ഷുഗറിനു പറ്റിയ മരുന്ന് !

ഞങ്ങളുടെ ഈ പ്രായം പഫ്സ് പോലെ പരസ്പരം ചേർന്നിരിക്കുന്നതാണ്. രണ്ടിടത്തായി മാറിയിരിക്കുക നടക്കാത്ത കാര്യമാണ്. ഒന്നിച്ച് അല്ലെങ്കിൽ നരകത്തിൽ എന്നതാണ് യൗവനത്തിലെ മുദ്രാവാക്യം !...

പ്രണയത്തിലായ രജീഷും നിലീനയും ബ്രാക്കറ്റിന്റെ രണ്ടു വള്ളികൾ പോലെ മുഖത്തോടു മുഖം നോക്കി അമ്പലമുറ്റത്തെ പടവുകളിൽ ഇരിക്കുകയായിരുന്നു.

മൈതാനത്തിലെ സെക്യൂരിറ്റിക്കാരൻ തിലോത്തമൻ പിള്ള ബ്രാക്കറ്റിനു നടുവിൽ കയറി നിന്നിട്ടു പറഞ്ഞു.. നിങ്ങൾ എത്രയും വേഗം ഇവിടെ നിന്ന് എഴുന്നേറ്റു പോകണം. 

കൃഷ്ണന്റമ്പലത്തിന്റെ മൈതാനത്ത് ഈയിടെ സന്ധ്യയ്ക്കായിരുന്നു സംഭവം. 

രജീഷും നിലീനയും  തിലോത്തമൻ പിള്ളയെ മൈൻഡ് ചെയ്തില്ല.  അവർ രണ്ടാളും അൽപം മുമ്പു വന്ന് ഇരുന്നതേയുള്ളൂ. കൃത്യമായി പറഞ്ഞാൽ അഞ്ചുരൂപയുടെ കപ്പലണ്ടി വാങ്ങിയിട്ട് അഞ്ചു മിനിറ്റു പോലും ആയിട്ടില്ല. 

രജീഷ്..  ഈയിടെയായി നിന്റെ മെസേജുകൾ കുറവാണല്ലോടീ..

നിലീന... എന്റെ ഫോണിലെ ബാലൻസ് നേരത്തെ തീരുന്നത് ഡാഡി ശ്രദ്ധിക്കുന്നുണ്ട്. നിന്റെ അച്ഛനൊന്നുമല്ല എന്റെ ഫോൺ റിചാർജ് ചെയ്യുന്നത് കേട്ടോടാ ! ഇങ്ങനെയൊക്കെ അവർ സംസാരിച്ചിരിക്കെ ഒരു കൊതുക് ആദ്യം കടിച്ച അതേ സ്ഥലം നോക്കി രണ്ടാമതും കടിക്കാൻ വരുന്നതുപോലെ സെക്യൂരിറ്റിക്കാരൻ വീണ്ടും വന്നു.  ഇത്തവണ അൽപം ദേഷ്യത്തോടെയായിരുന്നു തിലോത്തമൻ പിള്ളയുടെ ചോദ്യം... നിങ്ങൾ പോയില്ലേ ? എന്താ മലയാളം മനസ്സിലാവില്ലേ.. ? 

ആ നഗരത്തിന്റെ മുഖം യേശുദാസിന്റേതുപോലെ താടിയും മുടിയും വളർത്തി ആകെ ക്രൗഡഡാണ്.  കെട്ടിടങ്ങളും കടകളും കഴിഞ്ഞാൽ അൽപമെങ്കിലും ഫ്രീയായി കാണുന്ന സ്ഥലം ആ അമ്പല മൈതാനം മാത്രമാണ്. അതുകൊണ്ട് വൈകുന്നേരങ്ങളിൽ അവിടെ പല തരക്കാരായ ആളുകൾ വന്ന് ഇരിക്കാറുണ്ട്. എന്നിട്ടും തങ്ങളെ മാത്രം ഇറക്കി വിടുന്നതിന്റെ കാരണം രജീഷിനു മനസ്സിലായില്ല.

അവൻ സെക്യൂരിറ്റിക്കാരനോടു ചോദിച്ചു..  ഞങ്ങൾ ഇവിടെ ഇരുന്നാലെന്താ.. ? എന്താ ചേട്ടന്റെ പ്രശ്നം ? 

