നാട്ടില്‍ നിന്ന് വന്നിറങ്ങുമ്പോള്‍ തൊട്ട്, അല്ലെങ്കില്‍ വിസയും ടിക്കറ്റുമായി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മുതല്‍ പ്രവാസിയെ അലട്ടുന്ന ഒരു ചോദ്യമുണ്ട് - ''എവിടെ താമസിക്കും? റൂം? വാടക?". ചില ഭാഗ്യവാന്മാര്‍ക്ക് കമ്പനി താമസവും ഭക്ഷണവും കിട്ടും. ചെറിയ ജോലിയൊക്കെയാണെങ്കില്‍ അതിനനുസരിച്ചുള്ള സെറ്റപ്പേ കാണൂ. എങ്കിലും അന്വേഷിച്ചു കണ്ടുപിടിക്കുന്ന ടെന്‍ഷനും ഭാരവും ഒഴിവായിക്കിട്ടും. അല്ലാത്തവര്‍ നടക്കും. തലങ്ങും വിലങ്ങും നടക്കും; നല്ലൊരു താമസം തേടി.
ഈ നടത്തക്കാരുടെ കോളത്തിലാണ് വന്നുപെട്ടത്. ജോലിയുണ്ട്, അതു തന്നെ ഭാഗ്യം. വന്നിറങ്ങാനും തത്കാലം നിലയുറപ്പിക്കാനും ബന്ധുക്കളുമുണ്ട്, മഹാഭാഗ്യം. എങ്കിലും സ്വന്തമായി ഒരു മുറി കണ്ടെത്തണമല്ലോ, നടത്തം തുടങ്ങി.
ബില്‍ഡിങ്ങായ ബില്‍ഡിങ്ങെല്ലാം കയറിയിറങ്ങി. ഓഫിസിനടുത്താണ് അന്വേഷണം. ദൂരം കൂടിയാല്‍ കിട്ടുന്ന ശമ്പളം ടാക്സിക്ക് കൊടുക്കാനേ കാണൂ. ഡ്രൈവിങ്ങ് ലൈസന്‍സുമില്ല. രാവിലെയും ഉച്ചയും വൈകുന്നേരവും, കണക്കൊന്നുമില്ലാതെ നടത്തം തുടര്‍ന്നു. 'ടു റെന്റ്' ബോര്‍ഡുകള്‍ പലതു കണ്ടു. നാത്തൂര്‍മാരെ (സെക്യൂരിറ്റി) പരിചയപ്പെട്ടു. ഫോണ്‍ നമ്പര്‍ കൈമാറി.
''റൂം കുറച്ച് വലുതായിക്കോട്ടെ. ഹാളുണ്ടെങ്കില്‍ നല്ലതാണ്. അടുക്കള വേണം. പാര്‍ക്കിങ് സ്പെയിസ് കൂടെയുണ്ടെങ്കില്‍ നന്നായി. ഭാവിയില്‍ ഡ്രൈവിങ് ടെസ്റ്റ് പാസായി, സ്വന്തമായി കാര്‍ വാങ്ങുമ്പോള്‍ ബുദ്ധിമുട്ടരുതല്ലോ''- നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ ആഗ്രഹങ്ങള്‍ക്കൊരു കുറവുമില്ല. എല്ലാം തല കുലുക്കി കേള്‍ക്കുന്ന നാത്തൂര്‍ റൂം കാണിച്ചു തരും. ഇഷ്ടപ്പെടും. പിന്നെ അയാള്‍ വാടക പറയും. പക്ഷേ അതെനിക്ക് ഇഷ്ടപ്പെടില്ല! അതോടെ സലാം പറഞ്ഞിറങ്ങും. മലയാളി, തമിഴ്, ബംഗാളി, തെലുങ്ക്, ബംഗ്ലാദേശി...തുടങ്ങി പല ഭാഷകള്‍ സംസാരിക്കുന്നവരോടങ്ങനെ സലാം പറഞ്ഞു.
'ഷെയറിങ്ങ് റൂമെടുത്തോ. അതാണ് ലാഭം. ബഡ്ജറ്റില്‍ ഒതുങ്ങുകയുള്ളൂ' - പ്രവാസ എക്സ്പീരിയന്‍സുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സിനിമ കാണല്‍ മുടങ്ങുന്നത്, ബഹളം കൂടുന്നത്, ഒറ്റയ്ക്കിരിക്കുമ്പോള്‍ വന്ന് തോണ്ടുന്നത്, ഓരോന്നിനും കണക്കു പറയുന്നത്, അതിന്റെ പേരില്‍ അടിയാവുന്നത്...ഷെയര്‍ റൂമിനെക്കുറിച്ചോര്‍ത്തപ്പോള്‍ മുതല്‍ കണ്‍ഫ്യൂഷനാണ്. അതു വേണ്ടെന്നു വച്ചാണ് ഈ അന്വേഷണം. അന്നന്ന് അന്തിയുറങ്ങുന്നത് സമാധാനത്തിലായില്ലെങ്കില്‍ പിന്നെ സമ്പാദിക്കുന്നതിലെന്തു കാര്യം?
ആഴ്ച ഒന്നു കഴിഞ്ഞപ്പോഴാണ് പരിചയമുള്ള ഒരു കടക്കാരന്‍ വഴി ഒരു നമ്പര്‍ കിട്ടിയത്. 'വേണുകുട്ടന്‍' (പേര് മാറ്റുന്നു.ആള്‍ക്ക് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ലല്ലോ) എന്നയാളുടേതാണ്. താമസമന്വേഷിക്കുന്നവര്‍ക്ക് അത് തരപ്പെടുത്തിക്കൊടുക്കലാണ് തൊഴില്‍. ഓഫിസിനടുത്തു തന്നെയാണ് ലൊക്കേഷന്‍. 'ഇതു നടക്കും', മനസ്സ് പറഞ്ഞു.
വൈകുന്നേരം വേണുകുട്ടനെ വിളിച്ചു. ആവശ്യം പറഞ്ഞു- "സ്വന്തമായി ഫ്ളാറ്റ് വേണ്ട. ഫ്ലാറ്റിലെ ഒരു മുറി ഒറ്റയ്ക്ക് കിട്ടിയാലും മതി". "ഏതു വേണമെങ്കിലും നമുക്ക് ശരിയാക്കാം. നിങ്ങള്‍ വരൂ" - വേണുകുട്ടന്‍ കോണ്‍ഫിഡന്റാണ്. പറഞ്ഞ ലക്ഷണമനുസരിച്ചുള്ള കെട്ടിടത്തിനു മുന്‍പിലെത്തിയപ്പോള്‍ പുള്ളിയെ വിളിച്ചു. മൂന്നാം നിലയിലേക്ക് വന്നോളൂ, താനിവിടെയുണ്ടെന്നു മറുപടി.
ഇത്തിരി പഴയ കെട്ടിടം. ലിഫ്റ്റൊക്കെ കരഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലുമാവട്ടെ, റൂമാണല്ലോ മുഖ്യം. മൂന്നാം നിലയില്‍ ലിഫ്റ്റ് നിന്നു. നല്ല പൊരിച്ച കോയീന്റെ മണമാണ് സ്വീകരിച്ചത്. എത്തുംപിടിയും കിട്ടാതെ നിന്നപ്പോഴതാ ഇടനാഴിയില്‍ ചിരിച്ചു കൊണ്ട് ഒരാള്‍ കൈവീശുന്നു. കയ്യില്‍ ഫോണുണ്ട്, വേണുകുട്ടന്‍ തന്നെ.
സ്വീകരിച്ച് കൂട്ടിക്കൊണ്ടുപോയി. ഒരു ഫ്ലാറ്റിനകത്തേക്ക്. ചെറിയ വാതിലിനപ്പുറം ഒരു ചേച്ചി കോഴി പൊരിക്കുന്നുണ്ട്. വലിയ ചട്ടി നിറയെ മൊരിയുന്ന ചിക്കന്‍. വെറുതെയല്ല മൂന്നാം നിലയ്ക്ക് പൊരിച്ച കോയീന്റെ മണം. "ഇവര്‍ ഇപ്പുറത്തെ റൂമിലാണ്. കിച്ചണ്‍ പിന്നെ ഷെയറിങ്ങാണല്ലോ പതിവ്"- വേണുകുട്ടന്‍ ചിരിച്ചു. വാതില്‍ കടന്നെത്തുന്നത് ഇടുങ്ങിയ ഇടത്തേക്കാണ്. ഫ്ലാറ്റിനകം നാലായി തിരിച്ചിരിക്കുന്നു. അതിലൊന്ന് അടുക്കള. രണ്ടാമത്തേത് അടച്ചിട്ടിരിക്കുന്നു.
