പായ്‌വഞ്ചി തകർന്നിട്ടും ഗ്രിഗർ തേടിയത് അഭിലാഷിനെ

ഗ്രിഗർ

ആഴക്കടലിൽ പായ്‌മരം ഒടിഞ്ഞുവീണ് വഞ്ചി അപകടത്തിലായിരുന്നെങ്കിലും ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെ (32) അതിനേക്കാൾ അലട്ടിയതു മറ്റൊരു കാര്യമായിരുന്നു. സമീപ മേഖലയിൽ തന്നെ തകർന്ന പായ്‌വഞ്ചിയിൽ പരുക്കേറ്റു കിടക്കുന്ന അഭിലാഷ് ടോമിയുടെ അടുത്തേക്ക് എത്തുക എന്നത്.

പായ്‌വഞ്ചി തകർന്നെങ്കിലും ഗ്രിഗറിന്റെ പരുക്കുകൾ നിസ്സാരമായിരുന്നു. അപായസന്ദേശം നൽകിയിരുന്നുമില്ല. തനിക്ക് അടിയന്തര രക്ഷപ്പെടുത്തൽ ആവശ്യമില്ലെന്നും സാഹചര്യം ഒത്തുവരും വിധം രക്ഷിക്കാൻ ശ്രമിച്ചാൽ മതിയെന്നുമാണ് അറിയിച്ചിരുന്നത്. അഭിലാഷ് അപകടത്തിൽപ്പെട്ട സ്ഥലത്തിന്റെ ദിശാസൂചനകൾ നൽകിയ ശേഷം ഗ്രിഗറിനോട് അവിടേക്ക് എത്താനാണു രക്ഷാസംഘം നിർദേശിച്ചത്. പായ്‌വഞ്ചിയിലെ ദിശാ സംവിധാനങ്ങൾ തകർന്നിട്ടും  സ്വയം ദിശ നിർണയിച്ചു കുറച്ചടുത്തേക്ക് എത്തുകയും ചെയ്തു. അഭിലാഷിനെ രക്ഷിച്ചശേഷം ‘ഒസിരിസി’ന്റെ ലക്ഷ്യം ഗ്രിഗറിനെ കണ്ടെത്തുക എന്നതായി. 48 കിലോമീറ്ററിനപ്പുറം ആളെ കണ്ടെത്തുകയും ചെയ്തു.