നക്ഷത്രങ്ങളെ നോക്കി സാഹസിക യാത്ര; അഭിലാഷ് നിസ്സാരക്കാരനല്ല, ഈ യാത്രയും

അഭിലാഷ് ടോമി

പാരിസ് ∙ 50 വർഷം മുൻപത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രാദയങ്ങൾ മാത്രം. ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കി യന്ത്രം, കാലാവസ്ഥ അറിയാൻ നക്ഷത്രങ്ങൾ. ജിപിഎസ് മുതൽ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ വരെയുള്ള ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതു മൂലമാണ് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്. സമുദ്രത്തിൽ അപകടകരമായ തിരമാലകൾ ഉയരുന്ന കാര്യം മുൻകൂട്ടി അറിയാൻ വഞ്ചിയിൽ സംവിധാനമുണ്ടായിരുന്നില്ല.

ആധുനിക കാലത്തു പായ്‌വഞ്ചി പ്രയാണം നടത്തുന്നവർ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചാണു സഞ്ചാര ദിശ തീരുമാനിക്കുക.  ഇപ്പോഴുണ്ടായ കടൽ ക്ഷോഭത്തിന്റെ വിവരം സംഘാടകർ അഭിലാഷിനെയും സമീപത്തെ ബോട്ടുകാരെയും അറിയിച്ചെങ്കിലും ദിശ മാറ്റി അപായത്തിരകളിൽനിന്നു രക്ഷപ്പെടാനുള്ള സാവകാശം ലഭിച്ചില്ല. 10 മീറ്റർ ഉയരത്തിൽ ആഞ്ഞടിച്ച തിരകളിൽനിന്നു വഞ്ചിയുടെ പ്രധാന പായ്മരമായ മിസ്സെൻ മാസ്റ്റ് തകർന്നു.  ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു കടൽത്തിരയിൽ ഒഴുകി നടക്കുന്ന അവസ്ഥയിലാണ് വഞ്ചി.

ജൂലൈ ഒന്നിന് ആരംഭിച്ച പ്രയാണത്തിൽ ആകെ 18 പായ്‌വഞ്ചികളാണു പങ്കെടുത്തിരുന്നത്. ഇതിൽ വഞ്ചിക്കു തകരാർ വന്നതു മൂലവും മറ്റും ഏഴുപേർ മുൻപേ പിന്മാറി.  കേടാകാതെ തയാർ ചെയ്ത ഭക്ഷണപ്പൊതികളും 300 ലീറ്റർ ശുദ്ധജലവുമായാണ് അഭിലാഷ് യാത്ര ആരംഭിച്ചത്. ഇടയ്ക്കു വഞ്ചിക്കുണ്ടായ തകരാർ പരിഹരിച്ചതായി അഭിലാഷ് സംഘാടകരെ അറിയിച്ചിരുന്നു.

സാഹസിക യാത്രയായതിനാലാണ്, നാവികസേനയിൽനിന്ന് അവധിയെടുത്ത് ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കുചേരുന്നതെന്ന് യാത്രയ്ക്കു മുൻപേ അഭിലാഷ് ‘മനോരമ’യോടു പറഞ്ഞിരുന്നു.ഇന്ത്യൻ മഹാസമുദ്രത്തിലെ കേപ് ല്യൂവിൻ ആയിരുന്നു യാത്രയിലെ അടുത്ത നാഴികക്കല്ല്. ഇവിടം മറികടക്കുന്നതിനായി അഭിലാഷ് വഞ്ചിയുടെ വേഗം കൂട്ടിയിരുന്നു. മികച്ച കാറ്റ് ലഭിച്ചതു കൊണ്ട്, കഴിഞ്ഞയാഴ്ച വരെ ആറാം സ്ഥാനത്തായിരുന്ന അഭിലാഷ് ദിവസങ്ങൾക്കു മുൻപാണു മൂന്നാം സ്ഥാനത്ത് എത്തിയത്.

∙ കമാൻഡർ അഭിലാഷ് ടോമി കീർത്തിചക്ര

ഒരിടത്തും നിർത്താതെ ഒറ്റയ്ക്ക് പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ. കൊച്ചി കണ്ടനാട് സ്വദേശി. നാവികസേന ഉദ്യോഗസ്ഥൻ. നാവികസേനയുടെ ‘സാഗർ പരിക്രമ 2’ എന്ന പ്രോജക്ടിന്റെ ഭാഗമായി 2013ൽ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ആരംഭിച്ച‌് 151 ദിവസം കൊണ്ടു പായ്‌വഞ്ചിയിൽ അഭിലാഷ് ലോകം ചുറ്റി. വയസ്സ്: 39.

∙ ഗോൾഡൻ ഗ്ലോബ് റേസ്

50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചു നടത്തുന്ന സാഹസിക യാത്ര. ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെലോൻ’ തുറമുഖത്തുനിന്ന് ആരംഭിച്ച് ഒരിടത്തും നിർത്താതെ ലോകം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുക.