മെസ്സി മാജിക്, ത്രിൽ‘കിങ്’ കോലി; സ്വിമ്മിങ് പൂളിലെ അദ്ഭുതരക്ഷ: ഫൈനൽ വിസിൽ 2022!
ഹാഫ് ടൈമിനുശേഷം പുനരാരംഭിച്ച ഫുട്ബോൾ മത്സരം പോലെയായിരുന്നു 2022. കോവിഡിനു ശേഷം ലോകം ജീവിതത്തിന്റെ പന്തു വീണ്ടും തട്ടിത്തുടങ്ങിയപ്പോഴാണ് സൈഡ്‌ലൈനിൽ മഹാമാരിയുടെ മൂന്നാം തരംഗം ആഞ്ഞടിച്ചത്. അതിനെയെല്ലാം അതിജീവിച്ച് ...
ഹാഫ് ടൈമിനുശേഷം പുനരാരംഭിച്ച ഫുട്ബോൾ മത്സരം പോലെയായിരുന്നു 2022. കോവിഡിനു ശേഷം ലോകം ജീവിതത്തിന്റെ പന്തു വീണ്ടും തട്ടിത്തുടങ്ങിയപ്പോഴാണ് സൈഡ്‌ലൈനിൽ മഹാമാരിയുടെ മൂന്നാം തരംഗം ആഞ്ഞടിച്ചത്. അതിനെയെല്ലാം അതിജീവിച്ച് ...
ഹാഫ് ടൈമിനുശേഷം പുനരാരംഭിച്ച ഫുട്ബോൾ മത്സരം പോലെയായിരുന്നു 2022. കോവിഡിനു ശേഷം ലോകം ജീവിതത്തിന്റെ പന്തു വീണ്ടും തട്ടിത്തുടങ്ങിയപ്പോഴാണ് സൈഡ്‌ലൈനിൽ മഹാമാരിയുടെ മൂന്നാം തരംഗം ആഞ്ഞടിച്ചത്. അതിനെയെല്ലാം അതിജീവിച്ച് ...
ഹാഫ് ടൈമിനുശേഷം പുനരാരംഭിച്ച ഫുട്ബോൾ മത്സരം പോലെയായിരുന്നു 2022. കോവിഡിനു ശേഷം ലോകം ജീവിതത്തിന്റെ പന്തു വീണ്ടും തട്ടിത്തുടങ്ങിയപ്പോഴാണ് സൈഡ്‌ലൈനിൽ മഹാമാരിയുടെ മൂന്നാം തരംഗം ആഞ്ഞടിച്ചത്. അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഊർജത്തോടെ ലോകജനത കളംനിറഞ്ഞ വർഷമാണ് കടന്നുപോകുന്നത്. കായികലോകത്തും ആ പോരാട്ടവീര്യം നിറഞ്ഞു. കരിബീയൻ മണ്ണിൽ പുരുഷ അണ്ടർ–19 ക്രിക്കറ്റ് ലോകകപ്പോടെ തുടങ്ങിയ വർഷം അവസാനിക്കുന്നത് ഖത്തറിൽ കാൽപന്തുകളിയുടെ തമ്പുരാക്കന്മാരായി മെസ്സിിയുടെ സ്വന്തം അർജന്റീന വാഴ്ത്തപ്പെട്ടതോടെയാണ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്, വനിതാ ഹോക്കി ലോകകപ്പ്, ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങി മറ്റു വിശ്വകിരീട മാമാങ്കങ്ങളും ഇതിനിടെ കടന്നുപോയി. ഐപിഎൽ, വിംബിൾഡൻ, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയും ഈ വർഷത്തെ ശ്രദ്ധേയ പോരാട്ടങ്ങളായി. 2022 ന് ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ മനസ്സിൽ മായാതെ നിൽക്കുന്ന ചില കായികക്കാഴ്ചകളിലേക്കും സംഭവങ്ങളിലേക്കും ഒരു ‘റിവേഴ്സ് സ്വീപ്’
∙ ആനന്ദം അർജന്റീന!
അർജന്റീന ആരാധകരുടെ 36 വർഷത്തെ കാത്തിരിപ്പിനു ഫലം കണ്ട വർഷമാണ് 2022. ഷൂട്ടൗട്ടിലേക്കു നീണ്ട ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ 4-2 നു മറികടന്ന് അർജന്റീന ലോക ഫുട്ബോൾ ജേതാക്കളായി. കാൽപന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ വിശ്വകിരീടമെന്ന സ്വപ്നവും ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കാൽപ്പന്തുപോരാളികൾ അങ്ങനെ സാക്ഷാത്കരിച്ചു. 1986ൽ ഡിയേഗോ മറഡോണയുടെ നേതൃത്വത്തിലാണ് ഇതിനു മുൻപ് അർജന്റീന ലോകകപ്പ് ചാംപ്യന്മാരായത്.
പിന്നീടുള്ള ലോകകപ്പുകളിൽ മറഡോണയുടെ പിൻമുറക്കാരായി അർജന്റീനയുടെ കുപ്പായത്തിലിറങ്ങിയവർക്ക് ആർക്കും സാധിക്കാതെ പോയ നേട്ടമാണ് മെസ്സിയും കൂട്ടുകാരും ഇത്തവണ സ്വന്തമാക്കിയത്. 2014 ലോകകപ്പ് ഫൈനലിൽ വിജയത്തോളമെത്തിയതിനു ശേഷം കണ്ണീരണിഞ്ഞതിന്റെയും 2018 ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ കീഴടങ്ങിയതിന്റെയും സങ്കടങ്ങളും ഈ കിരീടനേട്ടത്തോടെ അർജന്റീന കഴുകിക്കളഞ്ഞു.
∙ ഖത്തർ കണ്ണീർ
ലയണൽ മെസ്സി എന്ന ഫുട്ബോൾ മന്ത്രികൻ ലോകകപ്പ് കിരീടത്തിന്റെ മായാജാലത്തിലേക്ക് ആരാധരെ നയിച്ചപ്പോൾ മറ്റു രണ്ടു സൂപ്പർ താരങ്ങളുടെ കണ്ണീരിനും ഖത്തർ സാക്ഷിയായി. ടീമിന്റെയും കോച്ചിന്റെയും നിയമങ്ങളെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുസരിക്കേണ്ടി വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഖത്തറിൽ കണ്ടത്. സ്വിറ്റ്സർലൻഡിനെതിരെ കോച്ച് ഫെർണാണ്ടോ സാന്റോസ് സൂപ്പർ താരത്തെ ആദ്യപകുതിയിൽ റിസർവ് ബെഞ്ചിലിരുത്തി. ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയിൽ ഇറങ്ങിയെങ്കിലും വിജയം അകന്നു പോയി. കണ്ണീരോടെയാണ് ക്രിസ്റ്റ്യാനോ സ്റ്റേഡിയം വിട്ടുപോയത്.
പരുക്കിനെ തുടർന്ന് മത്സരങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഉജ്വല തിരിച്ചുവരവാണ് ബ്രസീലിന്റെ സൂപ്പർതാരം നെയ്മാർ നടത്തിയത്. എന്നാൽ ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരെ ഉജ്വലമായ ഒരു ഗോൾ നേടിയിട്ടും ഷൂട്ടൗട്ടിൽ തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി. അതിന്റെ വേദനയിൽ മൈതാനത്തിരുന്നു പൊട്ടിക്കരഞ്ഞ നെയ്മാർ ഖത്തറിലെ നൊമ്പരക്കാഴ്ചയായി. സൂപ്പർ താരത്തെ ആശ്വസിപ്പിക്കാൻ മൈതാനത്തേക്ക് ഓടിയെത്തിയ, ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ മകൻ ലിയോയെ ആലിംഗനം ചെയ്ത നെയ്മാറും ആരാധകരുടെ ഹൃദയം തൊട്ടു. കലാശപ്പോരാട്ടത്തിൽ ഹാട്രിക് നേടിയിട്ടും കിരീടം ഏറ്റുവാങ്ങാനാകാതെ പോയ കിലിയൻ എംബപെയെ ആശ്വസിപ്പിക്കാൻ ഗ്രൗണ്ടിൽ നേരിട്ടെത്തിയ ഫ്രഞ്ച് പ്രസിഡന്റും ലോകകപ്പിലെ മായാത്ത കാഴ്ചയായി. ലോകഫുട്ബോളിന്റെ ഭാവി തന്റെ ബൂട്ടുകളിലായിരിക്കുമെന്നു ഉറപ്പിച്ചാണ് എംബപെ മടങ്ങിയത്.
∙ ഡബിൾ ഇംഗ്ലണ്ട്!
ക്രിക്കറ്റ് ലോകകപ്പ് കിരീടം ഒരിക്കൽ കൂടി തറവാട്ടിലേക്ക്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗാലറിയിൽ അലയടിച്ച ആരാധക തിരമാലകളെയും സന്തോഷാശ്രുക്കൾ പൊഴിക്കാനെന്ന പോലെ വെമ്പിനിന്ന മഴമേഘങ്ങളെയും സാക്ഷിനിർത്തി ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു തോൽപിച്ച് ഇംഗ്ലണ്ട് ജേതാക്കളായി. 2010 ലോകകപ്പിലും ജേതാക്കളായിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി20 കിരീടമാണിത്. രണ്ടു വൈറ്റ് ബോൾ ലോക കിരീടങ്ങൾ ഒരുമിച്ചു കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ഇംഗ്ലണ്ടിനു സ്വന്തമാക്കി.
സാം കറൻ, ബെൻ സ്റ്റോക്സ് എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്ക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് സാം കറന്റെ ഉജ്വല ബോളിങ് സ്പെല്ലാണ്; 4 ഓവറിൽ 12 റൺസിന് 3 വിക്കറ്റ്. പിന്നീട്, 138 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ മധ്യനിര അൽപമൊന്ന് ആടിയുലഞ്ഞപ്പോൾ, നങ്കൂരമിടുന്ന കപ്പിത്താനെപ്പോലെ അപകടച്ചുഴികൾ ഒന്നൊന്നായി ഒഴിവാക്കി, ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനായ ബെൻ സ്റ്റോക്സിന്റെ അർധസെഞ്ചറി; 49 പന്തിൽ പുറത്താകാതെ 52 റൺസ് (5 ഫോർ, 1 സിക്സ്).
∙ ത്രിൽ‘കിങ്’ കോലി
ഘടികാരങ്ങൾ നിലച്ചുപോയ നിമിഷം! ഗ്രൗണ്ടിൽ വിരാട് കോലി നിറഞ്ഞാടിയതിനെ ഇങ്ങനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയാകില്ല. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കോലിയുടെ തോളിലേറി ഇന്ത്യ ജയിച്ചപ്പോൾ 130 കോടി ജനങ്ങളുടെയും കണ്ണും മനസ്സും നിറച്ച കാഴ്ചയായി അതുമാറി.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരുഘട്ടത്തിൽ 31/4 എന്ന നിലയിൽ പരാജയത്തിന്റെ വക്കിലായിരുന്നു. എന്നാൽ നിശ്ചയദാർഢ്യത്തോടെ ക്രീസിൽ ഉറച്ചുനിന്ന് കോലി നേടിയ 82 റൺസാണ് ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരം ഈ വർഷത്തെ ഏറ്റവും മികച്ച ത്രില്ലർ പോരാട്ടങ്ങളിൽ ഒന്നായി.
∙ ‘ഇന്ത്യൻ വെൽത്ത്’
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പിനും 2022 സാക്ഷ്യം വഹിച്ചു. 22 സ്വർണമടക്കം 61 മെഡലുകൾ നേടിയ ഇന്ത്യ ഗെയിംസിൽ 4–ാം സ്ഥാനത്തായിരുന്നു. ഇതിൽ ഇന്ത്യയുടെ അക്കൗണ്ടിലേക്കു മലയാളി താരങ്ങൾ മുതൽക്കൂട്ടിയത് ഒരു സ്വർണവും 4 വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 6 മെഡൽ. ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ കേരളത്തിന് പൊൻതൂവലായി. കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ ഇതുവരെ ഇന്ത്യയ്ക്കായി വ്യക്തിഗത സ്വർണം നേടിയത് 5 പേരാണ്. മിൽഖ സിങ്ങും നീരജ് ചോപ്രയും ഉൾപ്പെടുന്ന എലീറ്റ് ക്ലബ്ബിലെ ഏക മലയാളിത്തിളക്കമായി എൽദോസ് പോളെന്ന ഇരുപത്താറുകാരന്റെ പേരും എഴുതിച്ചേർക്കപ്പെട്ടു.
വെള്ളി മെഡൽ ജേതാവ് അബ്ദുല്ല അബൂബക്കർ, ലോങ്ജംപ് വെള്ളി മെഡൽ നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്റൻ മിക്സ്ഡ് ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവുമായി ഇരട്ടമെഡൽ നേടി ചരിത്രം കുറിച്ച ട്രീസ ജോളി, വെള്ളി നേടിയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് എന്നിവരാണ് മറ്റു മലയാളി മെഡൽ വേട്ടക്കാർ.
∙ ബൈ ഫെഡ്!
ലോക ടെന്നിസിലെ ഇതിഹാസ താരം റോജർ ഫെഡറർ പ്രഫഷനൽ ടെന്നിസിനോട് വിടപറഞ്ഞതും ഈ വർഷം തന്നെ. ലേവർ കപ്പിൽ ടീം യൂറോപ്പിനു വേണ്ടി ഡബിൾസ് മത്സരത്തിൽ റാഫേൽ നദാലിനൊപ്പമാണ് ഫെഡറർ അവസാനമായി കളത്തിലിറങ്ങിയത്. അവസാന മത്സരത്തിൽ ടീം വേൾഡിന്റെ ജാക്ക് സോക്ക്–ഫ്രാൻസിസ് ടിഫോ സഖ്യം തോൽപിച്ചെങ്കിലും നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുന്നിൽ അവസാനം ഫെഡററെ തോളിലേറ്റാൻ രണ്ടു ടീമും ഒരുമിച്ചു നിന്നു. വിടവാങ്ങൽ പ്രസംഗത്തിനിടെ ഫെഡറർ വിതുമ്പിയതോടെ ആ കണ്ണീർ എല്ലാവരിലേക്കും പടർന്നു. ഒടുവിൽ കയ്യടികളോടെ എല്ലാവരും സ്വിസ് ഇതിഹാസത്തെ കോർട്ടിൽനിന്നു യാത്രയാക്കി. ഫെഡററും നദാലും ഒന്നിച്ചിരുന്നു കരയുന്ന ദൃശ്യം എല്ലാ കായികപ്രേമികളുടെ മനസ്സിലും മായാതെ നിൽക്കുമെന്ന് ഉറപ്പ്
പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന നാൽപത്തൊന്നുകാരനായ സ്വിസ് ഇതിഹാസം 20 ഗ്രാൻസ്‍ലാം കിരീടം നേടിയിട്ടുണ്ട്. ഇതുൾപ്പെടെ കരിയറിൽ നേടിയത് ആകെ 103 കിരീടം. മൂന്നു വർഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണമെന്ന് ഫെഡറർ വ്യക്തമാക്കിയിരുന്നു.
∙ ഗ്രാൻഡായി തിരിച്ചുവരുമോ?
‘‘എന്റെ ജീവിതത്തിലെ എറ്റവും മനോഹരമായ യാത്ര. ഇത് അവസാനിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. പക്ഷേ, ജീവിതത്തിൽ വരാനിരിക്കുന്നവയെല്ലാം നേരിടാൻ ഞാൻ തയാറാണ്. കലിഫോർണിയയിലെ കോംടണിൽ എപ്പോഴും ടെന്നിസ് കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കറുത്തവർഗക്കാരിയായ കൊച്ചു പെൺകുട്ടിയുടെ യാത്രയുടെ അവസാനമാണ് ഇത്. എനിക്ക് എല്ലാം തന്നതു ടെന്നിസാണ്.’’ – ഓഗസ്റ്റിൽ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായ ശേഷം സെറീന വില്യംസ് പറഞ്ഞത് ലോകം വിതുമ്പലോടെ കേട്ടു.
കളിജീവിതം അവസാനിപ്പിക്കുകയാണെന്നു സെറീന ഉറപ്പിച്ചു പറഞ്ഞില്ല. പക്ഷേ, 23 വർഷം മുൻപ് തന്റെ കന്നി ഗ്രാൻസ്‌ലാം നേടിയ അതേ വേദിയിൽ സെറീന എല്ലാം അവസാനിപ്പിക്കുകയാണെന്ന് ആ വാക്കുകൾക്കിടയിൽനിന്ന് എല്ലാവരും ഊഹിച്ചു. ടെന്നിസിൽനിന്നു വിരമിച്ചിട്ടില്ലെന്നും കോർട്ടിലേക്കു തിരിച്ചുവരവിനു സാധ്യത കൂടുതലാണെന്നും ഒക്ടോബറിൽ സെറീന പ്രഖ്യാപിച്ചതോടെ ആരാധകരും കാത്തിരിപ്പിലാണ്.
∙ ഓർമപ്പന്തായി വോൺ; മിസ് യു സൈമോ!
ഓസീസ് ക്രിക്കറ്റിന് കണ്ണീരിന്റെ വർഷമായിരുന്നു 2022. മനസ്സിൽ നിന്നു മായാത്ത ഉജ്വലമായ ഒട്ടേറെ പന്തുകൾ പോലെ ഒരു ഓർമപ്പന്തായി ഷെയ്ൻ വോണും ആൻഡ്രൂ സൈമണ്ട്സും. തായ്‌ലൻഡിലെ കോ സമുയി ദ്വീപിലെ റിസോർട്ടിൽ അവധി ആഘോഷത്തിനെത്തിയ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണ്‍ (52) മാർച്ച് നാലിനാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്.
1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്നത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നായി ആയിരത്തിലധികം വിക്കറ്റ് വോൺ നേടിയിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ്.
മേയ് 14ന് കാർ അപകടത്തിലായിരുന്നു മുൻ ഓസീസ് ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിന്റെ (46) ആകസ്മിക വിയോഗം. വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ടൗൺസ്‌വിൽ നഗരത്തിന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ച് റോഡിലായിരുന്നു അപകടം. റോഡിൽനിന്നു തെന്നി മാറിയ കാർ താഴേക്കു മറിയുകയായിരുന്നു. സൈമണ്ട്സ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
ഓസ്ട്രേലിയൻ ടീമിൽ സഹതാരമായിരുന്ന ഷെയ്ൻ വോണിന്റെ വിയോഗത്തിന് 2 മാസം തികഞ്ഞതിനു പിന്നാലെയായിരുന്നു സൈമണ്ട്സിന്റെയും മരണം. 1990 കളുടെ അവസാനത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവരയിച്ച്, 2000 മുതലുള്ള 9 വർഷം പൂർണപ്രഭയോടെ ശോഭിച്ച്, 2012ലെ വിടവാങ്ങൽ പ്രഖ്യാപനം വരെ ക്രിക്കറ്റ് ലോകം അടക്കി ഭരിച്ച താരമാണു സൈമണ്ട്സ്. നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും എന്നും വിടാതെ പിന്തുടര്‍ന്നു.
∙ സുവർണ നീരജ്
ലോക അത്‌ലറ്റിക്സിലെ മുൻനിര താരങ്ങളുടെ പോരാട്ടക്കളമായ ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണത്തിലേക്ക് ജാവലിനെറിഞ്ഞ് ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര. ആവേശകരമായ മത്സരത്തിൽ 88.44 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചാംപ്യൻപട്ടം സ്വന്തമാക്കിയത്. രണ്ടാം ശ്രമത്തിലാണ് നീരജ് സുവർണ ദൂരമായ 88.44 മീറ്റർ പിന്നിട്ടത്. ആദ്യത്തെ ത്രോ ഫൗളായെങ്കിലും രണ്ടാം ശ്രമത്തിൽ 88.44 മീറ്റർ പിന്നിട്ട നീരജ്, തുടർന്ന് 88.00, 86.11, 87.00, 83.60 മീറ്റർ ദൂരങ്ങളാണ് പിന്നിട്ടത്. ഒളിംപിക്സ് സ്വർണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ഫൈനൽ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര.
ഈ വർഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ജാവലിൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്തായിരുന്നു നീരജ് എങ്കിലും (15 പോയിന്റ്), ലോക വേദികളിലെ മിന്നുന്ന ഫോം ഒരിക്കൽക്കൂടി പുറത്തെടുത്താണ് താരം ഡയമണ്ട് ലീഗ് ഫൈനലിലും ചാംപ്യനായത്. ലുസേൻ ഡയമണ്ട് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിനു യോഗ്യത ഉറപ്പിച്ചത്. 89.08 മീറ്റർ ദൂരമാണു ലുസേനിൽ നീരജ് പിന്നിട്ടത്. ഒരു ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതുവഴി ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കിയിരുന്നു.
∙ ജയന്റ് ടൈറ്റൻസ്
14 വർഷം മുൻപ് ഐപിഎലിലെ ആദ്യ പതിപ്പിൽ രാജസ്ഥാൻ റോയൽസ് കാട്ടിയ അദ്ഭുതം ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് പകർത്തി. ആദ്യമായി കളിച്ച ഐപിഎലിൽത്തന്നെ കിരീടം. ട്രോഫികളുടെ എണ്ണത്തിലും പരിചയ സമ്പത്തിലും ഏറെ മുൻപിലുള്ള വമ്പൻ ടീമുകളെ തുടക്കം മുതൽ വീഴ്ത്തി സീസണിൽ അത്യുജ്വല കുതിപ്പു കാട്ടിയ ഹാർദിക് പാണ്ഡ്യയുടെ ടീം ഫൈനലിലും അതേ മികവ് ആവർത്തിച്ചു. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഗുജറാത്ത് കിരീടം ചൂടിയത്.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനെ 130 റൺസിൽ എറിഞ്ഞൊതുക്കിയ ഗുജറാത്ത് 3 വിക്കറ്റു നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ബോളിങ്ങിലും (3 വിക്കറ്റ്) ബാറ്റിങ്ങിലും (34 റൺസ്) ടീമിനെ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ശുഭ്മൻ ഗിൽ (45 നോട്ടൗട്ട്), ഡേവിഡ് മില്ലർ (32 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ബോളിങ്ങിൽ 4 ഓവറിൽ 17 റൺസ് വഴങ്ങിയ ഹാർദിക്കും 18 റൺസ് വഴങ്ങിയ റാഷിദ് ഖാനും ചേർന്നാണ് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനെ ചെറിയ സ്കോറിൽ തളച്ചത്. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 9ന് 130. ഗുജറാത്ത് 18.1 ഓവറിൽ 3ന് 133.
ടൂർണമെന്റിൽ 863 റണ്‍സ് അടിച്ചുകൂട്ടിയ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർക്കാണ് ഓറഞ്ച് ക്യാപ്. പ്ലെയർ ഓഫ് ദ് സീസണും ബട്‌ലർ തന്നെ. 27 വിക്കറ്റുകൾ വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹൽ പർപ്പിൾ ക്യാപ്പും ഉമ്രാൻ മാലിക് എമർജിങ് പ്ലെയർ പുരസ്കാരവും നേടി.
