മലയാളി നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപെട്ടതു ഭൂഗോളത്തിലെ ഏറ്റവും അജ്ഞാതമായ കടൽ മേഖലകളിലൊന്നിൽ. പസഫിക് കഴിഞ്ഞാൽ ഏറ്റവും അപകടം പിടിച്ച സമുദ്ര മേഖലയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണ ഭാഗമായ ഇവിടം. പസഫിക് സമുദ്രത്തിലേക്കുള്ള കനത്ത ഒഴുക്കും അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനവുമുള്ള ഈ മേഖലയിലൂടെ സാഹസിക കായിക വിനോദമായ പായ്‌വഞ്ചിയോട്ടക്കാർ മാത്രമാണു യാത്ര ചെയ്യാറുള്ളത്.
രാജ്യാന്തര കപ്പൽ ചാലിനും വിമാനങ്ങളുടെ യാത്രാപഥത്തിനും ഏറെ അകലെയാണിത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി മാറിയ, നാലര വർഷം മുൻപ് അപ്രത്യക്ഷമായ മലേഷ്യൻ വിമാനം (എംഎച്ച് 370) തകർന്നുവീണതും ഈ മേഖലയിലാണ്. മാസങ്ങൾ തിരച്ചിൽ നടത്തിയിട്ടും വിമാനം ഇനിയും കണ്ടെത്താനായിട്ടില്ല.
അതേസമയം, ആർക്കോണത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനം അഭിലാഷിന്റെ വഞ്ചിയുടെ ചിത്രങ്ങളെടുക്കാൻ സാധിച്ചതു വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതികൂലമായ കാലാവസ്ഥയിലും താഴ്ന്നു പറന്നു ചിത്രങ്ങളെടുത്തു മടങ്ങിയ വിമാനം നൽകിയ വിവരങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. അഭിലാഷിനെ നേരിട്ടു പരിചയമുള്ള നാവികസേനാ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ചന്ദ്രഹാസ് വിവേകാണു വിമാനം പറത്തിയത്. വിമാനം മുകളിലൂടെ പറന്നപ്പോൾ അഭിലാഷ് ടോമി ഇപിർബിലൂടെ (എമർജൻസി പൊസിഷൻ ഇൻഡിക്കേറ്റർ റെസ്ക്യൂ ബീക്കൺ) പ്രതികരിച്ചതായി ചന്ദ്രഹാസ് റിപ്പോർട്ട് ചെയ്തു.