ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽ: ഒകുഹാരയെ തോൽപ്പിച്ച് പി.വി. സിന്ധുവിനു ആദ്യ കിരീടം

പി.വി.സിന്ധു

ഗ്വാങ്ചൗ (ചൈന) ∙ കലാശക്കളികളിലെ കണ്ണീർതോൽവികളെ വിജയത്തിന്റെ ചെറുപുഞ്ചിരികൊണ്ട് പി.വി.സിന്ധു മായ്ച്ചുകളഞ്ഞു. ലോകത്തിലെ മുൻനിര താരങ്ങൾ ഏറ്റുമുട്ടിയ വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റൻ കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. 

ജപ്പാന്റെ നൊസോമി ഒകുഹാരയെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 21–19, 21–17 നാണ് സിന്ധു മറികടന്നത്. 2017 ലോകചാംപ്യൻഷിപ്പിൽ സിന്ധുവിനെ തോൽപ്പിച്ച് കിരീടമണിഞ്ഞ ഒകുഹാരക്കെതിരെ മധുരപ്രതികാരം.

വലിയ ടൂർണമെന്റുകളുടെ ഫൈനലിൽ പതിവായി തോൽക്കുന്ന താരമെന്ന ദുഷ്പ്പേരും സീസണിലെ അവസാന ചാംപ്യൻഷിപ്പിൽ സിന്ധു മറികടന്നു. സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 8 താരങ്ങൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റിലാണ് സിന്ധുവിന്റെ നേട്ടം. രാജ്യാന്തര കരിയറിലെ 300–ാം വിജയമെന്ന പ്രത്യേകതയും ഈ കിരീടത്തിനുണ്ട്.

നിർണായക ഘട്ടങ്ങളിൽ ഉറച്ച മനസാന്നിധ്യവും മൽസരവീര്യവും പുറത്തെടുത്തായിരുന്നു സിന്ധുവിന്റെ ആധിപത്യം. 2 ലോകചാംപ്യൻഷിപ്പുകളും ഒളിംപിക്സും ഉൾപ്പെടെ നിർണായകമായ പല ടൂർണമെന്റുകളുടെയും ഫൈനലിൽ തോറ്റ സിന്ധു ലോകറാങ്കിങ്ങിൽ 6–ാം സ്ഥാനത്താണിപ്പോൾ. പുതിയ റാങ്കിങ് പട്ടികയിൽ 3–ാം സ്ഥാനം സിന്ധുവിനെ കാത്തിരിക്കുന്നു. വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു.