Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുജീവിതത്തിൽ എ.എം നസീറിന് ആയിരം എപ്പിസോഡിന്റെ നിറവ്

കാർത്തിക . വി
am-nazeer-serial-director-second-marriage-and-life

മെഗാപരമ്പരകളിലൂടെ മലയാളി സ്ത്രീ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് എ.എം നസീർ. ഹിറ്റ് മേക്കർ എന്ന പദവിക്ക് നൂറ് ശതമാനം അർഹനായ കലാകാരൻ. എങ്ങനെ ഒരു സീരിയൽ റേറ്റിംഗിൽ കൊണ്ടുവരാം എന്നു നസീറിന് അറിയാം. അതാണ് എ.എം നസീറിനെ ചാനലുകൾക്ക് പ്രിയപ്പെട്ടവനാക്കിയത്. മലയാളത്തിലെ ആദ്യ മെഗാപരമ്പരയായ 'മനസ്സി' ലൂടെയാണ് നസീർ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.

പിന്നീട്, തുടരെ സൂപ്പർഹിറ്റുകൾ. മലയാളത്തിലെ പ്രശസ്തരായ എല്ലാ തിരക്കഥാകൃത്തുക്കളും എ.എം നസീറിന് വേണ്ടി എഴുതി. ഏറ്റവും കൂടുതൽ പുതിയ എഴുത്തുകാരെയും നായികമാരെയും മലയാളത്തിനു സമ്മാനിച്ചു എന്ന ക്രെഡിറ്റും നസീറിന് അവകാശപ്പെട്ടതാണ്.

എ.എം നസീറിന്റെ സീരിയലിന്റെ പേരുകൾക്കും ഉണ്ടായിരുന്നു ചില പ്രത്യേകതകൾ. 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന തന്റെ എല്ലാ സീരിയലുകളും ഹിറ്റ് ആവും എന്നൊരു വിശ്വാസം നസീറിന് ഉണ്ടായിരുന്നു. അങ്ങനെ തുടരെ അഞ്ച് സീരിയലുകൾ. മനസ്സ്, മന്ത്രകോടി, മംഗല്യം, മനപ്പൊരുത്തം, മകളുടെ അമ്മ !

പിന്നീട്, 'മ' മാറി 'പ' ആയപ്പോഴും നസീറിനെ ഭാഗ്യം കൈവിട്ടില്ല. മഴവിൽ മനോരമയിൽ ഒന്നിനു പുറകെ ഒന്നായി വന്ന 'പരിണയവും, പട്ടുസാരിയും' സൂപ്പർഹിറ്റ്! സീരിയൽ രംഗത്തുനിന്ന് തന്നെ ആയിരുന്നു നസീർ തന്റെ ആദ്യ ജീവിത സഖിയെ കണ്ടെത്തിയതും. നടി രശ്മി സോമൻ. 

ഒരു പാട് വർഷം ഒന്നിച്ച് ജീവിച്ചതിനു ശേഷം നാല് വർഷം മുമ്പ് നസീറും രശ്മിയും വേർപിരിഞ്ഞു. ഇൻഡസ്ട്രിയെ അമ്പരിപ്പിച്ച ഒരു വാർത്ത ആയിരുന്നു അത്. പക്ഷേ, നസീറും രശ്മിയും പരസ്പരം പഴിക്കാതെ മുമ്പോട്ട് പോയി.രശ്മിയാണ് ആദ്യം പുനർവിവാഹിതയായത്. ഒരു ബിസിനസ്സുകാരനെ വിവാഹം ചെയ്ത് രശ്മി ദുബായിൽ താമസമായി. 

സ്വന്തം നാടായ കൊല്ലത്തു നിന്നാണ് നസീർ തന്റെ പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയത്. സുമി! തങ്കശ്ശേരി കടപ്പുറത്തുവച്ച് കടലിനെയും അസ്തമയ സൂര്യനെയും സാക്ഷി നിർത്തിയായിരുന്നു നിക്കാഹ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പുതിയ ജീവിതത്തിൽ സന്തോഷത്തിന്റെ മൂന്ന് വർഷം പിന്നിടുകയാണ് നസീറും സുമിയും. 'തേനും വയമ്പും' എന്ന പുതിയ മെഗാസീരിയലിന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ എ.എം നസീർ.