുലിക്കുട്ടിതന്നെ. നവംബറിൽ ഇന്ത്യ വേദിയാകുന്ന ലോക ചാംപ്യൻഷിപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി താരം ഇത്തവണ ഏഷ്യൻ ഗെയിംസിൽനിന്നു പിൻമാറുകയായിരുന്നു. രാജ്യസഭാ എംപി കൂടിയായ താരത്തിന്റെ മാസ്മരിക പ്രകടനം ഇന്തൊനീഷ്യയിലെ കാണികൾക്കു നഷ്ടപ്പെടും.

നഷ്ടം, സാനിയ

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസ. 2006 മുതലുള്ള ഏഷ്യൻ ഗെയിംസുകളിലായി രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും രാജ്യത്തിനു നേടിത്തന്നിട്ടുള്ള സാനിയ ഇത്തവണ ദുബായിൽ വീട്ടിലിരുന്ന് ഗെയിംസ് കാഴ്ചകൾ ആസ്വദിക്കും. ടോക്യോ ഒളിംപിക്സിൽ രാജ്യത്തിനായി മെഡൽ നേടാൻ കളത്തിലേക്കു തിരിച്ചുവരുമെന്നാണു ക്രിക്കറ്റ് താരം ഷോയബ് മാലിക്കിന്റെ ഭാര്യയുടെ ഉറപ്പ്. അതുവരെ ടെന്നിസ് കോർട്ടിനു സാനിയയെ നഷ്ടപ്പെടും.

ബൈ ബൈ ജിത്തു

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും. തുടർച്ചയായ രണ്ടു കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം. ലോകകപ്പിലും ലോക ചാംപ്യൻഷിപ്പുകളിലും മെഡൽ. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ ഷൂട്ടിങ് ലോകത്തു മെഡൽ വിപ്ലവം സൃഷ്ടിച്ച ജിത്തു റായിയെ ഇത്തവണ പക്ഷേ, ടീമിൽനിന്ന് ഒഴിവാക്കി. മോശം ഫോമിന്റെ പേരിലാണു പുറത്താക്കൽ. പത്തു മീറ്റർ എയർ പിസ്റ്റൾ, 50 മീറ്റർ പിസ്റ്റൾ വിഭാഗങ്ങളിലായി രാജ്യത്തിനായി പതിനഞ്ചോളം രാജ്യാന്തര മെഡലുകൾ നേടിയിട്ടുള്ള ഈ ഖേൽരത്ന ജേതാവ് അങ്ങനെ ഇന്തൊനീഷ്യൻ സംഘത്തിൽനിന്നു പുറത്ത്. തൊട്ടുപിന്നാലെ ടാർഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയിൽനിന്നും ജിത്തുവിനെ ഒഴിവാക്കി.

ഇനിയില്ല വികാസ്

ഇന്തൊനീഷ്യയിലേക്കുള്ള ഇന്ത്യൻ അത്‍ലറ്റിക് സംഘത്തിലെ പ്രധാന അസാന്നിധ്യം വികാസ് ഗൗഡയാണ്. 

ഡിസ്കസ് ത്രോയിൽ രാജ്യത്തിനായി ഒട്ടേറെ മെഡലുകൾ നേടിയ വികാസ് ഇത്തവണയില്ല. മേയിൽ താരം വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ഗെയിംസിൽ വെള്ളിയും 2010ൽ വെങ്കലവും നേടിയ താരമാണു വികാസ്. കോമൺവെൽത്ത് ഗെയിംസുകളിൽനിന്ന് ഒന്നുവീതം സ്വർണവും വെള്ളിയും നേടിയിട്ടുണ്ട്.