വീടിന്റെ മുന്‍പിലുള്ള മയമുണ്ണി (മുഹമ്മദുണ്ണിയുടെ നാട്ടുരൂപമാണ്) മാഷിന്റെ പറമ്പ്, അതായിരുന്നു ഞങ്ങളുടെ ലോര്‍ഡ്‍സ്. വൈകുന്നേരമാവുമ്പോഴേക്ക് അവിടെ എല്ലാവരും ഒത്തുകൂടും. സ്കൂള്‍ വിട്ടുവന്ന്, ചായ വലിച്ചുകുടിച്ച് പാഞ്ഞൊരു വരവാണ്. പിന്നെ ആ വരമ്പത്ത് ഇരുന്നു കൂവലോട് കൂവല്‍. അതാണു കളി തുടങ്ങാനായതിന്റെ അടയാളം. പാടത്തിന്റെ അക്കരെ നിന്ന്, പാറമ്മല്‍ നിന്ന്, കുന്നിന്റെ ഭാഗത്ത് നിന്ന് മറുകൂവലുകളേറി വരും. സച്ചിനും ഗാംഗുലിയും സെവാഗും ദ്രാവിഡുമൊക്കെ ലോര്‍ഡ്‍സിലേക്കെത്തും.
മട്ടലാണ് (തെങ്ങോല) സ്റ്റമ്പ്. കല്ലുചേര്‍ത്ത് വെക്കും.നല്ലൊരു ബാറ്റുമുണ്ടായിരുന്നു. വീട്ടിലെ പെയിന്റിങ്ങ് കഴിഞ്ഞ് ബാക്കിയായ പെയിന്റുപയോഗിച്ച് എംആര്‍എഫ് എന്നൊക്കെ എഴുതിയ ഒരു ഭാഗ്യബാറ്റ്. പലക ചെത്തിയുണ്ടാക്കിയും മട്ടല് കൊണ്ടുണ്ടാക്കിയതുമൊക്കെ വേറെയുണ്ട്. ലെഗ് സൈഡിലെ പറമ്പിലേക്ക് ഉയര്‍ന്നു പോയാല്‍ ഒൗട്ട്, താഴ്ന്ന് പോയാല്‍ റണ്ണില്ല, വരമ്പിനപ്പുറം വീണാല്‍ സിങ്കിള്‍...ഇങ്ങനെ പല നിയമങ്ങളുമുണ്ടാവും.
സ്ഥിരം ടീമെന്നൊരു സംഗതി തന്നെയില്ല. ഐപിഎല്‍ വരുന്നതിനും മുന്‍പേ ഞങ്ങടെ ലോര്‍ഡ്‍സില്‍ കളിക്കാരെ രണ്ടു ക്യാപ്റ്റന്‍മാരെ വിളിച്ചെടുക്കലാണ് പതിവ്. ചിലപ്പോ ചില കളിക്കാരെ കിട്ടാന്‍ തല്ലുവരെ ആവും. ഒടുക്കം ഒരുവിധം ബാലന്‍സ് ചെയ്ത് കളി തുടങ്ങും. ചെറിയ കല്ലുകള്‍ പെറുക്കി എയറിലിട്ട് പിടിക്കുന്ന ടോസിങ്ങ് - കയ്യില്‍ കുടുങ്ങിയത് ഒറ്റയോ ഇരട്ടയോ എന്നു പറയുന്നതിനനുസരിച്ചുണ്ടാവും ബാറ്റിങ്ങോ ബോളിങ്ങോ എന്ന്. ടോസ് കിട്ടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ചരിത്രം നാട്ടിന്‍പുറ ലോര്‍ഡ്സുകളിലുണ്ടാവില്ല. ബാറ്റിങ്ങ് കിട്ടാനാണ് പൂതി മുഴുവന്‍. ആറോവര്‍, എട്ടോവര്‍, പത്തോവര്‍..അങ്ങനെ സമയത്തിനനുസരിച്ച് ഓവര്‍ തീരുമാനിക്കപ്പെടും.
കളി തുടങ്ങിയാ പിന്നെ ചറപറാ സിക്സും ഫോറും വീണ് തുടങ്ങും. എന്നും ലോര്‍ഡ്സ് ബാറ്റിങ്ങ് പിച്ചായിരുന്നു. മാങ്ങേറ് (കൈമടക്കി എറിയല്‍) ആണെന്ന ആരോപണമുണ്ടാവും. റണ്ണില്‍ വെള്ളം ചേര്‍ക്കല്‍, റണ്‍ ഔട്ട് വാദം, കീപ്പര്‍ കാച്ച് കച്ചറ ഇതൊക്കെ സ്ഥിരം ഐറ്റമാണ്. വാശിയേറിയ പോരിനിടെ ആവും ചിലപ്പോ തെങ്ങിന്റെ മണ്ടേല്‍ ബോള് കുടുങ്ങുന്നത്. കൂട്ടത്തിലെ ഇര്‍ഫാന്‍ പത്താന്‍ തെങ്ങ് കയറാന്‍ മിടുക്കനാണ്. അവന്‍ കയറി അതെടുക്കും. മരത്തിന് തട്ടി വരുന്ന ക്യാച്ചും ഔട്ടാവും. അതുകൊണ്ട് തെങ്ങിന്റെ മുകളില്‍ നിന്ന് എടുക്കുന്നതും ഔട്ട്. അങ്ങനെ നഷ്ടപ്പെട്ട എത്രയെത്ര ഫിഫ്റ്റികള്‍! സിക്സെന്ന് ഉറപ്പിച്ച ഷോട്ട് വരെ ബൗണ്ടറി വരമ്പിനടുത്തുള്ള പ്ലാവിലും തേക്കിലുമൊക്കെ തട്ടി ഫീല്‍ഡറുടെ കയ്യിലേക്കെത്തും. ജയിക്കുമെന്നുറപ്പിച്ചിട്ടും അങ്ങനെ തോറ്റ എത്രയെത്ര കളികള്‍!
എല്ലാവര്‍ക്കും ബാറ്റ് കിട്ടണമെന്നത് നിര്‍ബന്ധമാണ്. ഇല്ലേല്‍ ചിലപ്പോ ഫീല്‍ഡ് ചെയ്യാന്‍ വലിയ ആവേശമുണ്ടാവില്ല. അതുകൊണ്ട് ഓവര്‍ വീതം വച്ച് ബാറ്റിങ്ങുകാര്‍ ക്രീസില്‍ കയറും. സ്വന്തം ടീമാണെന്നൊന്നുമില്ലാതെ വരമ്പത്തിരിക്കുന്നവന്‍ പ്രാര്‍ഥിക്കുന്നുണ്ടാവും; ഇറങ്ങിയവന്‍ വേഗം ഔട്ടാവാന്‍! എന്നാല്‍ ബാക്കി ബോളും കൂടി അവനവന് ബാറ്റ് ചെയ്യാലോ എന്ന മോഹമാണ് ഈ പ്രാര്‍ഥനക്കു പിന്നില്‍.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോ അവസാന ഓവറൊക്കെ വന്‍ സമ്മര്‍ദ്ദമാണ്. ഒരു ബോളില്‍ രണ്ട് റണ്ണൊക്കെ ആണ് വേണ്ടതെങ്കില്‍ കൂട്ടത്തില്‍ ഓട്ടക്കാര്‍ ബൈറണ്ണഴേസ് ആയി നിക്കും. എങ്ങനെയെങ്കിലും ജയിക്കണമല്ലോ.
മഗ്‍രിബ് ബാങ്ക് കൊടുത്താല്‍ കളി നിര്‍ത്തണമെന്നാണ് നിയമം. എന്നാലും നിര്‍ത്തില്ല. ഞങ്ങളുടെ ബാറ്റിങ്ങ് കഴിയാതെ പോകാന്‍ പറ്റൂലെന്ന് ഒരുകൂട്ടര്‍ വാശി പിടിക്കും. രാത്രി പന്ത് കണ്ടില്ലെങ്കിലും വേണ്ടിയില്ല, പത്തോവറും എറിഞ്ഞിട്ട് പോയാ മതിയെന്ന്. മയ്യിരുട്ടിന്റെ നേരത്ത് നിസ്കരിക്കാന്‍ പോവാതെ കളിക്കുന്നതിന് ആരോടെങ്കിലും ചീത്ത കേള്‍ക്കുന്ന വരെ അത് നീളും. എന്നാലും പിരിയുമ്പോ മറ്റൊരു എഗ്രിമെന്റുണ്ടാവും; ബാക്കി നാളെ ചെയ്ത് തരണമെന്ന്!
ഞായറാഴ്ചകളില്‍ സീന്‍ വേറെയാണ്. അന്ന് മിക്കവാറും മാച്ചുണ്ടാവും. നട്ടുച്ച ഒരു മണി, രണ്ടു മണി നേരത്ത് (വൈകുന്നേരമാവുമ്പോഴേക്ക് ഗ്രൗണ്ടില്‍ ഫുട്ബോളാവും). സമീപത്തുള്ള ഗ്രാമത്തിലെ സമപ്രായക്കാരോട്. പത്ത് ഉറുപ്യക്കോ ഇരുപത് ഉറുപ്യക്കോ ആവും കളി. കളിക്കാര്‍ ഓരോരുത്തരും ഓരോ ഉറുപ്യ കൊണ്ടുവരണം. അതാണ് നിയമം. ഞങ്ങളെ ലോര്‍ഡ്‍സില്‍ ഒത്തുകൂടി, പൈസ ഒക്കെ ഒരുക്കൂട്ടി എല്ലാവരും കൂടി നടക്കും. ചിലരെ അന്നേരം വീട്ടില്‍ നിന്നിറക്കാന്‍ ഒളിപ്പോര് നടത്തണം (ഒളിച്ച് നിന്ന് കൂവി വിളിച്ച്, ആംഗ്യം കാണിച്ച്..അങ്ങനെ) പല വീടുകളുടെ മുറ്റത്തൂടെ പറമ്പുകള്‍ താണ്ടി പാടത്തെ തോടും മുറിച്ചു കടന്ന് കാരക്കുറ്റി ഗ്രൗണ്ടിലെത്തും. പുല്ലിനു നടുവില്‍ റോളറൊക്കെ ഉന്തിയുണ്ടാക്കിയ കിടിലന്‍ പിച്ച്. വാശിയേറിയ പോരാട്ടമാണ്. ജയിച്ചാല്‍ കിട്ടുന്ന പൈസയും കൊണ്ടുവന്ന പൈസയും കൂട്ടി സോഡയോ സര്‍ബത്തോ കുടിക്കും. തോറ്റാല്‍ തോട്ടില്‍ നിന്നൊരു കുളിയും പാസാക്കി വീട്ടിലെത്തും.
മാച്ചില്ലാത്ത അവധി ദിവസങ്ങള്‍ ടെസ്റ്റ് മാച്ചിന്റെ ദിവസമാണ്. രാവിലെ തുടങ്ങി വൈകുന്നേരം വരെയൊക്കെ കളി നീളും. ഇടയ്ക്ക് ഉമ്മമാരുടെ വിളി വരുമ്പോ ലഞ്ചിനും ഡ്രിങ്കിനുമൊക്കെ കളി നിര്‍ത്തും.
ഒരു നോട്ട്‍ബുക്കൊക്കെ ഉണ്ടായിരുന്നു, സ്വന്തം കരിയര്‍ പ്രൊഫൈല്‍ ഒക്കെ എഴുതിവച്ചത്. മാച്ച്, സെഞ്ചുറി, ഫിഫ്റ്റി, വിക്കറ്റ്, ആവറേജ്...ഇങ്ങനെ കുറേ കണക്കുകള്‍. വെട്ടിയൊട്ടിച്ച ഗാംഗുലിയുടേയും സച്ചിന്റെയും ചിത്രങ്ങള്‍. ക്രിക്കറ്റ് കാര്‍ഡുകള്‍..അതൊക്കെ ചേര്‍ത്ത് വച്ച് ഒരു നോട്ട്. എവിടെയോ കളഞ്ഞു പോയി. ഓടിപാഞ്ഞ് വളരുന്നതിനിടെ കൈവിട്ട് പോയ പഴമയിലെവിടെയോ കാലം പോലെ പെട്ട് പോയി.
പന്ത് പൊട്ടുമ്പോ സ്പോട്ടില്‍ പിരിവിട്ട് സൈക്കിളെടുത്ത് അങ്ങാടിയിലേക്ക് പോവുന്നത്, ഓരോരുത്തരും കഷ്ടപ്പെട്ട് കൂട്ടിവച്ചതെല്ലാം ചേര്‍ത്ത് പുതിയൊരു ബാറ്റ് വാങ്ങുന്നത്, വൈകുന്നേരം ഒത്തുകൂടുന്നത്, മരത്തിന്റെ കൊമ്പ് വെട്ടി സ്റ്റമ്പുണ്ടാക്കുന്നത്, കിണറ്റില്‍ വീണ പന്തെടുക്കാന്‍ ബക്കറ്റുമായി അഭ്യാസം കാണിക്കുന്നത്...ഇടയ്ക്ക് ''ആരെടാ നായിന്റെ മക്കളെ എന്റെ പറമ്പില്‍ നിന്ന് കളിക്കുന്നത് '' - എന്ന് വിളിച്ച് കല്ലും പെറുക്കി ലോര്‍ഡ്‍സിന്റെ ഉടമസ്ഥന്‍ വരുമ്പോ പാഞ്ഞ് കയിച്ചിലാവുന്നത്...വല്ലാത്തൊരു കാലമായിരുന്നു അത്.
തിരിഞ്ഞു നോക്കുമ്പോ വല്ലാതെ കണ്ണ് നിറയുന്നുണ്ട്. രക്ഷാധികാരി ബൈജു എന്ന സിനിമയൊക്കെ കണ്ടപ്പോ ശരിക്കും അത് ഫീല്‍ ചെയ്തതാണ്. വളരുമ്പോഴും അതിനെ പിടിച്ചുവയ്ക്കാന്‍ ആവുംവിധം ശ്രമിച്ചിരുന്നു. മനോരമയിലെ ജോലി കിട്ടി കോട്ടയത്തേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസമാണ് പൂര്‍ണ ആവേശത്തോടെ ഒരു മാച്ച് കളിച്ചത്. പൊരിവെയിലത്ത് ഓപണിങ്ങിറങ്ങി. ഒരു ബൗണ്‍സര്‍ വന്ന് മുഖത്തിടിച്ചു. മുഖം ചീര്‍ത്ത് കണ്ണ് ചെറുതായപ്പോഴും വേദന തോന്നിയതേയില്ല...കളിക്കണം, ജയിക്കണമെന്ന് മാത്രമായിരുന്നു മനസ്സില്‍...
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam