Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയോ ? ഉണ്ടയാണ് സണ്ണിക്കുട്ടന് !

വിനോദ് നായർ
Author Details
Mammootty ഇക്കാര്യത്തിൽ മമ്മൂട്ടിക്ക് സണ്ണിക്കുട്ടനെ തോൽപ്പിക്കാൻ കഴിയില്ല. കാരണം ആക്ടിങ് മമ്മൂട്ടിക്ക് ഇഷ്ടമാണെങ്കിലും ഡ്രൈവിങ്ങിൽ ആക്ടിങ്ങ് പുള്ളിക്കാരന്...

മേടയിൽ സണ്ണിക്കുട്ടൻ അഭിനയിച്ച നീതിമാന്റെ ഉണ്ട എന്ന ഷോർട് ഫിലിം വൈറലാകാൻ കാത്തിരുന്ന വേളയിലാണ് മമ്മൂട്ടി ഉണ്ട എന്ന സിനിമയുമായി രംഗത്തു വന്നത് !

പോയില്ലേ എല്ലാം !  അതോടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ മുഴുവൻ മമ്മൂട്ടിയുടെ ഉണ്ടയിലേക്കായി. 

സത്യത്തിൽ യുട്യൂബിൽ ആദ്യം ഉണ്ട ഇട്ടത് സണ്ണിക്കുട്ടനാണ്. പറഞ്ഞിട്ടെന്തു കാര്യം ! തോൽക്കാൻ പിന്നെയും ചന്തുവിന്റെ ജീവിതം ബാക്കി !

നീതിമാന്റെ ഉണ്ട ഒരു പറപ്പൻ ഷോർട് ഫിലിമാണ്.

ഗ്രാമത്തിലെ തണുത്ത പ്രഭാതത്തിൽ ഒരു പട്ടാളക്കാരൻ കുതിരപ്പുറത്ത് നടക്കാനിറങ്ങുന്നു. ഗ്രാമവീഥികളിലൂടെ കുളമ്പടിച്ച് അയാൾ പോകുമ്പോൾ അകലെ  ശവക്കോട്ടയിൽ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളി. 

പട്ടാളക്കാരൻ ആ നിലവിളിയിലേക്കു കുതിരയെ പായിച്ചു. 

ശവക്കോട്ടയ്ക്കുള്ളിൽ കരുത്തനായ ഒരുത്തൻ ഒരു പെൺകുട്ടിയെ മാനഭംഗം ചെയ്യാൻ ശ്രമിക്കുകയാണ്. 

ഭാരത് മാതാ കി ജയ് ! അരേ ദുശ്മൻ, സാരേ ബഹ്നോം കേലിയേ മേ തുംസെ മാർ കർതാ ഹും എന്ന് അലറിക്കൊണ്ട് പട്ടാളക്കാരൻ തോക്കെടുത്ത് അക്രമിയെ വെടിവച്ചു കൊല്ലുന്നു. പെൺകുട്ടിയെ രക്ഷിച്ച് മടങ്ങുന്നതിനു മുമ്പ് ആ പട്ടാളക്കാരൻ കുതിരയുടെ വെളുത്ത കുഞ്ചിരോമങ്ങളിലൊന്ന് പറിച്ചെടുത്തു. അതൊരു രാഖിയാക്കി അവളുടെ വലംകൈയിൽ അണിയിക്കാൻ ഒരുങ്ങുമ്പോൾ അവൾ അതു നിരസിച്ചിട്ട് ഓടി മറയുന്നു. 

പിന്നെ കാണുന്നത് ലില്ലിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു താഴ്‍വര ! അവിടെ ഒരു വസന്തകാലപ്പറവയെപ്പോലെ കൈയിൽ വെളുത്ത ലില്ലിപ്പൂങ്കുലകളുമായി അവൾ !

കുതിരപ്പുറത്തു വരുന്ന പട്ടാളക്കാരന്റെ മുന്നിലേക്ക് കയറി നിന്ന് അവൾ ആ പൂങ്കുലയിൽ ചുംബിക്കുന്നു. അടുത്ത നിമിഷം പൂക്കളുടെ നിറം ചുവപ്പാകുന്നു ! 

അത് അവളുടെ പ്രണയാഭ്യർഥനയാണെന്ന് തിരിച്ചറിഞ്ഞ പട്ടാളക്കാരൻ അവളെ കോരിയെടുത്ത് കുതിരപ്പുറത്തിരുത്തി ലില്ലിത്താഴ്‍വരയിലൂടെ ഓടിച്ചു പോകുന്നു. അതുകണ്ട് താഴ്‍വരയിലെ പൂക്കളുടെ മുഖം നാണംകൊണ്ടു ചുവക്കുന്നു. 

ഇതാണ് നീതിമാന്റെ ഉണ്ട എന്ന ഷോർട് ഫിലിം.

അരീപ്പറമ്പിൽ അക്ഷയ് സെന്റർ നടത്തുന്ന ബിജി ലാലാണ് തിരക്കഥയും സംവിധാനവും.  പടം നിർമിച്ചതും പട്ടാളക്കാരനായി അഭിനയിച്ചതും മേടയിൽ സണ്ണിക്കുട്ടൻ.  പെൺകുട്ടിയായി അഭിനയിച്ചത് പ്രശസ്ത സീരിയൽ താരം രേവതി മിൽട്ടൺ. 

ഇത് യുട്യൂബിൽ പോസ്റ്റ് ചെയ്ത് ലൈക്കുകൾക്കായി കാത്തിരിക്കുമ്പോഴാണ് അതേ പേരിൽ മമ്മൂട്ടിയുടെ സിനിമ. 

കശ്മീരിലെ വെടിയുണ്ട മുതൽ അരീപ്പറമ്പിലെ അരിയുണ്ട വരെ.. മേടയിൽ സണ്ണിക്കുട്ടന്റെ ജീവിതത്തെ ഇങ്ങനെ വിവരിക്കാം. 

ആർമിയിൽ ലാൻസ് നായികായിരുന്നു സണ്ണിക്കുട്ടൻ‌.   അവധിക്കാലത്ത് നാട്ടിൽ വന്നിട്ടു പോകുമ്പോൾ ഹാർഡ് ബോർഡ് കാർട്ടണുകളിൽ നിറയെ അരിയുണ്ടകൾ കൊണ്ടുപോകുമായിരുന്നു. 

സണ്ണിക്കുട്ടന്റെ അമ്മ തെയ്യാമ്മ ഉണ്ടാക്കിയ ആ അരിയുണ്ടകളുടെ രുചി കശ്മീരിലെ തണുത്ത രാത്രികളിൽ ബാരക്കുകളിൽ കാവലിരിക്കുന്ന സൈനികർ മുതൽ മേലുദ്യോഗസ്ഥർ വരെ ഒരുപോലെ ആസ്വദിച്ചു.

ഒരു ദിവസം മേജർ സാബ് സണ്ണിക്കുട്ടനോടു ചോദിച്ചു.. അരേ, സണ്ണിക്കുട്ടൻ തോമസ്, ഇസ് ഗോലി ഗൺ മേം ഡാൽനേ കേലിയേ അച്ഛീ ഹൈ ! കവ്വാ, തോത്താ ജൈസാ പക്ഷിയോം ഭാഗ് ജായേംഗെ..

ഈ അരിയുണ്ട തോക്കിലിട്ടു വെടിവച്ചാൽ കാക്കയെ ഓടിക്കാമെന്ന മേജർ സാബിന്റെ ജോക് കേട്ട് അയാളുടെ ഭാര്യ  അരുണിമ ഗുൽപനാഗ് പരിഹസിച്ചു.. ഹണീ, വാട് ഫണ്ണീ.. ദിസ് അറിയുണ്ട ഈസ് സോഫ്റ്റ്.. നോട് ലൈക് യുവർ മോംസ് നട്ടി ജിലേബി !

ദാറ്റ്സ് വൈ യുവർ ലിപ്സ് ടേസറ്റ്ഡ് ച്വീറ്റ് ലാസ്റ്റ് നൈറ്റ്.. എന്നു പറഞ്ഞ് മേജർ സാബ് ഭാര്യയെ കൂളാക്കി.

അതുകേട്ട് നൈറ്റ് ഫയറിനു ചുറ്റും നിന്ന് പട്ടാളക്കാർ ഹിന്ദിയിൽ പാടി..  എത്ര മധുരമാണ് പ്രണയിനിമാരുടെ ചുണ്ടുകൾ ! മധു നുകർന്നതുപോലെ.. അരിയുണ്ടകൾ കടിച്ചതുപോലെ.. മേംസാബ് പറഞ്ഞതുപോലെ...

ജവാന്മാർ മേജർമാരെ പേടിക്കുന്നതുപോലെ മേജർമാർ ഭാര്യമാരെ പേടിക്കുന്നുണ്ടെന്ന് അന്ന് സണ്ണിക്കുട്ടന് മനസ്സിലായി. 

വോളണ്ടറി റിട്ടയർമെന്റെടുത്ത് നാട്ടിൽ വന്ന സണ്ണിക്കുട്ടൻ ആദ്യം ആരംഭിച്ചത് അരിയുണ്ടകളുടെ ബിസിനസാണ്.

ചെറിയ ബിസിനസ് യൂണിറ്റായി തുടങ്ങിയ അരിയുണ്ട പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറിത്തുടങ്ങി. 

രണ്ടു തരം അരിയുണ്ടകൾ !