അയാൾ‌ പറഞ്ഞു.. നിങ്ങളുടെ ഇരിപ്പ് ശരിയല്ല. അത് ഇവിടെ അനുവദിക്കാൻ പറ്റില്ല. 

നിലീന ചുറ്റും നോക്കി.  ഒറ്റയ്ക്കും ഒരുമിച്ചും സംഘമായും പല പ്രായത്തിലുള്ളവർ പല ആകൃതികളിൽ ആ മൈതാനത്ത് ഇരിക്കുന്നുണ്ട്.  അവരുടെ ഇരിപ്പും തങ്ങളുടെ ഇരിപ്പും തമ്മിൽ ഗുണിച്ചും ഹരിച്ചും നോക്കിയിട്ട് അവൾക്ക് ഒരുത്തരവും കിട്ടിയില്ല. 

അവൾ ചോദിച്ചു.. ഞങ്ങളുടെ ഇരിപ്പ് ശരിയല്ലെന്ന് ചേട്ടന് എങ്ങനെ മനസ്സിലായി ?  ചേട്ടൻ ഇതുപോലെ ആരുടെയെങ്കിലും കൂടെ ഇരിക്കാറുണ്ടോ ?

തിലോത്തമൻ പിള്ള  പെട്ടെന്ന് ഡിഫൻസിലായി.  തന്റെ 65–ാം വയസ്സിന്റെ മുറ്റത്തു നിൽക്കെ ഇതുപോലെ കൂടെയിരിക്കാൻ ആരൊക്കെ വരും എന്ന് അയാൾ ആലോചിക്കാൻ തുടങ്ങി. 

വോൾ‌ഗ ബാറിലാണെങ്കിൽ പട്ടാളത്തിലെ സഹപ്രവർത്തക മേരിക്കുട്ടി, ശംഖുമുഖം കടൽത്തീരത്താണെങ്കിൽ മീൻകച്ചവടക്കാരി ശ്യാമള, ഉൽവപ്പറമ്പിലാണെങ്കിൽ വാര്യത്തെ സാവിത്രി, ബസ് സ്റ്റാൻഡിലാണെങ്കിൽ എസ്ടിഡി ബൂത്ത് നടത്തുന്ന ഗിരിജ, സർക്കാർ ആശുപത്രിയിലാണെങ്കിൽ ഭാര്യ ലക്ഷ്മിക്കുട്ടി... കുറെ സ്ത്രീകളുടെ മുഖം മനസ്സിൽ വന്നതിന്റെ സുഖമുള്ള കൺഫ്യൂഷനിൽ നിന്ന് തിലോത്തമൻ പിള്ള പെട്ടെന്നു പുറത്തുചാടി. എന്നിട്ടു പറഞ്ഞു... ഞാൻ അവസാനമായി പറയുകയാണ്.  നിങ്ങൾ രണ്ടുപേരും ഇവിടെ നിന്ന് എഴുന്നേറ്റു പോകണം. അല്ലെങ്കിൽ രണ്ടിടത്തായി മാറിയിരിക്കണം.

രജീഷിനു ചിരിവന്നു .. ചേട്ടൻ പഫ്സ് കണ്ടിട്ടുണ്ടോ !  ഞങ്ങളുടെ ഈ പ്രായം പഫ്സ് പോലെ പരസ്പരം ചേർന്നിരിക്കുന്നതാണ്. രണ്ടിടത്തായി മാറിയിരിക്കുക നടക്കാത്ത കാര്യമാണ്. ഒന്നിച്ച് അല്ലെങ്കിൽ നരകത്തിൽ എന്നതാണ് യൗവനത്തിലെ മുദ്രാവാക്യം !

നീലീന പറഞ്ഞു.. ഞങ്ങൾ പുറത്തു പോകാം, പക്ഷേ എന്താണ് കാരണമെന്ന് അറിഞ്ഞേ പറ്റൂ.. 

തിലോത്തമൻ പിള്ള പറഞ്ഞു... നിങ്ങൾക്ക്  അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ നാളെ വന്നാൽ മതി.  പറഞ്ഞു തരാം. 

കടല തീർന്നു, ഇനി തർക്കിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ അവർ രണ്ടുപേരും മെല്ലെ പുറത്തേക്കു നടന്നു. 

