ജീവിതത്തിൽ പലപ്പോഴായി പരാജയങ്ങൾ നമ്മെ തേടി എത്തിയിട്ടുണ്ട്. ഇങ്ങനെ ചെറിയ പരാജയങ്ങൾ ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ഏറ്റുവാങ്ങിയ പരാജയങ്ങൾ നമ്മെ നിയന്ത്രിക്കാറുണ്ട്. ഓർമകളായി നിന്നു ഭയപ്പെടുത്തി പിറകിൽനിന്നു വലിച്ച് നമുക്ക് തടസ്സം സൃഷ്ടിക്കും, നമ്മെ നിയന്ത്രിക്കും. അതിനാൽ തന്നെ ഈ ഓർമ്മകളുടെ കെട്ട് പൊട്ടിക്കേണ്ടത് അനിവാര്യമാണ്.
ഒരിക്കൽ ഒരു സഞ്ചാരി യാത്രയ്ക്കിടയിൽ ഒരാൾ ആനകളെ പരിശീലിപ്പിക്കുന്നത് കണ്ടു. ഈ ആനകളെ കാലില്‍ ഒരു ചെറിയ കയറു കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്. ഈ കയറുകൾ ആന വിചാരിച്ചാൽ എളുപ്പത്തിൽ പൊട്ടിക്കാൻ കഴിയുമല്ലോ എന്നാണ് സഞ്ചാരി ചിന്തിച്ചത്. ആന കയർ പൊട്ടിച്ചാൽ അത് വലിയ അപകടത്തിൽ കലാശിക്കുകയും ചെയ്യും. സഞ്ചാരി തന്റെ സംശയവും ആനകളെ ഒരു ഇരുമ്പ് കൂട്ടിലിട്ട് പരിശീലിപ്പിച്ചു കൂടെ എന്നും ആ പരിശീലകനോട് ചോദിച്ചു
എന്നാൽ ഇതിനു മറുപടിയായി പരിശീലകൻ പറഞ്ഞത് “ഇതിനെ കുഞ്ഞായിരിക്കുമ്പോൾ തന്നെ കാലിൽ കയറിട്ടാണ് കെട്ടുന്നത്. അപ്പോഴെല്ലാം കയറ് പൊട്ടിക്കാൻ ആന ശ്രമിക്കുമെങ്കിലും അതിന് സാധിക്കില്ല. കാരണം ആനക്കുട്ടിക്ക് അതിന് ആവശ്യമായ ശക്തിയില്ലല്ലോ. പലതവണ ശ്രമിച്ച് ആനക്കുട്ടി പരാജയപ്പെടും. തന്നെകൊണ്ട് ഒരിക്കലും ഇത് പൊട്ടിക്കാനവില്ല എന്ന ചിന്ത ആനയിൽ ഉണ്ടാകുന്നു. ആന വളർന്ന് ശക്തനായ ഗജവീരനായിത്തീരുമ്പോഴും അന്ന് പരാജയപ്പെട്ടതിന്റെ ഓർമകളാൽ തനിക്ക് കയർ പൊട്ടിക്കാൻ സാധിക്കില്ല എന്ന് കരുതുന്നു. പിന്നീട് ഒരിക്കലും ആന അതിനുവേണ്ടി ശ്രമിക്കില്ല.അതുകൊണ്ട് തന്നെ ആ ആനയ്ക്ക് ഈ കയർ ധാരാളമാണ്.’’
ഇവിടെ കാലിൽ ബന്ധിച്ച കയറിനേക്കാൾ ശക്തമാണ് പരാജയത്തിന്റെ ഓര്‍മകളും മനസ്സിലുറച്ച വിശ്വാസങ്ങളും. ഇതുപോലെ എന്നോ പരാജയപ്പെട്ടതിന്റെ ഓർമകളാലും തെറ്റായ വിശ്വാസങ്ങളാലും നിങ്ങളെ ബന്ധിച്ച കെട്ടുകൾ പൊട്ടിക്കേണ്ട സമയമായിരിക്കുന്നു. അന്നുള്ള വ്യക്തിയല്ല നിങ്ങളിപ്പോൾ. അതിനേക്കാൾ അറിവും അനുഭവവും ഉള്ള കരുത്തുള്ള വ്യക്തിയാണ്. അതുകൊണ്ട് അന്ന് പരാജയപ്പെട്ട മേഖലകളിൽ വിജയിക്കാൻ ഇന്ന് സാധിക്കും. അതിനായി ആത്മവിശ്വാസത്തോടെ പരാജയത്തിന്റെ ഓർമകളെ പൊട്ടിച്ചെറിഞ്ഞ് ശ്രമിച്ചാൽ മതിയാകും.