ജീവിതത്തിൽ വിഷമതകൾ അനുഭവിക്കുമ്പോൾ നമ്മുടെ മനസിനോട് ഇങ്ങനെ പറയണം ‘ഒരു വേദനയുണ്ടെങ്കിൽ അതിനു തുല്യമായ നേട്ടവും ജീവിതത്തിൽ ഉണ്ടാകും’. ജീവിതത്തിൽ അഭിമുഖീകരിക്കുന്നത് തുടർച്ചയായ പരാജയങ്ങൾ ആണെങ്കിലും വിഷമിക്കേണ്ട. കാരണം നിങ്ങൾ വിജയത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
വളരെ രസകരമായ ഒരു കഥയുണ്ട്. രണ്ട് കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റൊരു കല്ലിനോടു പറഞ്ഞു “നമ്മൾ കുറേനാളായി ഇങ്ങനെ കിടക്കുകയാണല്ലോ. കുറച്ച് ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറേയാളുകൾ നമ്മളെ ശ്രദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്ന് രണ്ടാമത്തെ കല്ലും സമ്മതിച്ചു. ഇവർ സംസാരിക്കുന്നത് അതുവഴി വന്ന ഒരു ശില്പി കേട്ടു. “നിങ്ങളെ ഞാൻ എല്ലാവരും ശ്രദ്ധിക്കുന്ന മനോഹരമായ വിഗ്രഹങ്ങളാക്കി മാറ്റാം”– അദ്ദേഹം പറഞ്ഞു.
ഇതുകേട്ട ഒന്നാമത്തെ കല്ല് പറഞ്ഞു: “വേണ്ട. നിങ്ങൾ ഉളിയും ചുറ്റികയും ഉപയോഗിക്കുമ്പോൾ ഉള്ള വേദന എനിക്കു സഹിക്കാനാവില്ല.” എന്നാൽ വേദന സഹിക്കാൻ തയാറാണെന്നും എങ്ങനെയെങ്കിലും തന്നെ മനോഹരമാക്കി മാറ്റാനുമാണ് രണ്ടാമത്തെ കല്ല് ശില്പിയോടു പറഞ്ഞത്.
അങ്ങനെ ശില്പി രണ്ടാമത്തെ കല്ലിൽ പണി തുടങ്ങി. ശില്പിയുടെ ഉളിയും ചുറ്റികയും കല്ലിൽ പതിച്ചു. കഠിനമായ വേദന. എങ്കിലും ആ കല്ല് അത് സഹിച്ചു. ഒടുവിൽ ആ കല്ലൊരു മനോഹര ശില്പമായി മാറി.
നൂറു കണക്കിനാളുകൾ മലയുടെ മുകളിലെത്തി. വിഗ്രഹത്തിനു ചുറ്റും അമ്പലമുയർന്നു. ഭക്തർ പ്രാർഥനയോടെ വണങ്ങി നിന്നു. തേങ്ങ എറിഞ്ഞുടയ്ക്കാൻ ഭക്തർ കണ്ടെത്തിയത് വെറുതെ കിടന്ന ഒന്നാമത്തെ കല്ലിനെ ആയിരുന്നു. വേദന സഹിക്കാൻ തയാറാകാതിരുന്ന ആദ്യത്തെ കല്ലിന് പിന്നീടുള്ള കാലം മുഴുവൻ കഠിനമായ വേദന സഹിക്കേണ്ടി വന്നു.
ഈ കഥയിൽ ഒരു കാര്യം വളരെ വ്യക്തമാണ് ‘‘ If there is a pain, there is a gain’’. നമ്മുടെ ജീവിതത്തിൽ തുടർച്ചായായി സങ്കടങ്ങളും വേദനകളുമാണ് വരുന്നതെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം. നിങ്ങള്‍ ശരിയായ വഴിയിലാണ്.
നിങ്ങളുടെ ജീവിതത്തെ ഒരു വിഗ്രഹമാക്കി മാറ്റാന്‍ വേണ്ടിയുള്ള കൊത്തുപണികൾ മാത്രമാണ് ആ വേദനകൾ. ആ വേദനകളെ സന്തോഷത്തോടു കൂടി സ്വീകരിച്ചാൽ ജീവിതത്തിൽ ഒരു വിഗ്രഹമായി മാറാൻ സാധിക്കും.