തിലോത്തമൻ പിള്ള വിളിച്ചു പറഞ്ഞു.. നാളെ രണ്ടായിട്ടു വരണം കേട്ടോ. ഒന്നിച്ചു പറയാൻ പറ്റാത്ത കാര്യമാണ്. 

കൈകൾ പരസ്പരം തട്ടിയും മുട്ടിയും ചേർന്നു നടക്കുമ്പോൾ അവൾ ചോദിച്ചു....  നാളെ ആ സെക്യൂരിറ്റിക്കാരൻ ചേട്ടൻ എന്തായിരിക്കും നിന്നോടു പറയാൻ പോകുന്നത് ?!

അവൻ ചോദിച്ചു.. നീ എന്താണ് സ്വന്തം കാര്യത്തെപ്പറ്റി ആലോചിക്കാത്തത്..?

നിലീന ചിരിച്ചു.. കൂടെയുള്ള ആളെപ്പറ്റി ആലോചിക്കലാണ് പ്രണയം. സ്വന്തം കാര്യത്തെപ്പറ്റി മാത്രമുള്ള ആലോചന ദാമ്പത്യം ! ഇതൊന്നും അറിഞ്ഞു കൂടേ, പൊട്ടാ !

പിറ്റേന്നു രാവിലെ നിലീനയാണ് ആദ്യം എത്തിയത്.

അവളെ കണ്ടപാടെ തിലോത്തമൻ പിള്ള  ചോദിച്ചു... തനിച്ചാണോ വന്നത് ?

അവൾ പറഞ്ഞു.. അല്ല, സ്വപ്നങ്ങൾ കൂടെയുണ്ട് !

അയാൾ പറഞ്ഞു.. ആ സ്വപ്നങ്ങൾ തകരാൻ പോകുകയാണ്. ഇന്നലെ നിന്റെ കൂടെ വന്ന ആ ചെറുപ്പക്കാരനില്ലേ..  അവനെ ഇടയ്ക്കിടെ ഈ അമ്പലമൈതാനത്ത് കാണാറുണ്ട്. ഓരോ തവണയും ഓരോരോ പെൺ‌കുട്ടികൾ കൂടെയുണ്ടാകും.

അവൾ പറഞ്ഞു.. അതൊക്കെ അവന്റെ പെങ്ങന്മാരാണ്. ചേട്ടാ, അവന് ആറു സഹോദരിമാരുണ്ട്. 

തിലോത്തമൻ പിള്ള പറഞ്ഞു... ഞാൻ ഈ മൈതാനത്തിന്റെ സെക്യൂരിറ്റി ചുമതല ഏറ്റെടുത്തിട്ട് 15 വർഷമായി.  സഹോദരിയുമായി വരുന്നവരെക്കണ്ടാൽ എനിക്കറിയാം. അങ്ങനെയുള്ളവർ രാവിലെ വരും. വൈകിട്ടു വരുന്നതൊക്കെ കാമുകിമാരാണ്.  

നിലീന പറഞ്ഞു.. ഞാനത് വിശ്വസിക്കില്ല. ഞാനും അവനും കൂടി രാവിലെയും പലയിടത്തും പോകാറുണ്ട്.

തിലോത്തമൻ പിള്ള.. അതാണ് പറഞ്ഞത് അവൻ‌ ശരിയല്ലെന്ന്..  അവൻ ഒരു പൂമ്പാറ്റയാണ്. പൂക്കളിൽ നിന്ന് പൂക്കളിലേക്കു പറക്കുന്നവൻ. നീ സൂക്ഷിക്കണം. 

നിലീന ചോദിച്ചു..  ഇത്രയും പെൺകുട്ടികളോടൊപ്പം അവനെ കണ്ടിട്ടും ചേട്ടൻ എന്നോടു മാത്രം ഇതു പറയാൻ എന്താണ് കാരണം ? മറ്റു പെൺകുട്ടികളോടൊന്നും തോന്നാത്ത ഒരു താൽപര്യം എന്നോട് തോന്നാൻ എന്തെങ്കിലും കാരണം ഈ പ്രായത്തിൽ ?

തിലോത്തമൻ പിള്ള പറഞ്ഞു..  അവരിൽ ഏറ്റവും ഐശ്വര്യമുള്ള പെൺകുട്ടി നീയായതുകൊണ്ട്.. !

