പല കാര്യങ്ങളും ചെയ്യാനായി ഇറങ്ങിതിരിക്കുമ്പോൾ ചില ആളുകൾ പറയും അതു ചെയ്യണ്ട, നിന്നെക്കൊണ്ട് പറ്റില്ല. ഇതുകേട്ട് പിൻതിരിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജീവിതത്തിൽ വിജയിച്ചവരെല്ലാം മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ചു മുന്നോട്ടു പോയവരാണ്.
ഒരു കഥ ഇങ്ങനെയാണ്. ഒരു കൂട്ടം തവളകൾ ഒരു വലിയ പാറപ്പുറത്ത് ചാടിയെത്താൻ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം പാറപ്പുറത്തെത്തുന്നയാൾ വിജയിക്കും. ഇതിനിടയിൽ താഴെ നിൽക്കുന്ന മത്സരിക്കാത്ത തവളകൾ ‘നീ ചാടണ്ട, കേറണ്ട, നിന്നെ കൊണ്ടു പറ്റില്ല’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഇതു കേട്ടതോടെ ചില തവളകൾ ചാട്ടം അവസാനിപ്പിച്ചു തിരിച്ചു മടങ്ങി. കുറച്ചു തവളകൾ ശ്രമിച്ചു മറിഞ്ഞു വീണു, മറ്റുള്ള തവളകൾ പറയുന്നതുപോലെ തനിക്കു സാധിക്കില്ല എന്നു തോന്നി അവരും മത്സരത്തിൽ നിന്നു പിന്മാറി. എന്നാൽ ഒരു തവള മാത്രം വീണ്ടും വീണ്ടും ചാടിക്കൊണ്ടിരുന്നു. എല്ലാ തവളകളും ഒന്നിച്ച് നിരുത്സാഹപ്പെടുത്തിയിട്ടും ഒടുവിൽ അത് പാറപ്പുറത്തെത്തി.
വിജയിയായ ആ തവളയ്ക്ക് സമ്മാനം കൊടുക്കാൻ വന്ന ആൾ ചോദിച്ചു “എങ്ങനെയാണ് ഇത്രയും ആളുകൾ നിരുത്സാഹപ്പെടുത്തിയിട്ടും താങ്കൾ അതിനെ അതിജീവിച്ചത്?” തവള ഒന്നും പറഞ്ഞില്ല. അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു. പക്ഷേ തവള നിശബ്ദത തുടർന്നു. കാരണം ആ തവളയ്ക്ക് കേൾവി ശക്തി ഉണ്ടായിരുന്നില്ല. മറ്റു തവളകൾ തന്നെ പ്രോത്സാഹിപ്പിക്കുകയായിരിക്കും എന്നാണ് വിജയിച്ച തവള കരുതിയത്.
നമ്മുടെ പല ശ്രമങ്ങളും പരാജയപ്പെട്ടേക്കാം. പക്ഷേ, ശ്രമിക്കാൻ നമ്മൾ പരാജയപ്പെടരുത്. ചുറ്റിലുമുള്ള ആളുകൾ കളിയാക്കിയേക്കാം. അതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കണം. അവർ പറയുന്ന കാര്യങ്ങൾ കരുത്താക്കി മാറ്റാൻ നമുക്ക് സാധിക്കണം.