മാതാശ്രീ അരിയുണ്ടകൾ...  അരീപ്പറമ്പിലെ ജോലിയില്ലാത്ത പ്രായമുള്ള വീട്ടമ്മമാരായിരുന്നു സണ്ണിക്കുട്ടന്റെ അരിയുണ്ട ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്.  വീട്ടമ്മമാർ കൈകൊണ്ട് ഉണ്ടാക്കുന്ന പലഹാരം ബ്രാൻഡ് ചെയ്യാൻ സണ്ണിക്കുട്ടൻ തീരുമാനിച്ചു.  അമ്മയുടെ വിരൽപ്പാടുകളോടെ എന്നായിരുന്നു പരസ്യ വാചകം ! കുറച്ചു മധുരം, കൂടുതൽ ഏലയ്ക്കയുടെ രുചി. അതായിരുന്നു അതിന്റെ രുചിക്കൂട്ട്.

പ്രണയ് കി ഗോലി എന്ന ബ്രാൻഡും സണ്ണിക്കുട്ടന്റെ ഫാക്ടറിയിൽ നിന്നു ഇടയ്ക്കു പുറത്തു വന്നു.  വലന്റൈൻസ് ദിന സ്പെഷലായി മാർക്കറ്റ് ചെയ്ത ആ അരിയുണ്ടകൾ മനസ്സിൽ പ്രണയമുള്ള പെൺകുട്ടികൾ നിർമിച്ചത് എന്നു പറഞ്ഞാണ് പരസ്യം ചെയ്തത്. കോളജ് വിദ്യാർഥിനികളായിരുന്നു പാർട് ടൈം ജോലിയായി അവ നിർമിച്ചിരുന്നത്. അവയ്ക്ക് മധുരം കൂടുതലായിരുന്നു. 

അരിയുണ്ട ബിസിനസ് ലാഭമായതോടെ അച്ചപ്പം, കുഴലപ്പം എന്നിവയുടെ ബിസിനസിലേക്കും സണ്ണിക്കുട്ടൻ തിരിഞ്ഞു. 

ഒരേയച്ചിൽ വാർത്തെടുത്ത മധുരക്കുട്ടികളായിരുന്നു സണ്ണിക്കുട്ടന്റെ ഫാക്ടറിയിലെ അച്ചപ്പങ്ങൾ. എല്ലാ അച്ചപ്പങ്ങളും ഒരേ രൂപം, ഒരേ തൂക്കം, ഒരേ ഭാവം, ഒരേ വികാരം ! അവ ഉപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ കയറാമെന്ന ആശയം ആയിടെയാണ് സണ്ണിക്കുട്ടന് തോന്നിയത്.

ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുക. സോപ്പിൻ കുമിള വീർപ്പിച്ച് ആകാശ യാത്ര നടത്തുക, 90 വയസ്സുള്ള മുത്തശ്ശിയുടെ ചുളിവു വീണ കവിളിൽ ഭൂപടം വരച്ചിട്ട് എല്ലാ രാജ്യങ്ങളും അടയാളപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ മിടുക്കന്മാർ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ടെങ്കിലും അച്ചപ്പം കൊണ്ട് ആരും റെക്കോർഡ് ഇട്ടിട്ടില്ല. 

പതിനായിരം അച്ചപ്പങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ച് വീഴാതെ ഒരു മണിക്കൂർ ബാലൻസ് ചെയ്തു നിർത്തുക. അതിലൂടെ ഗിന്നസ് ബുക്കിൽ കയറുക. അതിനുള്ള പരിശീലനത്തിലാണ് സണ്ണിക്കുട്ടൻ ഇപ്പോൾ. 

കഴിഞ്ഞ ഞായറാഴ്ച 999 എണ്ണം ഒന്നിനു മുകളിൽ ഒന്നായി ബാലൻസ് ചെയ്ത് നിർത്തി ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയ സണ്ണിക്കുട്ടൻ ആശ്വാസത്തോടെ വിയർപ്പൊതുക്കാൻ നോക്കുമ്പോഴായിരുന്നു ആ ദുരന്തം !

പെട്ടെന്ന് ആ മുറിയിലേക്കു കയറി വന്ന ഭാര്യ മെറീന ഭർത്താവ് വിയർക്കുന്നതു കണ്ട് സഹതാപം തോന്നി ഫാനിന്റെ സ്പീഡ് കട്ടയ്ക്കു കൂട്ടി. കൊടുംകാറ്റിൽ അച്ചപ്പഗോപുരം തകർന്നു വീണു. 

തറയിൽ വീണ 999 അച്ചപ്പങ്ങളും ഒരുപോലെ തകർന്നു ചെറിയ കഷണങ്ങളായി ആ മുറിയിൽ നിറയെ ചിതറിപ്പോയി..

