കാവലാൾ കളമൊഴിയുന്നു, ചരിത്രമെഴുതിയ രണ്ടാം മെഡലുമായി; 144 കോടി നന്ദി ശ്രീജേഷ്, എല്ലാ സേവുകൾക്കും– വിഡിയോ
പാരിസ്∙ രാജ്യാന്തര ഹോക്കിയിൽ പ്രതാപകാലത്തിന്റെ നിഴലിലൊതുങ്ങിപ്പോയ നാലു പതിറ്റാണ്ടു കാലത്തെ ‘വനവാസ’ത്തിനു ശേഷമുള്ള രാജകീയ തിരിച്ചുവരവിന് ഗോൾമുഖത്ത് കോട്ടകെട്ടി ഇന്ത്യയെ പാകപ്പെടുത്തിയ കാവലാൾ – പി.ആർ. ശ്രീജേഷ്. 1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം വിസ്മൃതിയിലാണ്ടു പോയ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിന്റെ കഥയിൽ, നായകതുല്യമായ സ്ഥാനത്തുണ്ട് ഈ മലയാളി ഗോൾകീപ്പർ.

പാരിസ്∙ രാജ്യാന്തര ഹോക്കിയിൽ പ്രതാപകാലത്തിന്റെ നിഴലിലൊതുങ്ങിപ്പോയ നാലു പതിറ്റാണ്ടു കാലത്തെ ‘വനവാസ’ത്തിനു ശേഷമുള്ള രാജകീയ തിരിച്ചുവരവിന് ഗോൾമുഖത്ത് കോട്ടകെട്ടി ഇന്ത്യയെ പാകപ്പെടുത്തിയ കാവലാൾ – പി.ആർ. ശ്രീജേഷ്. 1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം വിസ്മൃതിയിലാണ്ടു പോയ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിന്റെ കഥയിൽ, നായകതുല്യമായ സ്ഥാനത്തുണ്ട് ഈ മലയാളി ഗോൾകീപ്പർ. 2020 ടോക്കിയോ ഒളിംപിക്സിൽ 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വെങ്കലവുമായി ഇന്ത്യ മെഡൽപ്പട്ടികയിൽ വീണ്ടും ഇടംപിടിച്ചപ്പോൾ, നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ അതു നിലനിർത്തുമ്പോൾ, അതിനു പിന്നിൽ ഈ മലയാളി ഗോൾകീപ്പറുടെ അധ്വാനം വിലമതിക്കാനാകാത്തതാണ്. ഈ ഒളിംപിക്സോടെ കളമൊഴിയുമെന്ന് പ്രഖ്യാപിച്ച ശ്രീജേഷിനുള്ള ടീം ഇന്ത്യയുടെ യഥാർഥ സമർപ്പണമാണ് സ്പെയിനെതിരെ ഇന്നു പൊരുതി നേടിയവിജയവും ഒപ്പം ലഭിക്കുന്ന വെങ്കലവും. ഇതിനൊപ്പം, ഒളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൂടി കുറിച്ചാണ് ശ്രീജേഷിന്റെ മടക്കം.
സ്പെയിനെതിരായ മത്സരത്തിലും ശ്രീജേഷിന്റെ നിർണായകമായ സേവുകൾ ‘പതിവുപോലെ’ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. അവസാന നിമിഷങ്ങളിൽ നേടിയെടുത്ത തുടർച്ചയായ പെനൽറ്റി കോർണറുകളിൽനിന്ന് സമനില ഗോൾ നേടാനുള്ള സ്പെയിനിന്റെ ശ്രമത്തിനു മുൻപിലും കരുത്തോടെ നിലയുറപ്പിച്ചത് ശ്രീജേഷ് തന്നെ. ഗോൾകീപ്പറെന്ന നിലയിലുള്ള രാജ്യാന്തര നിലവാരത്തിന് ഇപ്പോഴും യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നു മാത്രമല്ല, ഇന്നും രാജ്യാന്തരതലത്തിലെ എണ്ണം പറഞ്ഞ ഗോൾകീപ്പർമാരിൽ ഒരാളാണ് താനെന്ന് അടിവരയിട്ട് പ്രഖ്യാപിച്ചുകൊണ്ടാണ് ശ്രീജേഷിന്റെ മടക്കം. അവസാന രാജ്യാന്തര മത്സരത്തിൽ സെഞ്ചറി നേട്ടത്തോടെ മടങ്ങുന്ന ബാറ്ററുടെ തലയെടുപ്പോടെ തന്നെയാണ്, ഹോക്കി ടർഫിൽ നിന്നുള്ള ശ്രീജേഷിന്റെ മടക്കം. ഇന്ത്യൻ സീനിയർ കുപ്പായത്തിൽ ഈ കൊച്ചിക്കാരന്റെ 335–ാമത്തെ മത്സരം അദ്ദേഹത്തിന്റെ വിരമിക്കൽ മത്സരമെന്നതിനൊപ്പം, ചരിത്രത്തിന്റെ കൂടി ഭാഗമാകുന്നു.
