മെഗാസീരിയലിന്റെ സിംഹഭാഗം പ്രേക്ഷകരും വീട്ടമ്മമാരാണ്. താരങ്ങളെ തങ്ങളുടെ സ്വന്തം വീട്ടിലുള്ളവരെപോലെ സ്നേഹിക്കുന്നവർ. പക്ഷേ, ഒരു വീട്ടമ്മയ്ക്ക് ഒരു നടനെ വിഷം കൊടുത്ത് കൊല്ലണമെന്ന് തോന്നിയാലോ? അത്തരം ഒരു കഥയാണ് സിനിമ-സീരിയൽ താരമായ സുരേഷ് പ്രേമിനു പറയാനുള്ളത്.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടാണ് സുരേഷ് പ്രേം സിനിമയിലും സീരിയലിലും എത്തുന്നത്. ഇതിനകം ഇരുപത്തിയെട്ട് സിനിമകളിലും പന്ത്രണ്ടിലേറെ മെഗാസീരിയലുകളിലും അഭിനയിച്ചു. ട്രാഫിക്, അൻവർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , രമേശൻ ഒരു പേരല്ല എന്നിവ സുരേഷ് പ്രേമിന്റെ പ്രധാന ചിത്രങ്ങളാണ്. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിൽ സുരേഷ് പ്രേം ആയിരുന്നു നായകൻ. ഇപ്പോൾ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയത്തിൽ പി.എച്ച്.ഡി ചെയ്യുകയാണ് സുരേഷ് പ്രേം.
മലയാള മിനസ്ക്രീനിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന 'മൂന്നു മണി'യിൽ അഭിനയിക്കുമ്പോഴാണ് ഈ സംഭവം. ഇൗ സീരിയലിൽ ശിവ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരേഷ് പ്രേം അവതരിപ്പിച്ചത്. വെറും വില്ലൻ അല്ല. കണ്ണിൽ ചോര ഇല്ലാത്ത കൊടും വില്ലൻ. കുറുക്കന്റെ കൗശലമുള്ള, കൂടെ നിൽക്കുന്നവരെ ഏതു നിമിഷവും ചതിക്കാൻ മടിയില്ലാത്ത ക്രൂരൻ. സുരേഷിനെ സ്ക്രീനിൽ കണ്ടാൽ തന്നെ സ്ത്രീ പ്രേക്ഷകർക്ക് പേടിയും വെറുപ്പും തോന്നുന്ന അവസ്ഥ!
അങ്ങനെയിരിക്കെ ഒരു ദിവസം നെയ്യാറ്റിൻകരയിൽവച്ചു സുരേഷ്പ്രേമും നായകനും നായികയായ പ്രേമി വിശ്വനാഥും തമ്മിലുള്ള ഒരു ഫൈറ്റ് സീൻ ചിത്രീകരിക്കുകയാണ്. റബ്ബർ തോട്ടത്തിലൂടെ കുതിച്ച് പാഞ്ഞും ഉയരം കൂടിയ കരിങ്കൽക്കെട്ടിൽ നിന്നു ചാടിയുമൊക്കെയാണ് ഫൈറ്റ്.ഇതിനിടയിലാണ് അതു സംഭവിച്ചത്. ഉയരത്തിൽ നിന്ന് ചാടിയ സുരേഷ് പ്രേമിന്റെ കാലുളുക്കി. തറയിൽ വീണു കിടന്ന സുരേഷ് പ്രേം വേദനകൊണ്ടു പുളയുകയാണ്. ലൊക്കേഷിനുള്ളവരും ഷൂട്ടിങ് കാണാൻ എത്തിയവരും സ്തംഭിച്ചു നിന്നു.
അസിസ്റ്റ് ഡയറക്ടർമാരിൽ ഒരാൾ അടുത്തു കണ്ട വീടിന് നേരെ ഓടി.വിവരം പറഞ്ഞു.'മൂന്നു മണി' ടീം എന്നു കേട്ടതോടെ അവിടുത്തെ വീട്ടമ്മയ്ക്ക് സന്തോഷം. ആർക്കോ കാൽ ഉളുക്കി എന്നറിഞ്ഞതോടെ വീട്ടമ്മ വിക്സിന്റെ ഡപ്പിയും കുഴമ്പിന്റെ കുപ്പിയും ഒക്കെ എടുത്ത് നീട്ടി. അസിസ്റ്റൻറ് ഡയറക്ടർ അതുമായി തിരിയാൻ തുടങ്ങുമ്പോഴാണ് വീട്ടമ്മയുടെ ആ ചോദ്യം വന്നത്.
"ആരുടെ കാലാ ള്ളുക്കിയത്?''
"സുരേഷ് പ്രേമിന്റെ, ശിവയായിട്ട് അഭിനയിക്കുന്ന" അസിസ്റ്റൻറ് ഡയറക്ടറുടെ മറുപടി.
അതു കേട്ടതും വീട്ടമ്മയുടെ ഭാവം മാറി; "അതു ശരി" എന്നിട്ട് വിക്സ് ഡപ്പിയും കുഴമ്പ് കുപ്പിയും ഒക്കെ തിരികെ വാങ്ങി.
"അവന്റെ കാല് ഉളുക്കുകയല്ല ഒടിയുകയാ വേണ്ടത്" വീട്ടമ്മ അരിശത്തോടെ വേറൊരു പായ്ക്കറ്റ് എടുത്തു കൊണ്ട് വന്നു.
"എലിവിഷമാ കൊണ്ടെ കലക്കിക്കൊടുക്ക് ചത്തുപോവട്ട് ആ ദുഷ്ടൻ"
"ചേച്ചീ ടി.വിയിൽ കാണുന്നതൊക്കെ അഭിനയമല്ലേ. സുരേഷ് ചേട്ടൻ റിയൽ ലൈഫിൽ പാവമാ"
അസിസ്റ്റൻറ് ഡയറക്ടർ എന്തൊക്കെ പറഞ്ഞിട്ടും വീട്ടമ്മ വഴങ്ങിയില്ല. സുരേഷ് പ്രേമിനെ കൊന്നേ അടങ്ങൂ എന്ന മട്ടിൽ നിൽക്കുകയാണ്. ഒടുവിൽ അസിസ്റ്റന്റ് ഡയറക്ടർ നിരാശയോടെ മടങ്ങി. പക്ഷേ, ഈ വിവരം അറിഞ്ഞപ്പോൾ സുരേഷ് പ്രേമിന്റെ വേദനയെല്ലാം പമ്പ കടന്നു. തന്റെ കഥാപാത്രത്തിനു കിട്ടിയ ഏറ്റവും വലിയ 'അവാർഡ് ' ആയിട്ടാണ് സുരേഷ് പ്രേം ഇന്നും ഈ സംഭവത്തെ കാണുന്നത്.
അടുത്ത ആഴ്ച
കായലിന് നടുവിൽ ഒരു നായിക മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ! ആരാണ് ആ നായിക?
അടുത്ത ആഴ്ച 'മിനി ബസിൽ' സീറ്റ് ഉറപ്പാക്കിക്കോളൂ.