ആദ്യം ചീത്ത പറയാൻ തോന്നിയെങ്കിലും പെട്ടെന്ന് ഭാര്യയെ കെട്ടിപ്പിടിച്ച് സണ്ണിക്കുട്ടൻ വിളിച്ചു പറഞ്ഞു..  നോക്കൂ, മെറീ.. എത്ര സോഫ്റ്റാണ് നമ്മുടെ അച്ചപ്പങ്ങൾ ! 

പിന്നെ അതായി പരസ്യ വാചകം.. ചുണ്ടുകളോടു പിണങ്ങില്ല, ചുംബനം പോലെ ! തൊട്ടാൽ തകരും, ഹൃദയങ്ങൾ പോലെ !

അങ്ങനെയിരിക്കെയാണ് സിനിമയിൽ അഭിനയിക്കാൻ സണ്ണിക്കുട്ടന് കൊതി തോന്നിയതും നീതിമാന്റെ ഉണ്ട എന്ന ഷോർട് ഫിലിം നിർമിച്ചതും മമ്മൂട്ടി അതേ പേരുള്ള സിനിമയുമായി രംഗത്തു വന്നതും.

തലയിൽ മുടിയും കൈയിൽ കാശും കാണാൻ കൊള്ളാവുന്ന മുഖവുമുള്ള, കുടവയറില്ലാത്ത എല്ലാ മധ്യവയസ്കരുടെയുമെന്ന പോലെ സണ്ണിക്കുട്ടന്റെയും ആശയും നിരാശയുമാണ് മമ്മൂട്ടി !

നല്ല ഹെയർസ്റ്റൈൽ, ട്രെൻഡി വേഷങ്ങൾ, മുതിർന്ന മകനുമായി യൗവനത്തിന്റെ കാര്യത്തിൽ‌ കോംപെറ്റീഷൻ, നല്ല കുടുംബനാഥൻ, ഭാര്യയെ കെയർ ചെയ്യുന്നയാൾ എന്ന മട്ടിൽ സ്ത്രീകളുടെ ആരാധന, എല്ലാക്കാര്യത്തിലും ഒരു എഡ്ജ്.. ഇങ്ങനെ ഒരുപാടു കാര്യങ്ങളിൽ നാൽപതു കഴിഞ്ഞവർക്കെല്ലാം കുശുമ്പുണ്ട് മമ്മൂട്ടിയോട്. 

മമ്മൂട്ടിയുടെ സിനിമകൾ ഇഷ്ടവുമാണ്. മമ്മൂട്ടിയോടു നല്ല കുശുമ്പുമുണ്ട് !

മമ്മൂട്ടിയെ തോൽപ്പിക്കാൻ ഇനിയെന്തു ചെയ്യണമെന്ന ആഗ്രഹം മൂത്തപ്പോഴാണ് സണ്ണിക്കുട്ടനെ ഒരു കാർ ഡീലർ സമീപിച്ചത്. മമ്മൂട്ടി ഉപയോഗിക്കുന്നത് ഇതേ കാറാണെന്നു കേട്ടതോടെ സണ്ണിക്കുട്ടനും ബുക്ക് ചെയ്തു.. ഈ ന്യൂ ഇയറിന് ഒരു പുത്തൻ ജഗ്വാർ !  അതുകൊണ്ട് കഴിയുമെങ്കിൽ മമ്മൂട്ടിയെ ഒന്ന് ഓവർ ടേക് ചെയ്യണം. 

ഈ ക്രിസ്മസിന്  മറ്റൊരു പരിപാടി കൂടി ആലോചിക്കുന്നുണ്ട്. 

ഒരു ബിയർ ഗ്ളാസിൽ വക്കോളം ബ്ളൂ ലേബൽ വിസ്കി നിറച്ച് ജഗ്വാറിന്റെ ബോണറ്റിൽ വച്ച് ക്രിസ്മസ് രാത്രിയിൽ മൂന്നാർ കോതമംഗലം റൂട്ടിൽ 300 കിലോമീറ്റർ ഡ്രൈവ് !

ഡ്രൈവ് കഴിഞ്ഞു കാർ നിർത്തുമ്പോഴും ഒരു തുള്ളി പോലും തുളുമ്പാത്ത ഗ്ളാസിലെ മഞ്ഞുവീണ വിസ്കി നുകരുക. ഇതാണ് പരിപാടി.

ഇക്കാര്യത്തിൽ മമ്മൂട്ടിക്ക് സണ്ണിക്കുട്ടനെ തോൽപ്പിക്കാൻ കഴിയില്ല. 

കാരണം ആക്ടിങ് മമ്മൂട്ടിക്ക് ഇഷ്ടമാണെങ്കിലും ഡ്രൈവിങ്ങിൽ ആക്ടിങ്ങ് പുള്ളിക്കാരന് ഇഷ്ടമല്ല.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam