മുന്നേറിക്കളിക്കാൻ ടീം ബേഡഡുക്ക

ബേഡഡുക്കയിൽ നടന്ന വോളി ലീഗ് മത്സരങ്ങളിൽ നിന്ന്

കാസർകോടിന്റെ കായിക ട്രാക്കിൽ കുതിച്ചു പായുകയാണ് ബേഡഡുക്ക പഞ്ചായത്ത്. മുഴുവൻ ക്ലബുകളെയും ഉൾപ്പെടുത്തി യൂത്ത് കോർഡിനേഷൻ കമ്മിറ്റി(വൈസിസി) രൂപീകരിച്ചു കായിക വികസനത്തിന് അടിത്തറയിട്ടു. കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാപരമായ തുടർപ്രവർത്തനങ്ങൾ.

∙ 4 വർഷം മുൻപ് തുടങ്ങിയ ഫുട്ബോൾ ലീഗും 2 വർഷം മുൻപ് തുടങ്ങിയ വോളി ലീഗും വിജയകരമായി ഈ വർഷവും തുടർന്നു. ‘ടീം ബേഡകം’ എന്ന പേരിൽ വോളിബോൾ, ഫുട്ബോൾ ടീമുകൾ 2 വർഷം മുൻപ് രൂപീകരിച്ചു. ലീഗ് മൽസരങ്ങളിൽ നിന്നായിരുന്നു താരങ്ങളുടെ പ്രാഥമിക തിരഞ്ഞെടുപ്പ്. തുടർന്ന് ഒരു മാസം വിദഗ്ധ പരിശീലനം. ഇതോടെ പഞ്ചായത്തിനു സ്വന്തമായൊരു ടീം എന്ന ലക്ഷ്യം യാഥാർഥ്യമായി.

∙ 2 വോളിടീമുകളും 4 ഫുട്ബോൾ ടീമുകളും ഈ പദ്ധതിയിലൂടെ പിറവിയെടുത്തു. 2 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. പ്രാദേശിക വിഭവ സമാഹരണം നടത്തിയും പണം കണ്ടെത്തി. ടീമുകളെ പ്രഖ്യാപിക്കുന്നതിനായി നടത്തിയ ഗെയിംസ് ഫെസ്റ്റിവൽ മലയോരത്തിന്റെ കായിക ഉൽസവമായി. 2017-18 വാർഷിക പദ്ധതിയിൽ 32 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകി.

∙ 2018 ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് വൈസിസിയുടെ നേതൃത്വത്തിൽ ഫാൻസ് സോക്കർ വാർ, ജഴ്സി മേള എന്നിവയും സംഘടിപ്പിച്ചു. പുതുതായി ബേഡകം ക്രിക്കറ്റ് ടീം, വടംവലി ടീം എന്നിവ ഈ വർഷം കളത്തിലിറങ്ങും. 3.5 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ഈ വർഷം മുതൽ വടംവലി, വോളിബോൾ, കബഡി എന്നീ ഇനങ്ങളിൽ ഓരോ വനിതാ ടീമിനെയും രംഗത്തിറക്കും.

∙ 3 മാസം നീണ്ടുനിന്ന ഫുട്ബോൾ ലീഗ് നാലാം സീസണിൽ 19 ടീമുകളിലായി 192 കായിക താരങ്ങൾ പങ്കെടുത്തു. 35 വയസ്സിനു മുകളിലുള്ള കായിക താരങ്ങളെ ഉൾപ്പെടുത്തി വെറ്ററൻ ഫുട്ബോൾ ലീഗും ഈ വർഷം ആരംഭിച്ചു.

∙ 2018-19 സാമ്പത്തിക വർഷം കായികരംഗത്തിനു കൂടുതൽ തുക മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിലെ അഫിലിയേഷനുള്ള മുഴുവൻ ക്ലബ്ബുകൾക്കും സ്കൂളുകൾക്കും എം.ജിഎൽസികൾക്കും കായിക ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് 2,05000 രൂപ വകയിരുത്തി. നിലവിൽ മികച്ച 3 ഫുട്ബോൾ ഗ്രൗണ്ടുകൾ പഞ്ചായത്തിനുണ്ട്. പുതിയ ഒരു ഗ്രൗണ്ട് കൂടി ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി. ഇതിനായി 5 ലക്ഷം രൂപയാണ് കണ്ടെത്തിയിട്ടുള്ളത്.