കളത്തിലെ തലയെടുപ്പുള്ള താരമായി തുടരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെയൊരു മടക്കം? പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെ വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾത്തന്നെ ഇതേക്കുറിച്ച് ശ്രീജേഷിനോട് മനോരമ ലേഖകൻ ചോദിച്ചിരുന്നു. കളത്തിൽ എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന അതേ കൃത്യതയോടെയായിരുന്നു ശ്രീജേഷിന്റെ മറുപടി: ‘‘കുറച്ചുകാലമായി വിരമിക്കൽ ആലോചിക്കുന്നുണ്ട്. ഒളിംപിക്സ് പോലെയൊരു വലിയ വേദിയിൽ പ്രഖ്യാപനം നടത്താമെന്നു കരുതി. ഇനിയൊരു വലിയ ടൂർണമെന്റ്, ലോകകപ്പോ കോമൺവെൽത്ത് ഗെയിംസോ, രണ്ടു വർഷത്തിനു ശേഷമേയുള്ളൂ. അതുകൊണ്ടു നിർത്താമെന്നു കരുതി. സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുന്നതു നല്ലതാണല്ലോ!’’
1928ൽ ആംസ്റ്റർഡാമിൽ മുതൽ, 1980ൽ മോസ്കോയിൽ വരെ നടന്ന ഒളിംപിക്സുകളിൽ ഹോക്കിയിൽനിന്ന് ഇന്ത്യ നേടിയത് എട്ടു സ്വർണ മെഡലുകളാണ്. അതിനു പുറമേ ഓരോ വെള്ളിയും വെങ്കലവും. പുതുതലമുറയ്ക്ക് രാജ്യത്തിന്റെ ദേശീയ കായികവിനോദവുമായി ബന്ധപ്പെട്ട് പുസ്തകങ്ങളിൽനിന്നു വായിച്ചു പഠിച്ച അറിവു മാത്രമായിരുന്നു ഹോക്കിയിലെ ഈ പ്രതാപകാലമെങ്കിൽ, അതിന്റെ ചെറിയൊരു അംശമെങ്കിലും അവർക്ക് അനുഭവവേദ്യമാക്കി നൽകിയതിന്റെ ക്രെഡിറ്റിന് ശ്രീജേഷും അവകാശിയാണ്.
ഇതുവരെ ഹോക്കിയിൽനിന്ന് സ്വന്തമാക്കിയ നേട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് ശ്രീജേഷിനു മുന്നിൽ ചോദ്യമുയർന്നിരുന്നു. ‘‘ഒരു സംശയവുമില്ല, ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ തന്നെ. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്കായി ഹോക്കിയിൽ മെഡൽ നേടാൻ കഴിഞ്ഞതു വലിയ അഭിമാനമായി കരുതുന്നു. 2 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടാനും കഴിഞ്ഞു. 2 കോമൺവെൽത്ത് വെള്ളി. ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ 4 സ്വർണം. 2004ൽ ജൂനിയർ ഇന്ത്യൻ ടീമിൽ ഇടംനേടിയതു മുതൽ രാജ്യത്തിന്റെ ജഴ്സിയിൽ കളിക്കുന്നു. ഇതിൽപരമെന്തു വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദിവസങ്ങൾക്കു ശേഷം പാരിസിൽ കടുത്ത പോരാട്ടത്തിലൂടെ ഒളിംപിക്സ് വെങ്കല മെഡൽ നിലനിർത്തുമ്പോൾ, നേട്ടങ്ങളുടെ കൊടുമുടിയിൽനിന്നാണ് ശ്രീജേഷിന്റെ മടക്കം.