Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷം നീണ്ട പ്രണയം; സൈന – കശ്യപ് വിവാഹം ഡിസംബറിൽ

kashyap-saina പി.കശ്യപും സൈന നെഹ്‌വാളും. (ഇൻസ്റ്റഗ്രാം ചിത്രം)

ന്യൂഡൽഹി∙ പത്തു വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ദേശീയ ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരാകുന്നു. ഈ വർഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിംസബർ 16ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽവച്ച് കശ്യപ് സൈനയെ താലി ചാർത്തുമെന്നാണ് വിവരം. ഡിസംബർ 21ന് മറ്റ് അതിഥികൾക്കായി വിവാഹ സൽക്കാരവും സംഘടിപ്പിക്കും.

‘സൈനയുടെയും കശ്യപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും സംസാരിച്ചു കഴിഞ്ഞു. ഇപ്പോൾ വിവാഹ തീയതിയും തീരുമാനിച്ചു. ഡിസംബർ 16ന് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്’ – ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2005ൽ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റൻ അക്കാദമിയിൽ വച്ചു കണ്ടുമുട്ടിയ ഇരുവരും പിന്നീട് തങ്ങൾക്കിടയിൽ ഉടലെടുത്ത പ്രണയം അതീവ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരു സായ്ദത്ത് തുടങ്ങിയ ഉറ്റ സുഹൃത്തുക്കൾക്കു മാത്രമേ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുള്ളൂ.

ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ശേഷം കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് സൈന തുറന്നുപറഞ്ഞിരുന്നു. ഒളിംപിക്സിൽ വെങ്കലവും ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ സൈന. അതേസമയം, 2013ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തിയിട്ടുള്ള താരമാണ് പി.കശ്യപ്. 2014ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.

∙ ബാഡ്മിന്റനിലെ നവ ദമ്പതികൾ

പി.കശ്യപും സൈന നെഹ്‌വാളും വിവാഹിതരാകുന്നതോടെ ബാഡ്മിന്റൻ താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഇരുവരും. ചൈനയുടെ ലിൻ ഡാൻ – സിയ സിൻഫാങ്, ഇന്തൊനേഷ്യയുടെ സൂസി സുശാന്തി–അലൻ ബുദികുസുമ, ബ്രിട്ടന്റെ ക്രിസ്–ഗാബി ആഡ്കോക്, ഇന്ത്യൻ താരങ്ങളായ സയ്യിദ് മോദി–അമീത കുൽക്കർണി, മധുമിത ഗോസ്വാമി–വിക്രം സിങ് ഭിസ്റ്റ് തുടങ്ങിയവരാണ് പ്രശ്സ്തരായ ബാഡ്മിന്റൻ ദമ്പതികൾ.

ഇന്ത്യയിൽ കായിക താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിലെയും ഒടുവിലത്തെ കണ്ണിയാണ് സൈനയും കശ്യപും. സാക്ഷി മാലിക്–സത്യവാർത് കദിയാൻ, ദിനേഷ് കാർത്തിക്–ദീപിക പള്ളിക്കൽ, ഗീത ഫോഗട്ട്–പവൻ കുമാർ, ഇഷാന്ത് ശർമ–പ്രതിമാ സിങ് തുടങ്ങിയവർ ഇന്ത്യയിലെ കായിക ദമ്പതികളാണ്.

∙ കൂടുതൽ ചിത്രങ്ങൾ