"അതില്‍ താമസമുണ്ട്. ദാ, ഇതു നോക്കൂ, നിങ്ങള്‍ക്ക് പറ്റിയതാണ്"- മൂന്നാമത്തെ വാതില്‍ തുറന്ന് വേണുകട്ടന്‍ പറഞ്ഞു. ചെറിയൊരു മുറി. (നൂറു രൂപാ ലോഡ്ഡ് മുറി സങ്കല്‍പ്പിച്ചോളൂ!). അതു തന്നെ വീണ്ടും ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് രണ്ടാക്കിയിക്കുന്നു. അതിലൊന്നിലേക്കാണ് വേണുകുട്ടന്‍ വിരല്‍ചൂണ്ടുന്നത്. അപ്പുറത്തുള്ളത് കൂടുതല്‍ ചെറുതാണ്. ഒരു കുഞ്ഞു കട്ടിലിട്ടാല്‍ തന്നെ തിങ്ങിയിറങ്ങേണ്ടി വരും. "ഭര്‍ത്താവ് അബൂദബിയിലും ഭാര്യ ഷാര്‍ജയിലുമൊക്കെ ജോലി ചെയ്യുന്നവരില്ലേ. അവര്‍ക്ക് വേണ്ടിയുള്ളതാണ്. ചെറിയ വാടകയേ ഉള്ളൂ. ആഴ്ചയിലൊരിക്കല്‍ അവര്‍ക്കൊരുമിച്ചു നില്‍ക്കാന്‍ പാകത്തിലുള്ളത്." - കള്ളച്ചിരിയോടെ വേണുക്കുട്ടന്‍ റൂമിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വിശദീകരിച്ചു.
പൊരിച്ച കോഴിയുടേയും ഉള്‍കൊള്ളാവുന്നതിലുമേറെയുള്ള അന്തേവാസികളുടെയും മണം കൊണ്ട് വീര്‍പുമുട്ടിയപ്പോള്‍ വേറേയെതെങ്കിലും മുറിയുണ്ടോയെന്ന് ചോദിച്ചു ഒരുവിധം പുറത്തു ചാടി. 'ഓ, മുറിയിനിയുമുണ്ടെന്നു' പറഞ്ഞ് വേണുകുട്ടന്‍ അടുത്തുള്ള വാതില്‍ തുറന്നു. ദേ, അതിനകത്തും ഒരുപാട് വാതിലുകള്‍! ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത്, ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് പലതാക്കി തിരിച്ചിരിക്കുകയാണ്. ഒന്നിന്റെ സ്ഥാനത്തു നാലും അഞ്ചും മുറികള്‍. കുടുംബങ്ങള്‍ക്കു വേണ്ടിയുള്ളതും ബാച്ചിലേഴ്സിനു വേണ്ടിയുള്ളതുമെല്ലാമുണ്ട്. ബാച്ചിലേഴ്സിനു വേണ്ടിയുള്ള മുറി കണ്ടാല്‍ പള്ളിപ്പറമ്പിലെ ഖബറ് ഓര്‍മ വരും. അത്രയ്ക്ക് ചെറുതാണ്. ചെറിയ സംഖ്യകളാണ് വാടകയെങ്കിലും എല്ലാം കൂടെ കൂട്ടുമ്പോള്‍ കിട്ടുന്ന വാടക ഭീമമാണ്. കൂട്ടി നോക്കുമ്പോള്‍ ഒരു ബെഡ് റൂമും ഹാളുമുള്ള ഫ്ലാറ്റില്‍ നിന്ന് ഒരു മൂന്നോ നാലോ ബെഡ് റൂം ഫ്ളാറ്റിന്റെ വാടക കിട്ടും. ഭീകരന്‍ തന്നെ കക്ഷി!
"ഇതില്‍ വാടക കൂടും. ടോയിലെറ്റ് ഇത്തിരി വലുതാണ്. റൂമുകളും. രണ്ടുപേരേ ഒരു റൂമില്‍ കാണൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതു നാലാക്കാം. വെള്ളത്തിന്റെയും കറന്റിന്റെയും തുക പിന്നേയും കുറയ്ക്കാമല്ലോ"- വാതിലിനുള്ളിലെ വാതില്‍ തുറന്ന് വേണുകുട്ടന്‍ പറഞ്ഞു. ജനലുകളൊക്കെ അടച്ചിട്ട, ഇരുട്ട നിറഞ്ഞ മുറി. പലകോണുകളില്‍ നിന്നായി ആരുടെയൊക്കെയോ സംസാരം കേള്‍ക്കാം. ''വാടകക്കാരാണ്. ജോലിയുള്ളവരും ജോലി പോയവരുമൊക്കെയുണ്ട്'' - അയാള്‍ സംശയം തീര്‍ത്തു.
ഇതൊക്കെ പ്രവാസത്തിന്റെ യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ള കൂടുകളില്‍ ജീവിക്കുന്ന ഒരുപാട് പേരുണ്ട്.പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്നവരടക്കം 'അന്തിയുറങ്ങാന്‍ ഒരു കട്ടില്‍ പോരേ' എന്ന ലോജിക്കില്‍ കുടുസ്സുമുറികളിലേക്ക് ഒതുങ്ങാറുണ്ട്. മറുവശത്ത്, ഏറെ പ്രയാസപ്പെട്ട് ഇഷ്ടമില്ലാതെ തന്നെ ഒരുറൂമില്‍ പത്തും പതിനാലും പേരൊക്കെയായി അട്ടിയിട്ട കട്ടിലുകളില്‍ ജീവിക്കേണ്ടിവരുന്നവരുമുണ്ട്. അതൊക്കെ സത്യമാണ്. എങ്കിലും ഇവിടെയെന്തോ എന്തോ ആകെപ്പാടെ ഒരു നിഗൂഢത. പരിചയക്കുറവാകാം.
നോക്കിയിട്ട് പറയാം എന്നു പറഞ്ഞ് വേണുകുട്ടന് സ്ഥിരം സലാമടിച്ചു."ഫര്‍ണിച്ചര്‍ വേണമെങ്കില്‍ അതും സഘടിപ്പിക്കാം കെട്ടോ"- വേണുകുട്ടന്‍ പിന്നില്‍ നിന്ന് പറയുന്നുണ്ടായിരുന്നു. ഫ്ളാറ്റുകള്‍ ഒഴിഞ്ഞു പോവുമ്പോള്‍ കച്ചറയില്‍ കൊണ്ടിടുന്ന ഫര്‍ണിച്ചറുകള്‍ അവിടെ നിന്ന് പലരും എടുത്തുകൊണ്ടുപോകാറുണ്ട്. ഏതാണ്ട് അങ്ങനെയുള്ള രണ്ട് മൂന്ന് കിടക്കയും സോഫയുമെല്ലാം അകത്ത് കണ്ടിരുന്നു. അതാണ് ഈ സത്കരിക്കുന്നത്. 'ഭീകരനല്ല, കൊടുംഭീകരനാണ് വേണുകുട്ടന്‍'. മനസ്സില്‍ പറഞ്ഞു.
അടുത്ത നാത്തൂറിനെത്തേടി നടക്കുമ്പോള്‍ വേണുകുട്ടന്റെ വാടകസാമ്രാജ്യത്തെക്കുറിച്ചായിരുന്നു ഓര്‍ത്തത്. ഹോട്ടല്‍ ബിസിനസൊക്കെ ഒഴിവാക്കിയാണ് പുള്ളി ഈ വഴി പിടിച്ചിരിക്കുന്നത്. കാര്യമായ നികുതിയോ കണക്കോ ഒന്നുമില്ലെങ്കിലും നല്ല ലാഭം. കടല് കടന്ന് ആള്‍ക്കാര്‍ വരുന്ന കാലത്തോളം എത്ര ഇടുങ്ങിയതാണേലും റൂമിന് ഡിമാന്റുണ്ടാവും. നാളെ ഒരുപക്ഷേ 'ഗള്‍ഫിലെ പ്രമുഖരുടെ' എണ്ണമെടുക്കുമ്പോള്‍ വേണുക്കുട്ടന്റെ പേരും കണ്ടേക്കാം. പല പ്രമുഖരും തുടങ്ങിയത് ഇങ്ങനെ ചെറിയ നിലകളില്‍ നിന്നൊക്കെയാണല്ലോ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam