Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പായ്മരങ്ങൾ ഒടിഞ്ഞു; കനത്ത തിരയിൽ തകരാതെ ‘തുരീയ’

Abhilash-Tomy-in-Thuriya

പായ്മരങ്ങൾ രണ്ടും ഒടിഞ്ഞ് ഹൾ (ചട്ടക്കൂട്) മാത്രമായി സമുദ്രനിരപ്പിൽ ഒഴുകി നടക്കുന്ന അവസ്ഥയിലാണിപ്പോൾ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചിയായ ‘തുരീയ’. ഏകാന്തമായ കടലിൽ ഏറ്റവും അപകടം പിടിച്ച കാലാവസ്ഥയിലാണിപ്പോൾ വഞ്ചി. നാലു മീറ്റർ വരെ ഉയരുന്ന തിരമാലകളിൽ ഉലയുന്ന വഞ്ചിയുടെ ഉൾഭാഗത്തെ ബങ്കിനുള്ളിലാണ് ഇപ്പോൾ അഭിലാഷുള്ളത്. നടുവിനു പരുക്കേറ്റതുമൂലം അനങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്.

എന്നാൽ, കടൽത്തിരയിൽ ഉലയുന്ന വഞ്ചിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഇടിച്ച് കൂടുതൽ പരുക്കേൽക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വഞ്ചി മുങ്ങാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഉറച്ച ഉരുക്ക് കീലാണ് വഞ്ചിക്ക് അടിയിലുള്ളത്. ഗോവയിലെ അക്വാറിസ് ഷിപ് യാഡിലാണ് ഇതു നിർമിച്ചത്.

ടെക്സ്റ്റ് മെസേജിങ് സംവിധാനം ഉപയോഗിച്ച് ഗോൾഡൻ ഗ്ലോബ് റേസ് സംഘാടകർക്ക് ഒടുവിൽ നൽകിയ സന്ദേശത്തിൽ താൻ നിരന്തരം ഛർദിക്കുന്നതായി അഭിലാഷ് പറയുന്നു. വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിക്കാൻ ശ്രമിച്ചെങ്കിലും അതു മൊത്തം ഛർദിച്ചു പോയെന്നാണു സന്ദേശം. രക്ഷാപ്രവർത്തകർ എത്തുംവരെ ശരീരത്തിൽ ജലാംശം നിലനിർത്തുകയാണു വേണ്ടതെന്ന് വിദഗ്ധർ പറയുന്നു.

അതേസമയം, കാൽവിരലുകൾ അനക്കാൻ സാധിക്കുന്നുണ്ടെന്ന അഭിലാഷിന്റെ സന്ദേശം പ്രതീക്ഷ പകരുന്നതാണെന്നും നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. നട്ടെല്ലിനു ഗുരുതര പരുക്കില്ലെന്നതിന്റെ സൂചനയാണിത്.