∙ ചാംപ്യൻ എലെന; ജോറായി ജോക്കോ
വിമ്പിൾഡനിലെ പുൽകോർട്ടിൽനിന്ന് വനിതാ ടെന്നിസിൽ പുതിയൊരു ഗ്രാൻസ്‌ലാം ചാംപ്യൻ. തുനീസിയയുടെ ഒൻസ് ജാബറെ തോൽപിച്ച് (3-6, 6-2, 6-2) കസഖ്സ്ഥാൻ താരം എലേന റിബകീന വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് ജേതാവായി. 23 വയസ്സുകാരിയായ റിബകീനയ്ക്കൊപ്പം കസഖ്സ്ഥാന്റെയും ആദ്യ ഗ്രാൻസ്‌ലാം നേട്ടമാണിത്.
2011ൽ 21–ാം വയസ്സിൽ ജേതാവായ പെട്രോ ക്വിറ്റോവയ്ക്കുശേഷം വിമ്പിൾഡൻ കിരീടം നേടുന്ന പ്രായം കുറഞ്ഞ വനിതാ താരവുമായി റിബകീന. ലോക റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ ഉൾപ്പെടാത്ത ഒരു വനിതാ താരം വിമ്പിൾഡൻ ജേതാവാകുന്നത് 15 വർഷത്തിനുശേഷമാണ്. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു റഷ്യൻ താരങ്ങൾക്കു വിലക്കേർപ്പെടുത്തിയ വിമ്പിൾഡൻ ടൂർണമെന്റിൽ ഒരു റഷ്യൻ വംശജ കിരീടം നേടിയെന്ന പ്രത്യേകതയുമുണ്ട്. മോസ്കോയിൽ ജനിച്ചു വളർന്ന റിബകീന മെച്ചപ്പെട്ട പരിശീലനത്തിനായാണ് 2018ൽ കസഖ്സ്ഥാനിലേക്കു മാറിയത്.
പുരുഷ വിഭാഗത്തിൽ നൊവാക്ക് ജോക്കോവിച്ച് വിമ്പിൾഡൻ ട്രോഫിയിൽ ഏഴാം തവണയും തന്റെ പേരെഴുതിച്ചേർത്തു; തുടർച്ചയായി നാലാം തവണയും. 35 വയസ്സുകാരനായ ജോക്കോവിച്ച് വിമ്പിൾഡനിൽ പരാജമറിയാതെയുള്ള 28–ാം മത്സരം പൂർത്തിയാക്കിയപ്പോൾ പൊലിഞ്ഞത് ആദ്യ ഗ്രാൻസ്‍ലാം കിരീടമെന്ന ഓസ്ട്രേലിയക്കാരൻ നിക്ക് കിറീയോസിന്റെ സ്വപ്നം. കരിയറിലെ 21–ാം ഗ്രാൻസ്‍ലാം സ്വന്തമാക്കിയ ജോക്കോവിച്ച് ഈ നേട്ടത്തിൽ റോജർ ഫെഡററെ (20) പിന്നിലാക്കി. 22 കിരീടങ്ങളുമായി റാഫേൽ നദാൽ മുന്നിലുണ്ട്. 2 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ 7 തവണ ജേതാവാകുന്ന ആദ്യ പുരുഷ താരമാണ് ജോക്കോവിച്ച്. വിമ്പിൾഡനിൽ ഏഴാം കിരീടം നേടിയ ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ 9 തവണ സ്വന്തമാക്കിയിട്ടുണ്ട്
∙ വിജയക്കരുനീക്കം
പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച ചെന്നൈയിലെ മഹാബലിപുരം ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാമാമാങ്കത്തിനു വേദിയായി. റഷ്യയിലെ മോസ്കോയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒളിംപ്യാഡ്, റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായപ്പോഴാണ് ഏറ്റെടുത്തുനടത്താൻ ഇന്ത്യ തയാറായത്. യുദ്ധത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയിട്ടും, ഒളിംപ്യാഡിലെ വനിതാവിഭാഗത്തിൽ ഒന്നാംസ്ഥാനം പൊരുതി നേടിയത് യുക്രെയ്നാണ്; ഓപ്പൺ വിഭാഗത്തിൽ വിജയസോപാനത്തിലേറിയത് ഉസ്ബെക്കിസ്ഥാനും. ഓപ്പൺ വിഭാഗത്തിൽ വെങ്കലം നേടിയ പുതുമുറക്കാരടങ്ങിയ ഇന്ത്യ ബി ടീമിന്റെയും വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യ എ ടീമിന്റെയും പ്രകടനങ്ങൾ രാജ്യത്തിന് അഭിമാനമായി.
∙ അട്ടിമറി രാജ!
യുഎസിലെ മയാമിയിൽ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെതിരെ മൂന്നു തുടർവിജയങ്ങൾ നേടി ആർ. പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ഇന്ത്യൻ അഭിമാനമായി. ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോടു തോൽവി വഴങ്ങിയത് ഒരു പക്ഷേ, ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും. ഇതോടെ ടൂർണമെന്റിൽ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാംസ്ഥാനം നേടി. 16 പോയിന്റുമായി മാഗ്നസ് കിരീടം നേടി.
ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനാണ് ആർ. പ്രഗ്നാനന്ദ. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും മറ്റേതു മാതാപിതാക്കളെയും പോലെ, ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി.
പല പ്രമുഖരും പ്രഗ്നാന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി. 2022 ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോക ശ്രദ്ധ മുഴുവൻ പ്രഗ്ഗയിലേക്കായി. അലി റേസ ഫിറൂസ്ജ, ലെവൻ അരോണിയൻ, അനിഷ് ഗിരി എന്നിവരാണ് മയാമിയിൽ പ്രഗ്ഗ തോൽപിച്ച മറ്റു പ്രമുഖർ.
∙ രക്ഷക ആൻഡ്രിയ
ജൂണിൽ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാംപ്യൻഷിപ്പിലെ നീന്തൽക്കുളത്തിൽ കണ്ടത് അദ്ഭുതകരമായ ഒരു രക്ഷാപ്രവർത്തനമായിരുന്നു. മത്സരത്തിനിടെ ബോധക്ഷയം വന്ന് ആഴങ്ങളിലേക്കു പോകുകയായിരുന്ന യുഎസ് നീന്തൽ താരം അനിറ്റ അൽവാരസിനെ ജീവിതത്തിന്റെ കരയിലെത്തിച്ചത് പരിശീലക ആൻഡ്രിയ ഫ്യുയെന്തസ് തന്നെ. ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരത്തിനിടെ അനിറ്റ നിശ്ചലയായി മുങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ആൻഡ്രിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോടെ നേരെ പൂളിലേക്കു ചാടുകയായിരുന്നു.
പൂളിന്റെ അടിത്തട്ടിൽ നിന്നു കൈ കോർത്തു പിടിച്ച് ആൻഡ്രിയ അനിറ്റയെ മുകളിലേക്കു കൊണ്ടു വന്നപ്പോഴേക്കും മറ്റ് ഒഫീഷ്യൽസും സഹായത്തിനെത്തി. പ്രഥമ ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയ അനിറ്റ സുഖം പ്രാപിച്ചെങ്കിലും മത്സരിക്കാൻ വിലക്കേർപ്പെടുത്തി. രണ്ട് ഒളിംപിക്സുകളിൽ മത്സരിച്ചിട്ടുള്ള താരമാണ് ഇരുപത്തിയഞ്ചുകാരി അനിറ്റ. സ്പെയിൻകാരിയായ ആൻഡ്രിയ ഒളിംപിക്സിൽ 4 മെഡൽ നേടിയിട്ടുണ്ട്.
English Summary: Glorious Moments in Sports: Year Ender 2022