അവൾ ഒരു നിമിഷത്തെ സുന്ദരമായ മൗനത്തിനുശേഷം ചോദിച്ചു.. ചേട്ടൻ അവൻ വരുമ്പോൾ എന്താണ് പറയാൻ പോകുന്നത് ?

തിലോത്തമൻ പിള്ള പറഞ്ഞു.. പാവം പെൺകുട്ടിയായ നിന്നെ ഇങ്ങനെ എന്തിനാണ് കബളിപ്പിക്കുന്നതെന്ന്.. 

പിന്നെ അവൾ ഒന്നും ചോദിക്കാൻ നിന്നില്ല. 

പോരാൻ നേരം അവൾ പറഞ്ഞു.. ഞാൻ അത്ര പാവമൊന്നുമല്ല..

രജീഷ് തിലോത്തമൻ പിള്ളയെ കാണാൻ ചെന്നത് വൈകിട്ടായിരുന്നു.. 

കണ്ടപാടെ അയാൾ ചോദിച്ചു.... നിന്റെ കൂടെ വന്ന ആ പെൺകുട്ടിയില്ലേ.. ? അവളുടെ യഥാർഥ പേരെന്താണെന്ന് നിനക്കറിയാമോ?

അവനു കലി വരുന്നുണ്ടായിരുന്നു... എന്താ ചേട്ടന്റെ പ്രശ്നം. അവളുടെ പേര് നിലീന എസ്. പ്രഭാകരൻ.

പിള്ള ചിരിച്ചു.. അല്ലേയല്ല.. ചിലങ്ക പുരുഷോത്തമൻ. 

രജീഷ് ഒറ്റച്ചാട്ടത്തിന് തിലോത്തമൻ പിള്ളയുടെ കൈയിൽ പിടി മുറുക്കിയിട്ടു ചോദിച്ചു..  അതെങ്ങനെ നിങ്ങൾക്കറിയാം..?

ഇന്നലെ ഇതുപോലെ എന്റെ മുന്നിൽ വന്ന ഒരുത്തൻ പറഞ്ഞതാണ് ആ പേര്. ഇന്ന് നീ പറയുന്നു നിലീന.. നാളെ മറ്റൊരാൾ സംഗീത ദേവദാസ് എന്നൊരു പേരു പറയില്ലെന്ന് ആർക്കറിയാം. അവൾക്കു പല പേരുകളുണ്ട് ! .... എന്നായി തിലോത്തമൻ പിള്ള.

രജീഷ് പറഞ്ഞു.. അവളുടെ കാര്യം ചേട്ടൻ എനിക്കു വിട്ടേക്കൂ..

തിരിച്ചുപോരും വഴി രജീഷ് നിലീനയുടെ നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചു.. നീയാരാടീ..?

അവളുടെ മറുപടി അടുത്ത മിനിറ്റിൽ വന്നു.... സണ്ണി ലിയോൺ.. അപ്പോൾ നീയോ.. ?

ചതിയൻ ചന്തു എന്ന് രജീഷ്. 

അപ്പോൾ ഈ തിലോത്തമൻ പിള്ള ആരാ ? എന്നായി നിലീന.

ഡെങ്കിപ്പനി പരത്തുന്ന കൊതുക് എന്ന് അവന്റെ മറുപടി. 

ഒരാൾ മധ്യവയസ്കനാകുന്നതോടെ ‌ മറ്റുള്ളവരുടെ പ്രണയത്തെ എതിർക്കുന്നത് എന്തുകൊണ്ട് ?

ഷുഗർ ബാധിച്ചവർക്കു പ​ഞ്ചസാര തിന്നുന്നവരോടുള്ള കുശുമ്പുകൊണ്ട്.. 

ഷുഗറിന് എന്താണ് മരുന്ന് ?

പട്ടാളത്തിലെ  മേരിക്കുട്ടി, മീൻകച്ചവടക്കാരി ശ്യാമള,  വാര്യത്തെ സാവിത്രി, എസ്ടിഡി ബൂത്ത് നടത്തുന്ന ഗിരിജ.. ഇതിലേതു മരുന്നു വേണം എന്നത് തിലോത്തമൻ പിള്ളച്ചേട്ടനു വിടുന്നു !

  Read more: Lifestyle Malayalam Magazine