നിരക്കട്ടെ കാലാൾ, ആനകൾ, കുതിരകൾ; ലോക ചെസ് ചാംപ്യനെ തീരുമാനിക്കാൻ ഇന്നു ടൈബ്രേക്കർ

മാഗ്നസ് കാൾസൻ, ഫാബിയാനോ കരുവാന

അവസാനത്തെ യുദ്ധമാണ് ഇന്ന്. വിജയിച്ചാൽ വിശദീകരിക്കേണ്ട, വിജയിച്ചില്ലെങ്കിൽ വിശദീകരിക്കാൻ ബാക്കിയുണ്ടാകില്ല എന്ന് ഉറപ്പുള്ള കളി. ലോക ചെസ് ചാംപ്യനെ കണ്ടെത്താൻ ലണ്ടനിൽ ഇന്നു ടൈബ്രേക്കർ. നിലവിലെ ചാംപ്യൻ നോർവേയുടെ മാഗ്നസ് കാൾസനും എതിരാളി അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള 12 ഗെയിമുകളും സമനിലയായതോടെയാണ് ടൈബ്രേക്കർ വേണ്ടിവന്നത്.

പോരാട്ടവീര്യത്തിൽ ഒട്ടും കുറവില്ലായിരുന്നെങ്കിലും എതിരാളിക്കു വിജയം സമ്മാനിക്കാവുന്ന പിഴവുകൾ ആരും വരുത്തിയില്ല എന്നതുകൊണ്ട് അനിവാര്യമായ സമനില പിറന്നു. എല്ലാ കളികളും സമനിലയായ ആദ്യ ലോക ചാംപ്യൻഷിപ്പാണിത്.

ലോക ഒന്നാം നമ്പർ താരവും രണ്ടാം നമ്പർതാരവും ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഏറെക്കാലത്തിനു ശേഷമായിരുന്നു. 

12–ാം ഗെയിമിൽ സിസിലിയൻ സ്‌വെഷ്നിക്കോവ് വേരിയേഷനിൽ കറുത്തകരുക്കളുമായിറങ്ങിയ കാൾസൻ ഏറ്റവും കൃത്യമായ നീക്കങ്ങൾക്കുപരി ‘സമനില തെറ്റാത്ത’ നീക്കങ്ങൾക്കാണു മുൻഗണന നൽകിയത്. സമയത്തിന്റെ ആനുകൂല്യമുണ്ടിയിരുന്നിട്ടും കാൾസൻ പിന്തിരിപ്പൻ നിലപാടെടുത്തതിനെ പ്രമുഖ ഗ്രാൻഡ്മാസ്റ്റർമാർ വിമർശിച്ചു. നല്ല പൊസിഷനിൽനിന്നു സമനില ചോദിച്ചതു പരിഗണിക്കുമ്പോൾ റാപിഡ് ടൈബ്രേക്കറിൽ ലോക ചാംപ്യനാണു മുൻതൂക്കം എന്ന തന്റെ മുൻനിലപാട് മാറ്റേണ്ടി വരും എന്ന് ഗാരി കാസ്പറോവ് ട്വിറ്ററിൽ കുറിച്ചു. 1972ൽ ബോബി ഫിഷർക്കു ശേഷം മറ്റൊരു അമേരിക്കക്കാരൻ ലോക ചാംപ്യനാകുമോ അതോ സമനിലക്കളി ഭേദിച്ച് മാഗ്നസിലെ ലോകചാംപ്യൻ വീണ്ടും അവതരിക്കുമോ?–ഇന്നറിയാം.

റാപിഡ് ടൈബ്രേക്ക് ഇങ്ങനെ:

4 റാപിഡ് ഗെയിമുകൾ (ആകെ 25 മിനിറ്റ്) 

അതിൽ സമനിലയെങ്കിൽ  2 ബ്ലിറ്റ്സ് ടൈബ്രേക്ക് ഗെയിമുകൾ(5 മിനിറ്റ്) 

അതിലും വിജയിയെ കണ്ടെത്താനായില്ലെങ്കിൽ 2 ബ്ലിറ്റ്സ് വീതം നാലുതവണകൂടി കളിക്കും (മൊത്തം 5 തവണ)  

അതിലും വിജയിയെ കണ്ടെത്തിയില്ലെങ്കിൽ സഡൻഡെത്ത്‍. വെള്ളക്കരുക്കൾക്ക് 5 മിനിറ്റ്. കറുപ്പുകരുക്കൾക്ക് 4 മിനിറ്റ്. സമനിലയെങ്കിൽ കറുപ്പിനെ വിജയിയായി പ്രഖ്യാപിക്കും.