Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്ക് മറക്കാനാവുമോ ആ 'കത്തു പാട്ടി'ന്റെ കാലം !  

 നസീല്‍ വോയ്‍സി
paradise

''ഫോണ്‍ വരുന്ന നേരമാവുമ്പോഴേക്ക് അവളും ഉമ്മയും കുട്ടികളും കുന്നിറങ്ങി കടയിലേക്ക് വരും. അഞ്ചോ പത്തോ മിനുറ്റ് സംസാരിക്കും. ആഴ്ചയിലൊരിക്കലേ ഇതു നടക്കൂ. കുന്നിറങ്ങി കടയിലേക്കെത്തണമെങ്കില്‍ കുറേ ദൂരം നടക്കാനുണ്ടേ. രണ്ടു മൂന്ന് വര്‍ഷമാവുമ്പോഴേക്ക് മൊബൈല്‍ ഫോണ്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്. അതു വന്നാല്‍ പിന്നെ ഉമ്മാക്ക് സുഖമില്ലാത്ത കാലും വച്ച് നടക്കേണ്ടി വരില്ല...''-  ടാക്സി ഡ്രൈവര്‍ ഖാലിദിന്റെ കഥ കേട്ടപ്പോള്‍ വേറേതോ ലോകത്തിലെത്തിയ പോലെ. ഇപ്പോഴും മൊബൈല്‍ ഫോണില്ലാത്ത, ഒരു ഫോണ്‍ ചെയ്യണമെങ്കില്‍ കിലോമീറ്ററുകള്‍ നടന്ന് കവലയിലെ കടയെ ആശ്രയിക്കേണ്ടി വരുന്ന ഒരു ഗ്രാമം!

രാത്രി വൈകി റൂമിലേക്ക് മടങ്ങും വഴിയാണ് ഖാലിദിന്റെ ടാക്സി കിട്ടിയത്. പേര് ചോദിച്ചു തുടങ്ങിയ വര്‍ത്തമാനം അതിരുകളില്ലാതെ തുടര്‍ന്നു. 'രാത്രിയായില്ലേ, സ്കൈപ്പില്‍ കുട്ടികളോട് സംസാരിക്കുന്ന നേരമാവുമല്ലേ' എന്നു ചോദിച്ചപ്പോള്‍ ഖാലിദ് തന്റെ ഗ്രാമത്തെക്കുറിച്ചു പറഞ്ഞു. മൊബൈല്‍ ഫോണില്ലാത്ത, ലാന്‍ഡ് ഫോണില്ലാത്ത ഗ്രാമം. തന്റെ പ്രിയപ്പെട്ടവരോട് ഒന്നു മിണ്ടണമെങ്കില്‍, നാട്ടിലെ വാര്‍ത്തയറിയണമെങ്കില്‍ കവലയിലെ കച്ചവടക്കാരനെ ആശ്രയിക്കണം - അവിടെയാണ് ഫോണുള്ളത്. ഗ്രാമത്തിനാകെയുള്ള സാറ്റലൈറ്റ് ഫോണ്‍!

പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാനാണ് ഖാലിദിന്റെ നാട്.  ''അവിടെ നിന്നും പിന്നെയും പോവാനുണ്ട്. ഗ്രാമത്തിന്റെ പേരു പറ‍ഞ്ഞിട്ട് കാര്യമില്ല, ഭായിക്ക് മനസ്സിലാവില്ല. സൗത്ത് വസീറിസ്ഥാന്‍ എന്നു തന്നെ ആദ്യമായി കേള്‍ക്കുകയാവും അല്ലേ?'' - ഖാലിദ് ചിരിച്ചു. മൊബൈലോ വലിയ സൗകര്യങ്ങളോ ഒന്നുമില്ലെന്നു  കരുതി മോശം നാടൊന്നുമല്ല കേട്ടോ. കുന്നുകളും ചെറിയ അരുവികളുമൊക്കെയുള്ള മനോഹരമായ നാടാണ്. സ്നേഹിക്കാനറിയുന്ന നാട്ടുകാരും ചെറിയ ഉത്സവങ്ങളും. വരുന്ന ആര്‍ക്കും ഇഷ്ടപ്പെടും. നിങ്ങളും ഒരിക്കല്‍ വരൂ, വീട്ടിലെ ആടിനെ അറുത്ത് വിരുന്നൊരുക്കും...'' - തന്റെ മൊബൈല്‍ ഫോണില്‍ ഗ്രാമത്തിന്റെയും പ്രിയപ്പെട്ടവരുടെയും ചിത്രം കാണിച്ച് അയാള്‍ ക്ഷണിച്ചു. കുന്നിന്‍ചെരിവിലെ വീടുകള്‍, അതിനിടയിലൂടെയുള്ള നടവഴികള്‍, രണ്ടുമൂന്ന് ചെറുകടകളുള്ള ഒരു കവല, മേഘങ്ങള്‍, പിന്നെ കുറേ ചിരിക്കുന്ന കുരുന്ന് മുഖങ്ങള്‍...നാട്ടില്‍ പോകുമ്പോള്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് രാപ്പകലില്ലാതെ അധ്വാനിക്കുമ്പോഴും ഖാലിദിന്റെ മനസ്സിന് നനവ് പകരുന്നത്. ''സാറ്റലൈറ്റ് ഫോണ്‍ തന്നെ നാലഞ്ചു വര്‍ഷം മുന്‍പാണ് ഗ്രാമത്തിലെത്തിയത്. അതിനു മുന്‍പ് പറയാനുള്ളതെല്ലാം കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാറായിരുന്നു പതിവ്''- യൂനുസ് തുടര്‍ന്നു. പത്തിരുപത് വര്‍ഷം മുന്‍പ് മലയാളി പ്രവാസികള്‍ക്കിടയില്‍ സജീവമായിരുന്ന 'കാസറ്റുകള്‍'! കത്തു പാട്ടിന്റെ കാലം !  

ഇറങ്ങാന്‍ നേരമായിരുന്നു. ''ഇന്റര്‍നെറ്റില്‍ നോക്കൂ, ഞങ്ങളുടെ ഗ്രാമത്തിന്റെ ചിത്രങ്ങള്‍ കാണാം''- യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഖാലിദ് ഓര്‍മിപ്പിച്ചു. 

ഓഫിസിലേക്കുള്ള ടാക്സിയായിരുന്നു മുഷ്താഖിന്റെത്. ക്രിക്കറ്റ് പ്രേമിയാണ് പെഷാവാറില്‍ നിന്നുള്ള മുഷ്താഖ്. സച്ചിന്റെ ആരാധകന്‍. ഇന്ത്യയും പാക്കിസ്ഥാനും ഒരു ടീമാവുന്നത് സ്വപ്നം കാണുന്ന, രാഷ്ട്രീയക്കാരുടെ തമ്മലടിക്ക് രണ്ടു രാജ്യങ്ങളെന്തിനു ശത്രുക്കളാകണമെന്ന് ചോദിക്കുന്ന ഒരു പാവം മനുഷ്യന്‍.  ''സച്ചിനും ഗാംഗുലിയും ദ്രാവിഡും യൂനുസ് ഖാനും ഇന്‍സമാമും മുഹമ്മദ് യൂസുഫുമുള്ള ബാറ്റിങ്ങ് ലൈനപ്പ്. ബോളിങ്ങില്‍ വസീം അക്രമും ജവഗല്‍ ശ്രീനാഥും അക്തറും കുംബ്ലെയുമെല്ലാം...ഒരു ടീമായി ഒരുമിച്ച്.  ക്രിക്കറ്റ് കാണുന്നതൊക്കെ നിര്‍ത്തിയെങ്കിലും ഇപ്പോഴും ഈ സ്വപ്നം കാണാറുണ്ട്. ഭായ്, ഒന്നാലോചിച്ചു നോക്കൂ, ഏതു ടീമിനാണ് ഇവരോട് ജയിക്കാനാവുക?''-  സ്വപ്ന ടീം ലോകക്കപ്പ് സ്വന്തമാക്കുന്നതോളം വരെയെത്തി മുഷ്താക്കിന്റെ കഥകള്‍.

പയ്യനായ മുഹമ്മദും പെഷാവാറിലാണ്. പെഷാവാറിനടുത്തുള്ള ഏതോ ഒരു ഗ്രാമം. അവിടെയും  മൊബൈലില്ല. പക്ഷേ ലാന്‍ഡ് ഫോണുണ്ട്. അതു വന്നിട്ട് രണ്ടു വര്‍ഷമായി. അതുവരെ സമീപത്തെ കടയിലെ സാറ്റലൈറ്റ് ഫോണായിരുന്നു ആശ്രയം. 

ഷാര്‍ജയിലെ ടാക്സി ഡ്രൈവര്‍മാരില്‍ ഒരു വലിയ ശതമാനവും പാകിസ്ഥാനികളാണ്. കൂടുതല്‍ പേരും വരുന്നത് ഗ്രാമങ്ങളില്‍ നിന്ന്. നഗരത്തിന്റെ നാട്യങ്ങളില്ലാതെ, പേര് ചോദിച്ചു തുടങ്ങുന്ന പരിചയത്തില്‍ നിന്ന് യാത്രയവസാനിക്കും വരെ കഥകള്‍ പറയുന്ന നിഷ്കളങ്കരായ മനുഷ്യര്‍. ഇന്ത്യാക്കാരനെന്നു പറയുമ്പോള്‍ ഭായ് എന്ന വിളിക്ക് അടുപ്പം കൂടും. ദേഷ്യം മുഴുവന്‍ രാഷ്ട്രീയക്കാരോടാവും. കഥകളിലെ ഞാന്‍ നീ എന്ന വാക്കുകള്‍ മാറി, നമ്മള്‍ എന്നാവും. ഞങ്ങളും നിങ്ങളുമെന്നല്ല, നമ്മള്‍ എന്ന്. നമ്മള്‍ മനുഷ്യരെന്ന്! 

ഒരു ക്രിക്കറ്റ് മാച്ച് വരുമ്പോള്‍, കലാകാരന്മാര്‍ അതിഥികളായെത്തുമ്പോള്‍, രാഷ്ട്രീയക്കാര്‍ വിഷം തുപ്പുമ്പോള്‍...പരസ്പരം കടിച്ചു കീറാന്‍ വെമ്പി നില്‍ക്കുന്ന ശത്രുക്കളായി അവതരിപ്പിക്കപ്പെടുന്ന ഇന്ത്യയും പാക്കിസ്ഥാനും എവിടെയോ മറയുന്നു. ഇവിടെ, ഇന്ത്യാക്കാരനെ പാകിസ്ഥാനി ഡ്രൈവര്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. രണ്ടു ദിര്‍ഹംസ് ഏറെ കിട്ടുന്ന വഴി ഒഴിവാക്കി, മിനിമം ചാര്‍ജില്‍ അവസാനിക്കുന്ന ഷോര്‍ട്ട് കട്ടെടുത്ത്, യാത്രയവസാനിക്കുമ്പോള്‍, ഹിന്ദുവോ മുസ്ലിമോ എന്നു നോക്കാതെ -അല്ലാഹ് ഹാഫിസ് (ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ) എന്നു പ്രാര്‍ഥിച്ച് പരസ്പരം യാത്ര പറയുന്നു.  അതെ, സ്വദേശത്ത് സാധിക്കാത്ത ജീവിതം ജീവിക്കുകയാണ് ഇവിടെ പരദേശികൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam